കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് രക്ഷപ്പെട്ട സംഭവത്തിൽ നാലു പൊലീസുകാർക്കെതിരെ നടപടി. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നാലു പൊലീസുകാരെ സ്ഥലം മാറ്റി. സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് രക്ഷപ്പെട്ട സംഭവത്തിൽ നാലു പൊലീസുകാർക്കെതിരെ നടപടി. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നാലു പൊലീസുകാരെ സ്ഥലം മാറ്റി. സ്പെഷൽ ബ്രാഞ്ച് എസിപി യുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് വീഴ്ച സംഭവിച്ചുവെന്നാമ് സ്പെഷൻ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ 29നാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് രക്ഷപ്പെട്ടത്. വിനീഷിനെ ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. വിനീഷിനെ കുറിച്ച് യാതൊരു സൂചനയും അന്വേഷണ സംഘത്തിന് കിട്ടിയിട്ടില്ല.
വിനീഷിനായി ലുക്ക് ഔട്ട് സര്‍ക്കുലര്‍പുറത്തിറക്കിയിരുന്നു. നേരത്തെ വിനീഷില്‍ നിന്നും ഭീഷണിയുള്ളതിനാല്‍ ദൃശ്യയുടെ കുടുംബം ആശങ്കയിലാണ്. 10 ദിവസം നീണ്ട ശ്രമത്തിനൊടുവിലാണ് ചായ കുടിക്കാൻ നൽകിയ സ്റ്റീൽ ഗ്ലാസ്സ് ഉപോയോഗിച്ച് ടൈൽ ഇളക്കി നീക്കി ഭിത്തി തുരന്ന് വിനീഷ് രക്ഷപെട്ടത്. വിനീഷ് രക്ഷപെട്ട സമയത്തെ കുറിച്ചും പൊലീസിന് വ്യക്തതയില്ല. പ്രതിക്കായ കർണാടകയിലേക്കും അന്വേഷണം വ്യാപിച്ചിരുന്നു. റെയില്‍വേ സ്റ്റേഷനുകളിലും ,ബസ് സ്റ്റാന്‍റുകളിലും വിനീഷിനായി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിഞ്ഞിരുന്ന വിനീഷിനെ മാനസിക പ്രശ്നങ്ങളെ തുടര്‍ന്ന് ഡിസംബര്‍ പത്തിനാണ് കുതിരവട്ടത്ത് എത്തിച്ചത്. ഇതിനുശേഷമാണ് ഡിസംബര്‍ 29ന് വിനീഷ് രക്ഷപ്പെടുന്നത്.


