Asianet News MalayalamAsianet News Malayalam

കൊവിഡ്: നിലവിലെ അവസ്ഥയുടെ ഒരു കാരണം കുത്തിത്തിരിപ്പ്, പ്രതിപക്ഷം വിചാരണ ചെയ്യപ്പെടണമെന്ന് തോമസ് ഐസക്ക്

കൊവിഡ് പ്രതിരോധത്തിൽ കേരളം കൈവരിച്ച അനന്യസാധാരണമായ മുന്നേറ്റത്തിൽ ട്രോജൻ കുതിര കളിക്കുകയായിരുന്നു പ്രതിപക്ഷം എന്ന് തോമസ് ഐസക്കിന്‍റെ വിമര്‍ശനം

Dr T M Thomas Isaac against Kerala opposition on Covid Pandemic
Author
thiruvananthapuram, First Published Jul 23, 2020, 6:21 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിന് കാരണം പ്രതിപക്ഷത്തിന്‍റെ കുത്തിത്തിരിപ്പാണെന്ന വിമര്‍ശനവുമായി ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. 'രോഗം പടരുമ്പോൾ ഒരുവിഭാഗം ജനങ്ങളിലെങ്കിലും പടരുന്ന ഉദാസീനതയ്ക്ക് ഉത്തരവാദികൾ പ്രതിപക്ഷ നേതൃത്വമാണ്. അവരുടെ വാക്കും പ്രവൃത്തിയും ഒരു ചെറിയ വിഭാഗം ജനങ്ങളെയെങ്കിലും വഴി തെറ്റിച്ചിട്ടുണ്ട്. എന്നാൽ അതിന്റെ ഫലം കേരളമൊന്നാകെ അനുഭവിക്കേണ്ടി വരുന്നു. ഇതിന് അവർ വിചാരണ ചെയ്യപ്പെടണം' എന്നും പ്രതിപക്ഷത്തിന്‍റെ വിവാദ പരാമര്‍ശങ്ങള്‍ ഓര്‍മ്മിപ്പിച്ച് ഐസക്ക് ഫേസ്‌ബുക്കില്‍ കുറിച്ചു.

തോമസ് ഐസക്കിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

'കേരളം വീണ്ടും ഒരു സമ്പൂർണ ലോക്ക് ഡൗണിന്റെ വക്കിലേയ്ക്ക് നീങ്ങുകയാണ്. 110 ദിവസമെടുത്തു നമ്മൾ 1000 രോഗികളിലേയ്ക്ക് എത്താൻ. ഇന്നിപ്പോൾ ദിവസവും 1000 പേർ രോഗികളാവുകയാണ്. രോഗവ്യാപനത്തിന്റെ ഗതിവേഗം ഇങ്ങനെ ഉയരുകയാണെങ്കിൽ സമ്പൂർണ ലോക്ക് ഡൗണ്‍ അല്ലാതെ മാർഗ്ഗമില്ല. പക്ഷെ, അത് സാധാരണക്കാരുടെ ജീവിതം അതീവ ദുഷ്കരമാക്കും. അതുകൊണ്ട് ഇത്തരമൊരു സ്ഥിതിവിശേഷം കഴിയുമെങ്കിൽ ഒഴിവാക്കി പ്രാദേശിക ലോക്ക് ഡൗണുകളിൽ നിയന്ത്രണങ്ങൾ ഒതുക്കി നിർത്താനാകുമോ എന്നാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

