ഈ വിഷയത്തെ കുറിച്ച് കൂടുതലായി പ്രതികരിക്കുകയാണ് സൗമ്യ സരിന്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടാണ് സൗമ്യ സരിന്‍റെ പ്രതികരണം.
രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായതിന് പിന്നാലെ താൻ നേരിടുന്ന സൈബർ ആക്രമണത്തെ കുറിച്ച് ഡോ. സൗമ്യ സരിൻ ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. രാഹുലിനെതിരെ പരാതി നൽകിയ യുവതി സൗമ്യ സരിൻ ആണെന്ന തരത്തിൽ രാഹുൽ അനുകൂല ഫേസ്ബുക്ക് അക്കൗണ്ടുകളിൽ നിന്ന് ഉണ്ടായ പോസ്റ്റുകളുടെയും സരിന്റെ വാട്സാപ്പിലേക്ക് അയച്ച സഭ്യമല്ലാത്ത മെസ്സേജുകളുടെയും സ്ക്രീൻഷോട്ട് അടക്കം പങ്കുവെച്ചാണ് സൗമ്യ സരിന്‍റെ ഫേയ്സ്ബുക്ക് പോസ്റ്റ്. ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് കൂടുതലായി പ്രതികരിക്കുകയാണ് സൗമ്യ സരിന്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടാണ് സൗമ്യ സരിന്‍റെ പ്രതികരണം.
'ഈ സൈബർ ആക്രമണം അല്ലെങ്കിൽ സൈബർ ബുള്ളിയിങ് എന്ന് പറയുന്നത് എനിക്കൊരു പുതിയ കാര്യമല്ല. സരിൻ എന്നുമുതൽ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ടോ, അന്നുമുതൽ ഇത് പല അവസരങ്ങളിലും പല സന്ദർഭങ്ങളിലും ഞാൻ നേരിട്ടിട്ടുണ്ട്. അതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളോ അല്ലെങ്കിൽ ഞാൻ അതിന്‍റെ പുറകെ പോകാനോ ശ്രമിക്കാറില്ല. സൈബർ ആക്രമണം ഒരു പ്രത്യേക പാർട്ടിയിലുള്ള ആളുകള്‍ ചെയ്തു എന്നുള്ളതിനേക്കാൾ, എല്ലാ പാർട്ടികളിലും എല്ലാ വിഭാഗങ്ങളിലും ഇത്തരത്തിൽ യാതൊരു മര്യാദയുമില്ലാതെ, യാതൊരു വെളിവുമില്ലാതെ വായില്‍ തോന്നിയത് വിളിച്ചു പറയുന്ന ഒരു കൂട്ടമുണ്ട്. പക്ഷേ ഈ ഒരു പ്രത്യേക കേസിൽ എനിക്ക് പറയാനുള്ളത്, ഇവിടെ ഇപ്പോള്‍ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് ഒരു സീരിയൽ പ്രിഡേറ്റർ ആയിട്ടുള്ള, ഒരു സീരിയൽ ഒഫെൻഡർ ആയിട്ടുള്ള ഒരു മനുഷ്യനെ, ഒരു പെൺകുട്ടിയല്ല, രണ്ട് പെൺകുട്ടികളല്ല, ഇപ്പോള്‍ മൂന്നാമത്തെ പരാതിയാണ് അയാള്‍ക്കെതിരെ വരുന്നത്. എത്രയോ പെൺകുട്ടികൾ മുന്നോട്ട് വരാൻ മടിച്ച് വീടുകളിൽ ഇരിക്കുന്നുണ്ടാകും എന്നുള്ളത് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാവുന്ന കാര്യമാണ്. 'ഹി ഈസ് എ ക്രിമിനൽ', അപ്പോള്‍ അങ്ങനെയുള്ള ഒരാൾക്ക് വേണ്ടിയിട്ട് സംസാരിക്കാൻ, അങ്ങനെയുള്ള ആളുകൾക്കെതിരെ സംസാരിക്കുന്ന ആളുകളെ നിശബ്ദരാക്കാൻ വേണ്ടിയിട്ട് അതിനേക്കാൾ വിഷമുള്ള ആളുകൾ പുറത്തിരിക്കുന്നു എന്നുള്ളതാണ് എനിക്ക് ഇതിൽ പറയാനുള്ളത്. കാരണം ഇപ്പോൾ ഞാൻ സംസാരിക്കുന്നത് എനിക്ക് വേണ്ടിയിട്ടല്ല. ഇത് എന്നെ ഏതെങ്കിലും രീതിയിൽ ബാധിക്കും എന്നുള്ള ഭയമോ അല്ലെങ്കിൽ അങ്ങനെയുള്ള യാതൊരു ആശങ്കകളും എനിക്കില്ല. പക്ഷേ ഇതിനെതിരെ സംസാരിക്കേണ്ടതിന്റെ ആവശ്യകത എന്ന് പറഞ്ഞു കഴിഞ്ഞാൽ ഇത്തരത്തിൽ എല്ലാവരും നമ്മളെപ്പോലെ ഈ സൈബർ ബുള്ളിയിങ് അനുഭവം ഉള്ളവരായിരിക്കില്ല.
