കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിലെ ചികിത്സ പിഴവ് വെളിപ്പെടുത്തിയ ഡോക്ടർക്കെതിരെ സൈബർ ആക്രമണം. സമൂഹ്യ മാധ്യമങ്ങൾ വഴി നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ ഡോ. നജ്മ സലീം പൊലീസ് കമ്മീഷണര്‍ക്കും സൈബർ സെല്ലിനും പരാതി നൽകി. കോടതിയെയും സമീപിക്കാനൊരുങ്ങുകയാണ് ഡോ. നജ്മ. ഇത്തരം ആക്രമണങ്ങൾ തന്നെ തളര്‍ത്തുന്നില്ലെന്നും സത്യം തുറന്ന് പറയുന്നവര്‍ക്ക് ഭാവിയിൽ ഇത്തരം ദുരനുഭങ്ങൾ ഉണ്ടാകാതിരിക്കാനുമാണ് പരാതി നൽകിയതെന്നും ഡോ. നജ്മ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഡോ. നജ്മയുടെ പ്രതികരണം.

കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജൂനിയർ റസിഡൻ്റ് ഡോക്ടറായിരുന്ന നജ്മ കൊവിഡ് രോഗി കൃത്യമായ പരിചരണം കിട്ടാത്തതിനെ തുടർന്നാണ് മരിച്ചതെന്ന നഴ്സിംഗ് ഓഫീസർ ജലജയുടെ ഓഡിയോ സന്ദേശം ശരിവച്ച് രംഗത്തു വന്നിരുന്നു. ഇതിനെത്തുടർന്നാണ് വിഷയം വലിയ രാഷ്ട്രീയ തർക്കമായി മാറിയത്.