Asianet News MalayalamAsianet News Malayalam

ഡോ. ഖമറുദ്ദീന്‍ പരിസ്ഥിതി പുരസ്‌കാരം ഗീത വാഴച്ചാലിന്

കേരളത്തിന്റെ വനപരിസ്ഥിതി സംരക്ഷണമേഖലയില്‍ തനതായ വ്യക്തിമുദ്ര പതിച്ച വ്യക്തിയാണ് ഗീതയെന്ന് ജൂറി അംഗം പ്രശസ്ത എഴുത്തുകാരി ഒ.വി. ഉഷ അഭിപ്രായപ്പെട്ടു.
 

Dr. Khamaruddin award get to Geetha Vazhachal
Author
Thiruvananthapuram, First Published Nov 7, 2021, 4:50 PM IST

തിരുവനന്തപുരം: ഡോ. ഖമറുദ്ദീന്‍ ഫൗണ്ടേഷന്‍ ഫോര്‍ ബയോഡൈവേഴ്‌സിറ്റി കണ്‍സര്‍വേഷെന്റ ഈ വര്‍ഷത്തെ ഡോ. ഖമറുദ്ദീന്‍ പരിസ്ഥിതി പുരസ്‌കാരത്തിന് വാഴച്ചാല്‍-അതിരപ്പിള്ളി വനസംരക്ഷണ സമര നായിക വി കെ ഗീതയെ തെരഞ്ഞെടുത്തു. പ്രഥമ പുരസ്‌കാരം കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മണ്ണിനും മനുഷ്യനും വേണ്ടിയുള്ള സമര പോരാട്ടങ്ങളിലെ മുന്നണി പോരാളിയുമായ വിഎസ് അച്യുതാനന്ദനായിരുന്നു. 

വനമേഖലയുടെ സംരക്ഷണത്തിനും കാടിന്റെ യഥാര്‍ത്ഥ സംരക്ഷകരായ ആദിവാസി വിഭാഗത്തിന്റെ വനാവകാശം സ്ഥാപിച്ചുകിട്ടുന്നതിനും വേണ്ടി നിരന്തരം പോരാടിയ ആദിവാസി വനിതയാണ് വികെ ഗീത. ജീവിതസാഹചര്യങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നടത്തിയ പോരാട്ടങ്ങളെ ആദരവോടെയും, അംഗീകാരത്തോടെയുമാണ് ജൂറി വിലയിരുത്തുന്നതെന്ന് ജൂറി ചെയര്‍മാന്‍ ഡോ. ജോര്‍ജ് എഫ് ഡിക്രൂസ് പറഞ്ഞു. കേരളത്തിന്റെ വനപരിസ്ഥിതി സംരക്ഷണമേഖലയില്‍ തനതായ വ്യക്തിമുദ്ര പതിച്ച വ്യക്തിയാണ് ഗീതയെന്ന് ജൂറി അംഗം പ്രശസ്ത എഴുത്തുകാരി ഒ.വി. ഉഷ അഭിപ്രായപ്പെട്ടു.

വാഴച്ചാല്‍ വനസംരക്ഷണത്തിനായി ചിതറിക്കിടന്ന കാടര്‍ ഊരുകളെ ഒരുമിപ്പിക്കാന്‍ അവര്‍ നടത്തിയ ശ്രമം ശ്ലാഘനീയമാണ്. അതിരപ്പിള്ളിയുടെ പരിസ്ഥിതി സംരക്ഷണത്തിന് അവര്‍ നടത്തിയ നിയമപോരാട്ടവും പരിഗണന അര്‍ഹിക്കുന്നു. വൃക്ഷാലിംഗന കാമ്പയിന്‍, ആനക്കയം ജലവൈദ്യുത നിലയത്തിനെതിരെയുള്ള സമരം, ഗോത്രവര്‍ഗ സമൂഹത്തിലെ മദ്യപാനാസക്തിക്കെതിരെയുള്ള ഇടപെടല്‍ എന്നിവയും ഒരു മികച്ച വ്യക്തിത്വത്തിന് ഉടമയാണ് ഗീത എന്ന് വ്യക്തമാക്കുന്നതാണെന്നും ഒ.വി. ഉഷ കൂട്ടിച്ചേര്‍ത്തു. 

ഡോ. വയലാ മധുസൂദനന്‍, ഡോ. സുഹ്‌റ ബീവി എന്നിവര്‍ അടങ്ങിയ നാലംഗ ജൂറി ഗീതയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. 25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം നവംബര്‍ 12ന് രാവിലെ 10 മുതല്‍ കാര്യവട്ടം യൂണിവേഴ്‌സിറ്റി കാമ്പസിലെ ബോട്ടണി ബ്ലോക്കില്‍ നടക്കുന്ന ഡോ. ഖമറുദ്ദീന്‍ അനുസ്മരണ ചടങ്ങില്‍ ഗീതക്ക് സമ്മാനിക്കും.
 

Follow Us:
Download App:
  • android
  • ios