കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് നിയമം കൊണ്ട് ഒരു ഗുണവുമില്ലെന്ന് ഇപ്പോൾ മനസിലായെന്ന് ഡോ.വർഗീസ് ചക്കാലക്കൽ

കോഴിക്കോട്: വഖഫ് ബില്ല് കൊണ്ട് ഒരു ഗുണവും ഇല്ലെന്ന് ഇപ്പോൾ മനസ്സിലായെന്ന് കോഴിക്കോട് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ. മുനമ്പത്തെ പ്രശ്നം പരിഹരിക്കുമെന്ന് കരുതിയാണ് വഖഫ് ബില്ലിന് പിന്തുണ നൽകിയതെന്നും, പുതിയ സാഹചര്യത്തിൽ പിന്തുണ പുനഃപരിശോധിക്കാവുന്നതാണെന്നും കോഴിക്കോട് അതിരൂപത അധ്യക്ഷൻ പ്രതികരിച്ചു. കോഴിക്കോട് നടത്തിയ മീറ്റ് ദി പ്രസിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുനമ്പം ഭൂമി വിഷയം പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെട്ടതായും അദ്ദേഹം പ്രതികരിച്ചു. പ്രശ്ന പരിഹാരത്തിനായി കെ.സി.ബി.സിയെ ചർച്ചക്ക് വിളിച്ചു. ദില്ലിയിലെ കേരളത്തിൻ്റെ സ്പെഷൽ ഓഫീസർ പ്രൊഫ കെവി തോമസ് വഴിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ. മുനമ്പം പ്രശ്നം പരിഹരിക്കാൻ പുതിയ വഖഫ് ബില്ല് കൊണ്ടാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതിന് പിറകെയാണ് മുഖ്യമന്ത്രിയുടെ നീക്കം. മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് കോഴിക്കോട് ആർച്ച് ബിഷപ്പ് വ്യക്തമാക്കി. മുനമ്പം പ്രശ്നം തീരാന്‍ സുപ്രീംകോടതിയോളം നീളുന്ന നിയമ വ്യവഹാരം നടത്തേണ്ടി വരുമെന്ന സൂചന കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ കേന്ദ്ര മന്ത്രി കിരൺ റിജിജു നൽകിയതിന് പിന്നാലെയാണ് തീരുമാനം.