ആദ്യം പരാതി കൊടുത്ത പെൺകുട്ടിക്കെതിരെ നടന്ന സൈബർ ബുള്ളിയിങ്, ഇന്നും നടന്നുകൊണ്ടിരിക്കുന്ന സൈബർ ബുള്ളിയിങ് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ മുന്നിൽ വെച്ചിട്ട് പലതരത്തിലുള്ള ട്രോമയിലൂടെ പോയ ഇത്തരം പെൺകുട്ടികളെ വീണ്ടും സോഷ്യൽ മീഡിയയിൽ പിച്ചിചീന്തുന്ന അവസ്ഥയാണ് നമ്മൾ കാണുന്നത്. ഞാൻ ഇപ്പോൾ സംസാരിക്കുന്നത് ആ പെൺകുട്ടികൾക്ക് വേണ്ടിയിട്ടാണ്. ഈ രാഹുൽ മാങ്കൂട്ടം എന്ന് പറയുന്ന ഒരാൾ മാത്രമേ ഉള്ളിലായിട്ടുള്ളൂ, അഴിക്കുള്ളിലായിട്ടുള്ളൂ. അതിനേക്കാൾ വിഷവിത്തുകൾ, അതിനേക്കാൾ വിഷം വമിപ്പിക്കുന്ന ക്രിമിനൽ മെന്റാലിറ്റി ഉള്ള മനുഷ്യർ നമുക്ക് പുറത്തുണ്ട് എന്നുള്ളതാണ് നമ്മളെ ഭയപ്പെടുത്തുന്ന, ആശങ്കപ്പെടുത്തുന്ന വസ്തുത. അവരെ കാണണമെങ്കിൽ, രാഹുൽ മാങ്കുട്ടത്തിനെതിരെയുള്ള പോസ്റ്റുകൾ അല്ലെങ്കിൽ അയാളുടെ ഈ ചെയ്തികൾക്കെതിരെയുള്ള പോസ്റ്റുകൾ ഇട്ട ആളുകളുടെ കമന്‍റ് ബോക്സിൽ പോയി നോക്കിയാൽ മതി. ഞാനിപ്പോള്‍ ഇട്ട പോസ്റ്റ് രാഹുൽ മാങ്കുട്ടത്തെ പറ്റിയല്ല. എന്‍റെ പോസ്റ്റിന് താഴെ വന്നിരിക്കുന്ന കമന്റുകൾ വായിച്ചു നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാകും എത്രത്തോളം മലീമസമായിട്ടുള്ള, എത്രത്തോളം വികൃതമായിട്ടുള്ള മനോനില ഉള്ള ആളുകളാണ് പുറത്ത് നിൽക്കുന്നത് എന്നുള്ളത്. അപ്പോള്‍ ആ ഒരു കൂട്ടത്തെ പറ്റി എനിക്ക് ശരിക്കും ആശങ്കയുണ്ട്.
ഇവര്‍ക്കൊക്കെ ഒരൊറ്റ ഉദ്ദേശമേയുള്ളൂ, അടിച്ചമർത്തുക. അതായത് അധിക്ഷേപിച്ച് ഒരു മനുഷ്യനെ തളർത്തി ഇല്ലാതാക്കുക. ഇനി ഒരാളും പുറത്തേക്ക് വരരുത്. ഒരു പരാതി വന്നപ്പോള്‍ അവര് ആ പെൺകുട്ടിയെ അത്രത്തോളം ആക്രമിച്ചത് രണ്ടാമതൊരു പരാതി വരരുത് എന്നുള്ള ഉദ്ദേശത്തോടുകൂടിയാണ്. ഇപ്പോള്‍ രണ്ടും മൂന്നും വന്നപ്പോള്‍ ഇനി നാലാമതൊന്നും വരരുത് എന്നുള്ള ഉദ്ദേശത്തോടുകൂടിയാണ് അവർ ഇത്തരത്തിലുള്ള ആക്രമണങ്ങൾ, അതിന്റെ മുന അല്ലെങ്കിൽ അതിന്റെ മൂർച്ച കൂട്ടുന്നത്. അപ്പോള്‍ ഇതിനെതിരെ സംസാരിക്കുന്ന എല്ലാവരുടെയും ജീവിതപങ്കാളിയായിട്ടുള്ള, ഇപ്പോള്‍ ഞാൻ എന്നെ അവർ ടാർഗറ്റ് ചെയ്തിരിക്കുന്നത് സരിൻ ഇതിനെതിരെ സംസാരിക്കുന്നു എന്നുള്ളതുകൊണ്ടാണ്.
സോഷ്യൽ മീഡിയയിലൊന്നും അത്രത്തോളം ഇടപെഴകാത്ത സ്ത്രീകൾക്ക് ഇത് കാണുമ്പോൾ അവര്‍ പകച്ചുപോവില്ലേ, പേടിച്ചുപോവില്ലേ? അപ്പോള്‍ ആരാണ് മുന്നോട്ട് വരിക? എത്ര സ്ത്രീകളായിരിക്കും അവരുടെ വീട്ടിൽ ഇതേ അവസ്ഥയിലൂടെ കടന്നുപോയി, നിശബ്ദരായി പേടിച്ച് മിണ്ടാതിരിക്കുന്നത്, ഇത് തന്നെയാണ് ഇവർക്ക് വേണ്ടതും. എനിക്ക് ഇത്തരം സൈബര്‍ ആക്രമണം നടത്തുന്ന ആളുകളുടെ അടുത്ത് പറയാനുള്ളത്, നിങ്ങളാണ് ഭീരുക്കൾ. ഈ പറയുന്ന അതിജീവിത എന്ന് പറയുന്ന വാക്കിനോട് നിങ്ങൾക്ക് മാത്രമാണ് പുച്ഛം. കേരള സമൂഹത്തിന് അവരോട് പുച്ഛമില്ല, അവർ അവരുടെ കൂടെയാണ്. അവരുടെ അവസ്ഥ അവർ പോയിരിക്കുന്ന ട്രോമ ഇവിടെ മനസ്സാക്ഷിയുള്ള ആളുകൾ മനസ്സിലാക്കുന്നുണ്ട്. ഇയാൾ എത്രത്തോളം വലിയ ഒരു ക്രിമിനൽ ആണ് എന്നുള്ളത് ഇവിടെ സാമാന്യം ബുദ്ധിയുള്ള മനുഷ്യർ മനസ്സിലാക്കുന്നുണ്ട്. അപ്പോള്‍ നിങ്ങൾ ഇത് യഥേഷ്ടം തുടരുക.
എനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ നിയമത്തിന്റെ വഴിയിലൂടെ ഞങ്ങൾ പോകുന്നുണ്ട്. ഇപ്പോള്‍ പല മെസ്സേജുകളും നമുക്ക് വാട്സപ്പില്‍ കിട്ടുന്നത് അന്യ രാജ്യങ്ങളിൽ നിന്നുള്ള നമ്പറുകളില്‍ നിന്നാണ്. അതായത് അവിടെ ജോലി ചെയ്യുന്ന മലയാളികളായിരിക്കും. അപ്പോള്‍ അവിടുത്തെ സൈബർ നിയമങ്ങൾ നമ്മൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. നിയമത്തിന്‍റെ വഴിയിലൂടെ തന്നെ മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. സരിൻ പൊതുജനമധ്യത്തിൽ രാഷ്ട്രീയത്തിൽ നിൽക്കുന്ന ഒരാളാണ്. അപ്പോള്‍ സരിനെതിരെയുള്ള ആക്രമണവും ഇത്തരത്തിലുള്ള കാര്യങ്ങളുമൊക്കെ നമ്മൾ പ്രതീക്ഷിക്കുന്നത് തന്നെയാണ്. അതിപ്പോള്‍ പല രീതിയിൽ ചെയ്യുന്നവരുണ്ടായിരിക്കും. മാന്യമായിട്ട് വിമർശിക്കുന്നവരുണ്ട്. കൃത്യമായിട്ടുള്ള അവരുടെ എതിരഭിപ്രായങ്ങൾ രാഷ്ട്രീയപരമായിട്ട് മാന്യമായിട്ട് പറയുന്നവരുണ്ട്. എന്നാൽ ഈ മാന്യതയൊന്നുമില്ലാതെ, വളരെ മോശം ഭാഷയിലും അശ്ലീല പദങ്ങൾ ഉപയോഗിച്ചിട്ടും അറ്റാക്ക് ചെയ്യുന്നവരുണ്ട്. ഇതിന്റെ കൂടെ ഞാൻ വേട്ടയാടപ്പെടുന്നതിന്റെ കാര്യം എന്ന് പറഞ്ഞുകഴിഞ്ഞാൽ ഇവർക്ക് സ്ത്രീകളെ പറ്റിയിട്ടുള്ള അബദ്ധജഡിലമായിട്ടുള്ള ചിന്ത തന്നെയാണ്. അതായത് ഒരു മനുഷ്യനെ താറടിച്ചു കാണിക്കണമെങ്കിൽ അല്ലെങ്കിൽ അയാളെ മോശമാക്കണമെങ്കിൽ അയാളുടെ കൂടെയുള്ള സ്ത്രീകളെ പറയുന്നതാണ് അതിനുള്ള വഴി എന്ന് ചിന്തിക്കുന്ന അത്രയും മലീമസമായിട്ടുള്ള ചിന്തയുള്ളവരാണ് ഈ ഒരു കൂട്ടം ആളുകൾ.
