Asianet News MalayalamAsianet News Malayalam

ഒന്നര കിലോ സ്വർണം, കുറിപ്പ് ഒപി ടിക്കറ്റിൽ, റുവൈസിൻ്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്; കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

റുവൈസിനെ കസ്റ്റഡിൽ വാങ്ങാൻ ഇന്ന് കോടതിയിൽ അപേക്ഷ നൽകുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങാനാണ് അപേക്ഷ സമർപ്പിക്കുക

Dr Ruwais remand report details out Doctor Shahana dowry death case Latest news asd
Author
First Published Dec 8, 2023, 1:13 AM IST

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജിലെ പി ജി വിദ്യാർത്ഥി ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ സുഹൃത്തായ ഡോക്ടർ റുവൈസിനെതിരായ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസ് നടത്തിയ സമ്മർദ്ദമാണ് ഷെഹ്നയുടെ മരണകാരണ മെന്നാണ് പൊലീസ് കണ്ടെത്തൽ. വിവാഹത്തിന് സ്ത്രീധനം ചോദിച്ച് റുവൈസ് തന്നെ വഞ്ചിച്ചെന്നാണ് ഷഹ്നയുടെ ആത്മഹത്യ കുറിപ്പ്. സ്ത്രീധനമെന്ന സാമൂഹ്യ വിപത്തിന്‍റെ വക്താവാണ് ഡോ. റുവൈസെന്നാണ് പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ട് പറയുന്നത്. ഒ പി ടിക്കറ്റിന്‍റെ പുറക് വശത്താണ് ഷഹ്ന റുവൈസിനെക്കുറിച്ച് എഴുതിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാണ്.

'എന്‍റെ ഭാഗവും ആരെങ്കിലും കേൾക്കണം, കേൾക്കും', റുവൈസിന്‍റെ ആദ്യ പ്രതികരണം; ശേഷം മുഖംപൊത്തി പൊലീസ് ജീപ്പിൽ കയറി

ഒന്നര കിലോ സ്വർണ്ണവും ഏക്കർകണക്കിന് ഭൂമിയും ആവശ്യപ്പെട്ടാൽ നൽകാൻ തനിക്കില്ലെന്നാണ് ഒ പി ടിക്കറ്റിന്‍റെ പുറകിൽ ഡോ. ഷഹ്ന എഴുതിയ ആത്മഹത്യ കുറിപ്പ്. അവരുടെ സ്ത്രീധനമോഹം മൂലം എന്റെ ജീവിതം അവസാനിപ്പിക്കുന്നുവെന്നും ഇത്ര പണം ആവശ്യപ്പെടുന്നത് അവന്‍റെ സഹോദരിക്ക് വേണ്ടിയാണോ എന്നും ഞാൻ വ‍ഞ്ചിക്കപ്പെട്ടു എന്നും ഷഹ്ന ഒ പി ടിക്കറ്റിൽ കുറിച്ചിരുന്നു. ഒ പി ടിക്കറ്റിന്‍റെ പുറകിൽ ഷഹ്ന എഴുതിയആത്മഹത്യകുറിപ്പിലെ ഈ വരികളുടെയും ബന്ധുക്കളുടെ മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും പശ്ചാതലത്തിലാണ് റുവൈസിനെ അറസ്റ്റ് ചെയ്തതെന്നും കത്തിൽ റുവൈസിന്‍റെ പേരുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.

ആത്മഹത്യപ്രേരണ കുറ്റത്തിനും സ്ത്രീധന നിരോധന വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച പുല‍ർച്ചയോടെ കൊല്ലത്തെ വീട്ടിൽ നിന്നാണ് റുവൈസിനെ പിടികൂടിയത്. റുവൈസിന്റെ ഫോണിലെ മെസെജുകൾ ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണ്. ഷഹ്നക്ക് അയച്ച മെസേജുകളാണ് മായ്ച്ചുകളഞ്ഞിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഈ സന്ദേശങ്ങൾ വീണ്ടെടുക്കാൻ ഫോൺ സൈബർ പരിശോധനയക്ക് അയച്ചിട്ടുണ്ട്. റുവൈസും ഷഹ്നയും തമ്മിലുള്ള ബന്ധം വിവാഹനിശ്ചയത്തിലേക്ക് വരെ എത്തിയിരുന്നു. പക്ഷെ ഭീമമായ സ്ത്രീധനം ചോദിച്ച് റുവൈസ് ഷഹ്നയെ സമ്മർദ്ദത്തിലാക്കി. കടുത്ത മാനസികസമർദ്ദത്തിലായ ഷഹ്ന അത് താങ്ങാനാകാതെ ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് കണ്ടെത്തൽ.

കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും

അതിനിടെ റുവൈസിനെ കസ്റ്റഡിൽ വാങ്ങാൻ ഇന്ന് കോടതിയിൽ അപേക്ഷ നൽകുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങാനാണ് അപേക്ഷ സമർപ്പിക്കുക. കേസിന്‍റെ കുറ്റപത്രം സമയബന്ധിതമായി നൽകാനാണ് പൊലിസിന്‍റെ തീരുമാനം. ഇതിനായി തെളിവെടുപ്പുകള്‍ക്കായാണ് റൂവൈസിനെ കസ്റ്റഡിയിൽ വാങ്ങുന്നത്.

അതേസമയം ഷെഹ്നയുടെ മരണത്തിന് പിന്നാലെ റുവൈസിനുള്ള പങ്കിനെ കുറിച്ചുള്ള വിവരങ്ങൾ ആദ്യം മെഡിക്കൽ കോളേജ് പൊലീസ് വ്യക്തമാക്കിയിരുന്നില്ല. ആത്മഹത്യ കുറിപ്പിൽ റുവൈസിന്റെ പേരില്ലെന്നായിരുന്നു ആദ്യഘട്ടത്തിൽ പൊലീസ് പറഞ്ഞിരുന്നത്. റുവൈസ് സ്ത്രീധനം ചോദിച്ചെന്ന ബന്ധുക്കളുടെ മൊഴിയും പൊലീസ് മറച്ചുവച്ചിരുന്നു. പിന്നീട് ഷഹ്നയുടെ ആത്മഹത്യ വലിയ ചർച്ചയായതിന് ശേഷം മാത്രമാണ് പൊലീസ് റുവൈസിനെതിരെ കേസെടുക്കാൻ തയ്യാറായത്. പി ജി ഡോക്ടർമാരുടെ സംഘടനയായ കെ എം പി ജി എയുടെ സംസ്ഥാന പ്രസിഡന്‍രായിരുന്നു റുവൈസ്. സാമൂഹിക വിഷയങ്ങളിൽ സ്ഥിരം അഭിപ്രായം പറയുന്ന യുവ ഡോക്ടറാണ്, മറ്റൊരു ഡോക്ടറടെ മരണത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത്. സ്ത്രീപീഡന കേസിൽ പ്രതിയായ റുവൈസിനെ കോടതിയിൽ ഹാജരാക്കിയാണ് റിമാൻഡ് ചെയ്തത്.

അതിനിടെ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ വിഭാഗം പി ജി ഡോക്ടറായ റുവൈസിനെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. കൂടുതൽ നടപടികൾ റുവൈസിനെതിരെ ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios