ചെന്നൈ: കണ്ടാലറയ്ക്കുന്ന സാഹചര്യത്തില്‍ അഴുകിയ മീനുകള്‍ ഉപയോഗിച്ചാണ് മലയാളിയുടെ ഇഷ്ട വിഭവമായ ഉണക്കമീൻ തമിഴ്നാട്ടിൽ തയ്യാറാക്കുന്നത്. അറപ്പുളവാക്കുന്ന സാഹചര്യത്തിൽ തയ്യാറാക്കുന്ന ഉണക്കമീൻ അംഗീകൃത ഗോഡൗണുകള്‍ വഴിയാണ് കേരളത്തിലെത്തിക്കുന്നത്. ചെന്നൈയിലെ ഗോഡൗണുകള്‍ കേന്ദ്രീകരിച്ച് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.

ചെന്നൈയിലെ കാശിമേട് തുറമുഖത്താണ് ഉണക്കമീന്‍ ആദ്യഘട്ടത്തില്‍ തയ്യാറാക്കുന്നത്. വിറ്റുപോകാത്ത അഴുകിയ മീൻ വരെ കൂട്ടിച്ചേര്‍ത്ത് ഉണക്കിയെടുക്കുന്നതാണ് ആദ്യഘട്ടം. കേരളം പ്രധാന വിപണിയാക്കിയ ഗോഡൗണുകളിലേക്കാണ് ഈച്ചയരിക്കുന്ന മീനുകള്‍ പിന്നീട് കൊണ്ടുപോവുക. ഗോഡൗണിന് പിന്നിലെ മണല്‍പരപ്പിലാണ് മലയാളികളുടെ തീന്മേശയിലേക്ക് എത്തുന്ന മീന്‍ ഉണക്കിയെടുക്കുന്നത്.

ദിവസങ്ങളോളം നീണ്ട ഉണക്കല്‍ പ്രക്രിയയ്ക്ക് ശേഷം പാകമെത്തിയാല്‍ മണ്ണ് കളഞ്ഞ് ചാക്കിലാക്കി ഗോഡൗണുകളിലേക്ക് കൊണ്ടുപോകും. അവിടെ നിന്ന് പ്രധാന വിപണിയായ കേരളത്തിലെ ചന്തകളിലേക്ക്. പേരിന് പോലും പരിശോധന ഇല്ലാത്തതിനാല്‍ ഗുരുതര രോഗങ്ങള്‍ക്ക് വഴിവക്കുന്ന ഉഉണക്കമീനിൻ്റെ വിൽപ്പന നിർബാധം തുടരുകയാണ്.

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന മീനുകളില്‍ മാരകമായ രാസവസ്തുക്കൾ കലർത്തുന്നു എന്ന വാര്‍ത്തയും കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു. ചെന്നൈയിലെ കാശിമേട് എണ്ണൂർ ഹാർബറുകൾ കേന്ദ്രീകരിച്ച് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന മീനുകളില്‍ മാരകമായ രാസവസ്തുക്കളാണ് കലർത്തുന്നത്. സോഡിയം ബെന്‍സോയേറ്റ്, അമോണിയ, ഫോര്‍മാള്‍ഡിഹൈഡ് എന്നിങ്ങനെയുള്ള രാസവസ്തുക്കളാണ് പ്രധാനമായും മീനുകളില്‍ ഉപയോ​ഗിക്കുന്നത്. 

Also Read: കരൾ രോഗം മുതൽ കാൻസർ വരെ; തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന മത്സ്യങ്ങളിൽ മാരക വിഷാംശം