ഞാന്‍ എന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം രാഷ്ട്രീയം പറയാനല്ല ഉപയോഗിക്കുന്നത്. അത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. എന്നിട്ടുപോലും സകല ന്യൂസുകളുടെ താഴെയും സകല രാഷ്ട്രീയ പരമായിട്ടുള്ള പോസ്റ്റുകളുടെ താഴെയും എന്നെ കൊണ്ടുപോയി വളരെ മോശമായിട്ടുള്ള അശ്ലീല പദങ്ങൾ ഉപയോഗിച്ച് ടാഗ് ചെയ്യുന്നവർക്ക് ഒറ്റ ചിന്താഗതിയേ ഉള്ളൂ. അവര് സ്ത്രീകളെ കാണുന്നത് അങ്ങനെയാണ്. അതായത് സ്ത്രീയെ അപമാനിച്ചു കഴിഞ്ഞാൽ എന്തോ വലിയൊരു കാര്യം ചെയ്തു എന്നുള്ളതാണ് ചിന്ത. കാരണം ഇവർക്ക് ഇവർക്ക് സ്ത്രീകളോട് മര്യാദയ്ക്ക് പെരുമാറാനോ അല്ലെങ്കിൽ അവരോട് ബഹുമാനം കാണിക്കാനോ അറിയില്ല. ഇവരൊക്കെ വളർന്നു വന്ന ചുറ്റുപാട് അങ്ങനെ ആയതുകൊണ്ടായിരിക്കാം. നമ്മുടെ ജീവിത സാഹചര്യങ്ങളാണ് നമുക്ക് സംസ്കാരം എന്ന് പറയുന്ന മൂന്ന് അക്ഷരം നല്‍കുന്നത്. സംസ്കാരം എന്ന് പറയുന്ന ആ ഒരു വാക്ക് ഇവരുടെ നിഘണ്ടുവിൽ ഇല്ല. സ്ത്രീകളെ അപമാനിക്കുമ്പോള്‍ അവര്‍ ഒളിച്ചോടുമെന്നോ അല്ലെങ്കിൽ അവരെ ജാള്യത കൊണ്ട് ചൂളി പോവുമെന്നോ അങ്ങനെയൊക്കെയാണ് ഇവരുടെ ചിന്ത. ഇവര്‍ തന്റേടമുള്ള സ്ത്രീകളെ കാണാത്തതുകൊണ്ടാണ്. എനിക്ക് ഇവരോട് സഹതാപം മാത്രമേയുള്ളൂ.
ഇത്തരം സൈബർ ആക്രമണങ്ങൾ തികച്ചും ആസൂത്രിതമാണ്. ചിലരെ സംബന്ധിച്ച് ഇവരെ പൊക്കിപ്പിടിച്ച് നടക്കാനും ഇവർ ചെയ്യുന്ന എന്ത് തോന്നിവാസങ്ങൾക്കും ജയ് വിളിക്കാനും ഇത്തരത്തിൽ ഇവര്‍ക്കെതിരെ പറയുന്ന ആളുകളെ സൈബർ ബുള്ളിയിങ് ചെയ്ത് അധിക്ഷേപിച്ച് ഇല്ലാതെയാക്കാനും എന്തിനും പോന്ന ഇത്തരത്തിലുള്ള തെമ്മാടി കൂട്ടങ്ങൾ അവർ സോഷ്യൽ മീഡിയയിൽ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അപ്പോള്‍ അതുകൊണ്ട് ഇത് തികച്ചും ആസൂത്രിതമാണ്. നമ്മുടെ സൈബർ നിയമങ്ങളുടെ കാര്യം പറഞ്ഞാല്‍, എനിക്ക് സങ്കടമുണ്ട്. ഇന്നത്തെ ഒരു സാഹചര്യത്തിൽ കുറച്ചുകൂടി ഒക്കെ സൈബർ നിയമങ്ങൾ ശക്തമാവേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്'- സൗമ്യ സരിന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