നൂറിലേറെ ദിവസം വിജയകരമായി പ്രതിരോധിച്ചശേഷം നമ്മൾ ഇപ്പോൾ കൊറോണയ്ക്ക് മുന്നിൽ പിൻവാങ്ങുന്ന സ്ഥിതിവിശേഷം എങ്ങനെ സംജാതമായി? അഞ്ചുലക്ഷത്തിലേറെ പ്രവാസികൾ കേരളത്തിലേയ്ക്ക് മടങ്ങുമ്പോൾ രോഗികളുടെ എണ്ണം കൂടുമെന്നു നിശ്ചയമായിരുന്നു. എന്നാൽ നമ്മുടെ ഒരു മികവുണ്ടായിരുന്നു. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം ഏറ്റവും കുറവ് കേരളത്തിലായിരുന്നു. രണ്ടാഴ്ച മുമ്പുവരെ രോഗികളുടെ എണ്ണത്തിന്റെ 90 ശതമാനംപേരും പുറത്തുനിന്നും വന്നവരായിരുന്നുവല്ലോ. ഇതു സാധിച്ചത് ജനങ്ങളുടെ ജാഗ്രത കൊണ്ടാണ്. സർക്കാർ നൽകിയ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ എല്ലാവരും സഹകരിച്ചതുകൊണ്ടാണ്. മാസ്ക് ധരിക്കുക, കൈ കഴുകുക, അകലം പാലിക്കുക, കഴിവതും വീട്ടിൽ ഇരിക്കുക തുടങ്ങിയ ലളിതമായ കാര്യങ്ങൾ. അതോടൊപ്പം രോഗികളുടെ മുഴുവൻ സമ്പർക്ക ലിസ്റ്റുണ്ടാക്കി അവരെ ക്വാറന്റീൻ ചെയ്യിക്കുന്നതിന് നമ്മൾ കാണിച്ച ജാഗ്രതയും. ഇവ എങ്ങനെ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ തകർക്കപ്പെട്ടൂവെന്നുള്ളത് ഗൗരവമായി പരിശോധിക്കേണ്ട കാര്യമാണ്.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം സുരക്ഷാ മുൻകരുതലുകളെ സംബന്ധിച്ച് ജനങ്ങളുടെ അവബോധം തകർക്കുന്നതിൽ പ്രതിപക്ഷത്തിന്റെ സംഭാവനയാണ്. വിവരക്കേടുകളും അസംബന്ധങ്ങളും വിളിച്ചു പറഞ്ഞ് പ്രതിപക്ഷ നേതാക്കൾ നടത്തിയ കുത്തിത്തിരിപ്പ് ഒരു വിഭാഗം ജനങ്ങളിൽ അലസസമീപനം സൃഷ്ടിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിൽ കേരളം കൈവരിച്ച അനന്യസാധാരണമായ മുന്നേറ്റത്തിൽ ട്രോജൻ കുതിര കളിക്കുകയായിരുന്നു പ്രതിപക്ഷം.

ലോകാരോഗ്യസംഘടന, വിദഗ്ധരായ ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ എന്നു തുടങ്ങി ആരോഗ്യമേഖലയിലുള്ള മുഴുവൻ വൈദഗ്ധ്യവും ഒന്നിച്ചുപയോഗിച്ചാണ് രോഗപ്രതിരോധത്തിനുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ രൂപപ്പെടുത്തുന്നത്. മുഖ്യമന്ത്രിയുടെ ദൈനംദിന പത്രസമ്മേളനം കൊവിഡ് പ്രതിരോധത്തിനുള്ള ഏറ്റവും ഫലപ്രദമായ ബോധവൽകരണപ്രവർത്തനമാണ്. വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചു നടത്തുന്ന അവലോകനയോഗങ്ങളിൽ ഉരുത്തിരിയുന്ന നിർദ്ദേശങ്ങളും തീരുമാനങ്ങളുമാണ് ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുന്നത്. അതനുസരിച്ച് ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുമ്പോൾ നമ്മുടേത് ഫലപ്രദമായ പ്രതിരോധ സംവിധാനമാകും.

അത് വിജയകരമായി മുന്നേറിയ ഓരോ ഘട്ടത്തിലും പ്രതിപക്ഷത്തിന്റെ ദ്രോഹകരമായ ഇടപെടലുകളുണ്ടായി. ഇക്കാര്യത്തിലൊക്കെ തങ്ങളാണ് വിദഗ്ധർ എന്ന് സ്ഥാപിക്കാൻ അവർ നടത്തിയ ബോധപൂർവമുള്ള എല്ലാ നീക്കങ്ങളും ഒരു വിഭാഗം ജനങ്ങളിലെങ്കിലും തെറ്റിദ്ധാരണ പരത്തിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേയ്ക്ക് ആളുകൾ വന്നപ്പോൾ പാസ് സംബന്ധിച്ച് പ്രതിപക്ഷമുയർത്തിയ കോലാഹലം ഓർമ്മിക്കുക. പാസില്ലാതെ അതിർത്തി കടത്തിവിടാൻ സമരം ചെയ്യാനും ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാനും നടത്തിയ ശ്രമങ്ങൾ നാം കണ്ടതാണ്.

