സന്ദീപിനെ ആശുപത്രിയിലെത്തിച്ച പൊലീസ് ഉദ്യോഗസ്ഥ‍ര്‍ നിരായുധരായിരുന്നുവെന്നും കൃത്യം നടക്കുന്ന വേളയിൽ സന്ദീപിന്റെ കാലിൽ പിടിച്ച് വലിച്ച് വന്ദനയെ രക്ഷപ്പെടുത്താൻ ശ്രമിച്ചുവെന്നും വന്ദനക്ക് ഒപ്പമുണ്ടായിരുന്ന ഡോ. മുഹമ്മദ് ഷിബിൻ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു.  

കൊല്ലം : കൊട്ടാരക്കര ആശുപത്രിയിൽ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ ദാരുണ സംഭവത്തിന്റെ നടുക്കത്തിലാണ് ഇന്നും കേരളം. സഹപ്രവ‍ര്‍ത്തകയുടെ ക്രൂര കൊലപാതകത്തിന്റെ ഞെട്ടലിലാണ് സഹപ്രവ‍ർത്തകരും. വന്ദനയ്ക്ക് ശ്വാസ കോശത്തിന് കുത്തേറ്റതായി ആദ്യം അറിയില്ലായിരുന്നുവെന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന ഡോ. മുഹമ്മദ് ഷിബിൻ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു.

കൃത്യം നടക്കുന്ന വേളയിൽ സന്ദീപിന്റെ കാലിൽ പിടിച്ച് വലിച്ചാണ് താൻ വന്ദനയെ രക്ഷപ്പെടുത്താൻ ശ്രമിച്ചത്. പ്രതിയുടെ കൈയ്യിൽ നിന്നും രക്ഷപ്പെടുത്തുന്ന സമയം വന്ദനക്ക് ബോധമുണ്ടായിരുന്നു. ശ്വാസ കോശത്തിന് കുത്തേറ്റ കാര്യം ആദ്യം അറിയില്ലായിരുന്നുവെന്നും ഡോ. മുഹമ്മദ് ഷിബിൻ പറഞ്ഞു. 

''പ്രതി സന്ദീപിനെ ആദ്യം തന്റെയടുത്താണ് എത്തിച്ചത്. കൊണ്ടുവന്ന സമയത്ത് പ്രശ്നമുണ്ടായിരുന്നില്ല. പതിനഞ്ച് മിനിറ്റിന് ശേഷമാണ് പ്രകോപിതനായത്. ബഹളം കേട്ട് ഡ്രസിംഗ് റൂമിന് സമീപത്തേക്ക് വരുമ്പോൾ സന്ദീപ് പൊലീസുദ്യോഗസ്ഥനെ കുത്തുന്നതാണ് കണ്ടത്. പൊലീസ് ഉദ്യോഗസ്ഥ‍ര്‍ നിരായുധരായിരുന്നുവെന്നും ഡോ. മുഹമ്മദ് ഷിബിൻ വിശദീകരിച്ചു. നിലത്തിരുന്ന് വന്ദനയെ കുത്തുകയായിരുന്ന പ്രതിയുടെ കാലിൽ പിടിച്ച് വലിച്ച് വന്ദനയെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. പ്രതിയുടെ കൈയ്യിൽ നിന്നും രക്ഷപ്പെടുത്തുന്ന സമയം വന്ദനക്ക് ബോധമുണ്ടായിരുന്നു. ആശുപത്രിയിലേക്ക് പോകും വഴി പൊലീസ് മൊഴിയെടുത്തു''. സന്ദീപ് കത്രിക കൈക്കലാക്കിയതെങ്ങനെയാണെന്ന് അറിയില്ലെന്നും ഷിബിൻ പറഞ്ഞു.

അതേ സമയം, കേസിന്‍റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു. പ്രതിയിൽ നിന്നും പിടിച്ചെടുത്ത ഫോണ് പ്രാഥമികമായി പരിശോധിച്ചതിലൂടെ സന്ദീപിന്റെ ലഹരി ഉപയോഗം സംബന്ധിച്ച് യാതൊരു സൂചനയും അന്വേഷണ സംഘത്തിന് കിട്ടിയില്ല. അക്രമത്തിന് തൊട്ടു മുമ്പ് ഡ്രസിംഗ് റൂമിൽ പ്രതി പകര്‍ത്തിയ ദൃശ്യങ്ങൾ ആര്‍ക്കാണ് അയച്ചതെന്നും കണ്ടെത്താനായില്ല. വാട്സ്ആപ്പിൽ സുഹൃത്തിന് വീ‍ഡിയോ അയച്ച ശേഷം സന്ദീപ് ഇത് ഡിലീറ്റ് ചെയ്തെന്നാണ് പൊലീസ് പറയുന്നത്. പ്രതിയുടെ പൂയപ്പള്ളിയിലെ വീട്ടിൽ പൊലീസ് എത്തുന്നതിന് മുന്പ് സന്ദീപ് ജോലി ചെയ്യുന്ന സ്കൂളിലെ പ്രധാന അധ്യാപികയ്ക്ക് ഒരു വീഡിയോ സന്ദേശം അയച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. തന്നെ ചിലര്‍ കൊല്ലാൻ ശ്രമിക്കുന്നുവെന്നായിരുന്നു വീഡിയോയിൽ സന്ദീപ് പറഞ്ഞത്. തുടര്‍ പരിശോധനയ്ക്കായി സൈബർ ഫൊറൻസിക്കിന് മൊബൈൽ കൈമാറും. പ്രതിയുടെ ശാരീരിക, മാനസിക ആരോഗ്യ നില മെച്ചപ്പെട്ട ശേഷം മാത്രം സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഡോ വന്ദനദാസിന്റെ കൊലപാതകം; പൊലീസിന്റേത് കുറ്റകരമായ അനാസ്ഥ, പൊലീസ് സേനയ്ക്ക് നാണക്കേടെന്ന് വിഡി സതീശൻ

YouTube video player