Asianet News MalayalamAsianet News Malayalam

ആയുർവേദ കുലപതിക്ക് വിട; ഡോ.പി.കെ.വാര്യർ അന്തരിച്ചു

കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയായിരുന്നു. കഴിഞ്ഞ മാസം അഞ്ചിനാണ് അദ്ദേഹത്തിന് നൂറ് വയസ് തികഞ്ഞത്. 

dr pk warrier passed away
Author
Kottakkal, First Published Jul 10, 2021, 1:09 PM IST

കോട്ടക്കൽ: ലോകപ്രശസ്ത ആയു‍ർവേദ ഭിഷ​ഗ്വരൻ ഡോ.പി.കെ.വാര്യ‍ർ അന്തരിച്ചു. രാജ്യത്തെ ഏറ്റവും പ്രശസ്തമായ ആയുർവേദ ചികിത്സാ സ്ഥാപനമായ കോട്ടക്കൽ ആര്യവൈദ്യശാലയുടെ മേധാവിയായിരുന്നു. ജൂൺ എട്ടിനാണ് അദ്ദേഹത്തിൻ്റെ നൂറാം പിറന്നാൾ കഴിഞ്ഞത്. ജന്മദിനം ആഘോഷിക്കുന്ന സമയത്ത് ഡോ.പി.കെ വാര്യർ കൊവിഡ് ബാധിതനായിരുന്നു. പിന്നീട് അദ്ദേഹം കൊവിഡ് മുക്തി നേടിയെങ്കിലും  മൂത്രത്തിലെ അണുബാധയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തെങ്കിലും ശനിയാഴ്ച ഉച്ചയ്ക്ക് 12.25-ഓടെ മരണം സംഭവിക്കുകയായിരുന്നു. 

പ്രധാനമന്ത്രിമാരും രാഷ്ട്രപതിമാരുമടക്കം വിവിഐപികൾ ഡോ.പി.കെ.വാര്യരുടെ സ്നേഹസ്പർശം തേടി കോട്ടക്കലിലേക്ക് എത്തിയിരുന്നു. മലപ്പുറം ജില്ലയിലെ കോട്ടക്കലിനെ ആ​ഗോളപ്രശസ്തമായ ആയു‍ർവേദ പോയിൻ്റാക്കി മാറ്റിയതിൽ അദ്ദേഹം നി‍ർണായക പങ്കുവച്ചിരുന്നു. ആര്യവൈദ്യശാലയുടെ സ്ഥാപകനായ ഡോ.പി.എസ്.വാര്യരുടെ അനന്തരവനായ പി.കെ.വാര്യ‍ർ അമ്മാവൻ തുടങ്ങിവച്ച സ്ഥാപനത്തെ അന്താരാഷ്ട്ര തലത്തിലേക്ക് വള‍ർത്തി എടുത്തു. 

ആയുർവേദത്തിന് ശാസ്ത്രീയ മുഖം നൽകിയ പ്രതിഭ എന്ന നിലയിലാണ് ചരിത്രം ഡോ.പി.കെ. വാര്യരെ അടയാളപ്പെടുത്തുന്നത്. സ്മൃതി പർവ്വം എന്ന പി.കെ. വാര്യരുടെ ആത്മകഥക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെമ്പാടും പിന്നീട് രാജ്യത്തിന് പുറത്തേക്കും കോട്ടക്കൽ ആര്യവൈദ്യശാലയുടെ പ്രവ‍ർത്തനം വ്യാപിപ്പിച്ചത് ഡോ.പി.കെവാര്യരാണ്. 1999-ൽ പത്മശ്രീയും 2009-ൽ പത്മഭൂഷണും നൽകി രാജ്യം ആ വൈദ്യരത്നത്തെ ആദരിച്ചു. ആയു‍ർവേദത്തിൻ്റെ മറുകര കണ്ട ആ ജ്ഞാനിയെ ഡിലിറ്റ് ബിരുദം നൽകി കോഴിക്കോട് സ‍ർവ്വകലാശാലയും അനുമോദിച്ചു. ആയു‍ർ വേദത്തെ ചികിത്സയ്ക്ക് ശാസ്ത്രീയ ചിട്ടയും ക്രമവും ഒരുക്കുന്നതിലും ആധുനിക മെഡിക്കൽ സയൻസിനെ അം​ഗീകരിച്ചു കൊണ്ട്  രണ്ട് ചികിത്സാ ധാരകൾക്കും ഒത്തു ചേർന്നു പ്രവർത്തിക്കാനുള്ള സാധ്യതകൾ പരിശോധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 

 

Follow Us:
Download App:
  • android
  • ios