മുപ്പതു ഡിഗ്രി ചൂടിനെ കൊറോണ അതിജീവിക്കില്ല, മിറ്റിഗേഷൻ മെത്തേഡ് മതി എന്നു തുടങ്ങി പ്രതിരോധമാർഗനിർദ്ദേശങ്ങൾ മനപ്പൂർവം ലംഘിക്കുമെന്നും മാസ്ക് വലിച്ചെറിഞ്ഞും സാമൂഹ്യഅകലം എന്ന നിബന്ധന തെറ്റിച്ചുമൊക്കെ സമരവും പ്രക്ഷോഭവും സംഘടിപ്പിക്കുമെന്നുമൊക്കെ മാധ്യമങ്ങൾക്ക് മുമ്പിൽ വീമ്പു പറഞ്ഞപ്പോൾ, ഒരു ചെറിയ വിഭാഗം ജനങ്ങളെങ്കിലും രോഗപ്രതിരോധത്തോട് അലസസമീപനം സ്വീകരിച്ചിട്ടുണ്ട്. പൂന്തുറയിൽ സൃഷ്ടിച്ച കോലാഹലം ഓർമ്മിക്കുക.

ജനങ്ങളിൽ മെച്ചപ്പെട്ട അവബോധം വളർത്തി അവരുടെ പങ്കാളിത്തത്തോടെയാണ് നാം പ്രതിരോധ സംവിധാനം ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോയത്. നിയമംമൂലമോ ബലപ്രയോഗത്തിലൂടെയോ ചെയ്യേണ്ട കാര്യങ്ങളല്ല അത്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസും പിഴയും ചുമത്താം. എന്നാൽ അതിന്റെയൊക്കെ എത്രയോ മടങ്ങാണ് നിർദ്ദേശങ്ങൾ സ്വമേധയാ പിന്തുടരുന്നവരുടെ എണ്ണം. ആ സാമൂഹ്യജാഗ്രതയിലാണ് പ്രതിപക്ഷം വിള്ളലുണ്ടാക്കിയത്.

സമ്പർക്കത്തിലൂടെ രോഗം പടരുമ്പോഴും മരണസംഖ്യ ഉയരുമ്പോഴും രാഷ്ട്രീയ അതിജീവനത്തിന്റെ മുളപൊട്ടുന്നത് മനക്കണ്ണിൽ കാണുന്ന ക്രൂരമായ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവർ അപൂർവ്വ അനുഭവമാണ്. കൊവിഡിനെ കേരളം ഫലപ്രദമായി പ്രതിരോധിക്കുന്നുവെന്ന ഓരോ വാർത്തയും എത്രമാത്രം അവരെ അലോസരപ്പെടുത്തിയെന്ന് ഓർത്തു നോക്കൂ. വർഷങ്ങൾ കൊണ്ട് കെട്ടിപ്പെടുത്ത നമ്മുടെ പൊതുആരോഗ്യസംവിധാനത്തിന്റെ മികവിൽ നാം ലോകത്തിനാകെ അഭിമാനവും മാതൃകയുമായതും അവരെ രോഷാകുലരാക്കിയത്. രോഗം പടരുമ്പോൾ ഒരുവിഭാഗം ജനങ്ങളിലെങ്കിലും പടരുന്ന ഉദാസീനതയ്ക്ക് ഉത്തരവാദികൾ പ്രതിപക്ഷ നേതൃത്വമാണ്. അവരുടെ വാക്കും പ്രവൃത്തിയും ഒരു ചെറിയ വിഭാഗം ജനങ്ങളെയെങ്കിലും വഴി തെറ്റിച്ചിട്ടുണ്ട്. എന്നാൽ അതിന്റെ ഫലം കേരളമൊന്നാകെ അനുഭവിക്കേണ്ടി വരുന്നു. ഇതിന് അവർ വിചാരണ ചെയ്യപ്പെടണം'.
 

Read more: രണ്ടാം ദിവസവും ആയിരം കടന്ന് കൊവിഡ് കണക്ക്; സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് കൊവിഡ്, 5 മരണം

Follow Us:
Download App:
  • android
  • ios