Asianet News MalayalamAsianet News Malayalam

എന്തുകൊണ്ട് സഹകരണ മന്ത്രാലയം അമിത് ഷായ്ക്ക് നല്‍കി; ബിജെപിയുടെ 'ഗെയിം പ്ലാന്‍' വിശദീകരിച്ച് തോമസ് ഐസക്

അമിത് ഷായുടെ കേന്ദ്രസഹകരണ മന്ത്രിയായുള്ള സ്ഥാനാരോഹണം യാദൃച്ഛികമല്ല. ആസൂത്രിതമായ ഒരു പദ്ധതി തന്നെയാണ്. സഹകരണ മേഖല കേരളത്തിന്റെ കരുത്താണ്. ഈ മഹത്തായ പൈതൃകത്തെ സംരക്ഷിക്കുന്നതിനു യോജിച്ചുള്ള പോരാട്ടത്തിനു നേരമായെന്നും അദ്ദേഹം പറഞ്ഞു. 

Dr Thoma isaac Facebook post against Co operative ministry
Author
Thiruvananthapuram, First Published Jul 10, 2021, 7:56 PM IST

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ സഹകരണ മന്ത്രാലയം രൂപീകരിച്ചതിനെതിരെ കേരള മുന്‍ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്. കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളെ തകര്‍ക്കാനാണ് ഈ നീക്കത്തിലൂടെ ബിജെപി ശ്രമിക്കുന്നതെന്ന് തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു. 

സഹകരണ ബാങ്കുകളുടെ പൂര്‍ണ്ണ നിയന്ത്രണം റിസര്‍വ് ബാങ്കിനു കീഴിലാക്കി ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് 2020ല്‍ ഭേദഗതി ചെയ്തു. ഈ ഭേദഗതി പ്രകാരം റിസര്‍വ് ബാങ്കിന് തങ്ങളുടെ കീഴിലല്ലാത്ത പ്രാഥമിക കാര്‍ഷിക സഹകരണ സംഘംപോലുള്ള സ്ഥാപനങ്ങള്‍ ബാങ്ക് എന്ന വിശേഷണം ഉപയോഗിക്കുന്നതിനെ നിരോധിക്കാം. നിരോധനം വന്നുകഴിഞ്ഞാല്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ചെക്കുകള്‍ ഉപയോഗിച്ച് പണമിടപാട് നടത്താന്‍ കഴിയില്ല. കൂടാതെ പൊതുജനങ്ങളില്‍ നിന്ന് ഡെപ്പോസിറ്റ് സ്വീകരിക്കാന്‍ കഴിയില്ല. ഏതാണ്ട് 60,000 കോടി രൂപ ഇത്തരത്തില്‍ ഡെപ്പോസിറ്റുകളായി ഇപ്പോഴുണ്ടെന്നാണു കണക്ക്. 

കേരള ബാങ്കില്‍ മിറര്‍ അക്കൗണ്ട് സൃഷ്ടിച്ച് പ്രാഥമിക സഹകരണ ബാങ്കിംഗ് സേവനങ്ങള്‍ മെച്ചപ്പെടുത്താനാണല്ലോ നാം ആലോചിക്കുന്നത്. അതു നിരോധിക്കപ്പെടും. ഇത്രയും ചെയ്താല്‍ കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കാമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ കണക്കുകൂട്ടലെന്നും ഐസക് ആരോപിച്ചു. അമിത് ഷായുടെ കേന്ദ്രസഹകരണ മന്ത്രിയായുള്ള സ്ഥാനാരോഹണം യാദൃച്ഛികമല്ല. ആസൂത്രിതമായ ഒരു പദ്ധതി തന്നെയാണ്. സഹകരണ മേഖല കേരളത്തിന്റെ കരുത്താണ്. ഈ മഹത്തായ പൈതൃകത്തെ സംരക്ഷിക്കുന്നതിനു യോജിച്ചുള്ള പോരാട്ടത്തിനു നേരമായെന്നും അദ്ദേഹം പറഞ്ഞു. 

ഡോ. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

എന്തുകൊണ്ടാണ് സഹകരണമന്ത്രാലയത്തിന്റെ ചുമതല അമിത് ഷായ്ക്കു നല്‍കിയത്? ഗുജറാത്തിലെ സഹകരണ മേഖല ബിജെപിയുടെ ചൊല്‍പ്പടിക്കാക്കിയത് അമിത് ഷായാണ്. പക്ഷെ കേന്ദ്രസഹകരണ മന്ത്രിയായതുകൊണ്ട് കേരളത്തിലെ സഹകരണ സംഘങ്ങളെ എങ്ങനെ പിടിച്ചെടുക്കാനാവും? കേരളത്തിലെ സഹകരണ സംഘങ്ങള്‍ നിയമസഭ പാസ്സാക്കിയ നിയമമനുസരിച്ച് സഹകരണ രജിസ്ട്രാറുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്രത്തിലിരുന്ന് കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്ക് ഉത്തരവു കൊടുക്കാനാവില്ല. അപ്പോള്‍ ബിജെപിയുടെ ഗെയിം പ്ലാന്‍ എന്താണ്? എന്റെ ഊഹം പറയട്ടെ.

കേരളത്തില്‍ ഇപ്പോള്‍ ബിജെപിക്കാര്‍ 'ഹിന്ദു ബാങ്കു'കള്‍ തുടങ്ങിയിട്ടുണ്ട്. ഹിന്ദുക്കളുടെ പണം ഹിന്ദുക്കള്‍ക്ക് എന്നതാണ് മുദ്രാവാക്യം. 'ഹിന്ദു ബാങ്ക്' എന്നതു വിളിപ്പേര് മാത്രമാണെന്ന് അവരും സമ്മതിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഇവ കേന്ദ്രസര്‍ക്കാര്‍ 2014ല്‍ രൂപം നല്‍കിയ നിധി റൂള്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന ബാങ്കേതര ധനകാര്യ സ്ഥാപനങ്ങളാണ്. ഇത്തരത്തില്‍ 870 കമ്പനികള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് അതിന്റെ മുഖ്യസംഘാടകരില്‍ ഒരാള്‍ അവകാശപ്പെട്ടത്. ഇവയില്‍ കുറേയെണ്ണം കേന്ദ്രസഹകരണ നിയമപ്രകാരമുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുമാണ്. 870 എണ്ണം രജിസ്റ്റര്‍ ചെയ്തിട്ടും വലിയ ചലനമൊന്നും ഇതുവഴി സൃഷ്ടിച്ചു കണ്ടില്ല - ചെര്‍പ്പുളശ്ശേരി 'ഹിന്ദു ബാങ്ക്' നിക്ഷേപകരുടെ പണവും തട്ടി മുങ്ങിയതിന്റെ കോളിളക്കമൊഴിച്ച്. ഹിന്ദുനിധി കമ്പനികളെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ വലയത്തില്‍ കൊണ്ടുവരുന്നതിനോ പുതിയ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ ആരംഭിക്കുന്നതിനോ ആയിരിക്കും പുതിയ കേന്ദ്രമന്ത്രാലയം ശ്രമിക്കുക. അതല്ലെങ്കില്‍ 'ഹിന്ദു ബാങ്കു'കള്‍ക്ക് ധനസഹായം നല്‍കുന്നതിന് ഒരു കേന്ദ്ര മള്‍ട്ടിസ്റ്റേറ്റ് സഹകരണ ബാങ്കു തന്നെ ആരംഭിച്ചുകൂടായികയുമില്ല. 

ഇതുകൊണ്ടു മാത്രം നൂറ്റാണ്ടിന്റെ പഴക്കമുള്ള കേരളത്തിലെ ജനകീയ സഹകരണ സംഘങ്ങളെ തകര്‍ക്കാനാവില്ല. അതിന് കേന്ദ്രസര്‍ക്കാര്‍ ഉപയോഗപ്പെടുത്താന്‍ പോകുന്നത് റിസര്‍വ്വ് ബാങ്കിനെയാണ്. സഹകരണ ബാങ്കുകളുടെ പൂര്‍ണ്ണ നിയന്ത്രണം റിസര്‍വ്വ് ബാങ്കിനു കീഴിലാക്കി ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് 2020-ല്‍ ഭേദഗതി ചെയ്യുകയുണ്ടായി. ഈ ഭേദഗതി ഇപ്പോള്‍ അര്‍ബന്‍ ബാങ്കുകള്‍ക്കും സംസ്ഥാന സഹകരണ ബാങ്കിനുമാണ് ബാധകം. പക്ഷെ റിസര്‍വ്വ് ബാങ്കിന് തങ്ങളുടെ കീഴിലല്ലാത്ത പ്രാഥമിക കാര്‍ഷിക സഹകരണ സംഘംപോലുള്ള സ്ഥാപനങ്ങള്‍ ബാങ്ക് എന്ന വിശേഷണം ഉപയോഗിക്കുന്നതിനെ നിരോധിക്കാം. 

ആ നിരോധനം വന്നുകഴിഞ്ഞാല്‍ പിന്നെ നമ്മുടെ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് പേരുമാത്രമല്ല നഷ്ടപ്പെടുക. ചെക്കുകള്‍ ഉപയോഗിച്ച് പണമിടപാട് നടത്താനും കഴിയില്ല. വിത്‌ഡ്രോവല്‍ സ്ലിപ്പേ പറ്റൂ. തീര്‍ന്നില്ല, പൊതുജനങ്ങളില്‍ നിന്ന് ഡെപ്പോസിറ്റ് സ്വീകരിക്കാന്‍ കഴിയില്ല. വോട്ട് അവകാശമുള്ള എ ക്ലാസ് അംഗങ്ങളില്‍ നിന്നുമാത്രമേ കഴിയൂ. ഏതാണ്ട് 60,000 കോടി രൂപ ഇത്തരത്തില്‍ ഡെപ്പോസിറ്റുകളായി ഇപ്പോഴുണ്ടെന്നാണു കണക്ക്. കേരള ബാങ്കില്‍ മിറര്‍ അക്കൗണ്ട് സൃഷ്ടിച്ച് പ്രാഥമിക സഹകരണ ബാങ്കിംഗ് സേവനങ്ങള്‍ മെച്ചപ്പെടുത്താനാണല്ലോ നാം ആലോചിക്കുന്നത്. അതു നിരോധിക്കപ്പെടും. ഇത്രയും ചെയ്താല്‍ കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കാം. 
അതോടെ അമിത് ഷായുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളും അവയുടെ അനുബന്ധ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലേയ്ക്കു സംസ്ഥാന സഹകരണ മേഖല വരും. ഇത്രയും വായ്പാ സഹകരണ സംഘങ്ങള്‍ തങ്ങളുടെ വരുതിയിലായാല്‍ പിന്നെ ബാക്കിയുള്ളവയെ കീഴ്‌പ്പെടുത്താന്‍ പ്രയാസമുണ്ടാവില്ലായെന്നായിരിക്കും ബിജെപിയുടെ കണക്കുകൂട്ടല്‍.
കേരളം മാത്രമല്ല ലക്ഷ്യമിടുന്നത്. മഹാരാഷ്ട്രയില്‍ പവാറിനെ തളര്‍ത്താന്‍ അവിടുത്തെ സഹകരണ അടിത്തറ പൊളിക്കണം. അതുപോലെ മറ്റു ചില സംസ്ഥാനങ്ങളും. സഹകരണ പ്രസ്ഥാനം അത്ര സുശക്തമല്ലാത്ത ബിജെപിയിതര സംസ്ഥാനങ്ങളില്‍ ബിജെപിക്കു കടന്നുകയറാന്‍ കേന്ദ്ര സഹായത്തോടെയുള്ള സഹകരണ മേഖല ഉപയോഗപ്രദമാകും. അമിത് ഷായുടെ കേന്ദ്രസഹകരണ മന്ത്രിയായുള്ള സ്ഥാനാരോഹണം യാദൃശ്ചികമല്ല.  ആസൂത്രിതമായ ഒരു പദ്ധതി തന്നെയാണ്.
സഹകരണ മേഖല കേരളത്തിന്റെ കരുത്താണ്. ഈ മഹത്തായ പൈതൃകത്തെ സംരക്ഷിക്കുന്നതിനു യോജിച്ചുള്ള പോരാട്ടത്തിനു നേരമായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios