അനിൽ ആന്റണിക്ക് പകരക്കാരൻ; ഡോ. സരിന് പുതിയ ചുമതല നൽകി കോൺഗ്രസ്
രാഹുൽ മാങ്കൂട്ടത്തിൽ, ബിആർഎം ഷെഫീർ, നിഷ സോമൻ, ടിആർ, രാജേഷ്.താരാ ടോജോ അലക്സ് വീണ നായർ എന്നിവരെ അംഗങ്ങളായി സജീവമായി പരിഗണിക്കുന്നുണ്ട്.

തിരുവനന്തപുരം: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി പുറത്തിറക്കിയ ഡോക്യുമെന്ററി വിവാദത്തിൽ നരേന്ദ്രമോദിക്ക് അനുകൂല പരാമർശം നടത്തിയതിനെ തുടർന്ന് രാജിവെച്ച അനില്‍ ആന്‍റണിക്ക് പകരക്കാരനായി ഡോ. പി സരിനെ കോൺഗ്രസ് നിയമിച്ചു. അനിൽ ആന്റണി ചുമതല വഹിച്ചിരുന്ന കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനർ സ്ഥാനമാണ് ഡോ. സരിന് നൽകുന്നത്. കമ്മിറ്റി പുന:സംഘടിപ്പിക്കാനും ധാരണയായിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ, ബിആർഎം ഷെഫീർ, നിഷ സോമൻ, ടിആർ, രാജേഷ്.താരാ ടോജോ അലക്സ് വീണ നായർ എന്നിവരെ അംഗങ്ങളായി സജീവമായി പരിഗണിക്കുന്നുണ്ട്. അടുത്ത ദിവസം ഔദ്യോഗിക പ്രഖ്യാപനം വരും
നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു സരിൻ. ഗുജറാത്ത് കലാപത്തെ സംബന്ധിച്ച് ബിബിസി രണ്ട് എപ്പിസോഡുകളിലായി പുറത്തിറക്കിയ ഡോക്യുമെന്ററി വലിയ വിവാദത്തിലായിരുന്നു. ഡോക്യുമെന്ററിക്ക് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയപ്പോൾ പ്രദർശിപ്പിക്കുമെന്ന് കോൺഗ്രസ് വെല്ലുവിളിച്ച സമയത്താണ് അനിൽ ആന്റണി ബിജെപിക്കും മോദിക്കും അനുകൂലമായ പരാമർശം നടത്തിയത്. തുടർന്ന് പാർട്ടിക്കുള്ളിൽ നിന്നുതന്നെ വലിയ പ്രതിഷേധം നേരിട്ടതോടെ സ്ഥാനം രാജിവെച്ചു.
കോൺഗ്രസ് നേതൃത്വത്തിന് ചുറ്റും സ്തുതിപാഠകരാണെന്ന് രാജിവെച്ച ശേഷം അനില്‍ ആന്‍റണി പ്രതികരിച്ചിരുന്നു. തന്നോട് പ്രതികരിച്ചവർ കാപട്യക്കാരായിരുന്നു. യോഗ്യതയെക്കാൾ സ്തുതിപാഠകർക്കാണ് സ്ഥാനമെന്നും അനില്‍ ആന്‍റണി പ്രതികരിച്ചു. പാര്‍ട്ടി വിടില്ലെന്നും വ്യക്തിപരമായ ചുമതലകളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. എഐസിസി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ അടക്കമുള്ള പദവി രാജിവച്ചതിന് പിന്നാലെയായിരുന്നു അനില്‍ ആന്‍റണിയുടെ പ്രതികരണം.
ബിബിസി ഡോക്യുമെന്‍ററിയെ രാഹുല്‍ ഗാന്ധിയടക്കം സ്വാഗതം ചെയ്യുകയും സംസ്ഥാനത്ത് ഡോക്യുമെന്‍ററി പ്രദര്‍ശനത്തിന് കെപിസിസിയും മുന്‍കൈയെടുക്കുകയും ചെയ്തപ്പോഴായിരുന്നു നേതൃത്വത്തെ ഞെട്ടിച്ച് അനില്‍ ആന്‍റണി ബിബിസിയെ തള്ളി പറഞ്ഞത്. ബിബിസിയുടെ നടപടി ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണന്നും മുന്‍വിധിയുടെ ചരിത്രമുള്ള ചാനലാണ് ബിബിസിയെന്നുമായിരുന്നു അനില്‍ ആന്‍റണിയുടെ ട്വീറ്റ്. പരാമര്‍ശം വിവാദമായതോടെ അനിലിനെതിരെ കടുത്ത വിമര്‍ശനമാണ് കോൺഗ്രസിൽ ഉയര്‍ന്നത്. അനില്‍ ആന്‍റണിയുടെ പരാമര്‍ശം പാർട്ടി നിലപാട് അല്ലെന്ന് നേതാക്കൾ തിരുത്തിയിട്ടും അനിൽ അഭിപ്രായത്തിൽ ഉറച്ച് നിന്നതില്‍ ശക്തമായ എതിർപ്പാണ് ഉയര്‍ന്നത്.