തൃശൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ അവാർഡുകൾ നിരസിച്ച് നാടകപ്രവർത്തകർ. പ്രൊഫഷണൽ നാടക മത്സരത്തിലെ അവാർഡ് നിർണ്ണയം സുതാര്യമല്ലെന്ന് ആരോപിച്ചാണ് അവാർഡുകൾ വേണ്ടെന്ന് വച്ചത്. നാടകസമിതികൾക്കുള്ള അനുകൂല്യങ്ങൾ വെട്ടിക്കുറച്ച അക്കാദമിയുടെ നടപടി പുനപരിശോധിക്കണമെന്നും കലാകാരന്മാർ ആവശ്യപ്പെടുന്നു.

സംഗീത നാടക അക്കാദമി സംഘടിപ്പിച്ച പ്രൊഫഷണൽ നാടക മത്സരത്തിൽ അവാ‍ർഡുകൾ നേടിയവരാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. മികച്ച സംവിധായകനുള്ള അവാർഡ് നേടിയ രാജീവൻ മമ്മിളിയും നാടക രചനയക്ക് അവാർഡ് കിട്ടിയ പ്രദീപ് കുമാറും അവാർഡുകൾ വേണ്ടെന്ന് അക്കാദമിയെ അറിയിച്ചു. പ്രൊഫഷണൽ നാടകങ്ങൾക്കുള്ള പ്രധാന അവാർഡുകളിൽ മിക്കവയും അക്കാദമി നിർവാഹക സമിതി അംഗത്തിന്‍റെ നാടകങ്ങൾക്ക് തന്നെ കിട്ടി. ഇതാണ് പ്രതിഷേധത്തിന് കാരണം.

അമച്വർ , തീയറ്റർ നാടകങ്ങൾക്കുമായി അക്കാദമി ലക്ഷങ്ങൾ ചെലവഴിക്കുന്നു. എന്നാൽ പ്രൊഫഷണൽ നാടകങ്ങൾക്കുള്ള അവാർഡുകൾ വെട്ടിച്ചുരുക്കിയെന്നാണ് ആരോപണം. നാടകസമിതികൾക്ക് നൽകിയിരുന്ന ഒരു ലക്ഷം രൂപ സബ്സി‍ഡി ഇല്ലാതാക്കിയതും അവാ‍ർഡ് നിരസിക്കുന്നതിന് കാരണമായി നാടകപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. സാംസ്കാരിക മന്ത്രിയെയും മുഖ്യമന്ത്രിയെയും നേരിൽ കണ്ട് പ്രതിഷേധം അറിയിക്കാനാണ് നാടകപ്രവർത്തകരുടെ തീരുമാനം.