Asianet News MalayalamAsianet News Malayalam

ഡ്രൈവിംഗ് ലൈസൻസുകൾ കാർഡ് രൂപത്തിലാക്കാൻ ധൃതി വേണ്ട; അപേക്ഷാതീയതി നീട്ടി

ഡ്രൈവിംഗ് ലൈസൻസിന്റെ പുതിയ സോഫ്റ്റ്‌വെയറായ സാരഥിയിലേക്ക് ഡാറ്റാ പോർട്ടിംഗ് നടന്നു കഴിഞ്ഞാലും പഴയ ബുക്ക് -പേപ്പർ ഫോമുകളിലുള്ള ലൈസൻസുകൾ കാർഡ് ഫോമിലാക്കുന്നതിന് തടസ്സങ്ങളും ഉണ്ടാകില്ല.

driving licence change in to card model date extended
Author
Trivandrum, First Published Jun 10, 2020, 8:58 AM IST


തിരുവനന്തപുരം: പഴയ ബുക്ക്- പേപ്പർ ഫോമിലുള്ള ഡ്രൈവിംഗ് ലൈസൻസുകൾ കാർഡ് രൂപത്തിലാക്കാൻ ഇനി ഉടമകൾ തിരക്ക് കൂട്ടേണ്ടതില്ല. കോവിഡ് 19 പശ്ചാത്തലത്തിൽ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മോട്ടോർ വാഹന വകുപ്പ് നിശ്ചയിച്ചിട്ടില്ല. ജൂൺ രണ്ടാം വാരം വരെയാണ് ഡ്രൈവിംഗ് ലൈസൻസുകൾ കാർഡ് രൂപത്തിലാക്കാൻ തീയതി നിശ്ചയിച്ചിരുന്നത്. എന്നാൽ ഓഫീസുകളിൽ തിരക്ക് അനുഭവപ്പെടുന്നതിനാൽ തീയതി നീട്ടി നൽകാൻ മോട്ടോർവാഹനവകുപ്പ് തീരുമാനിക്കുകയായിരുന്നു. 

ഡ്രൈവിംഗ് ലൈസൻസിന്റെ പുതിയ സോഫ്റ്റ്‌വെയറായ സാരഥിയിലേക്ക് ഡാറ്റാ പോർട്ടിംഗ് നടന്നു കഴിഞ്ഞാലും പഴയ ബുക്ക് -പേപ്പർ ഫോമുകളിലുള്ള ലൈസൻസുകൾ കാർഡ് ഫോമിലാക്കുന്നതിന് തടസ്സങ്ങളും ഉണ്ടാകില്ല. വിവിധ സേവനങ്ങൾക്ക് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടവർ മാത്രമാണ് നിർബന്ധമായും www.mvd.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ടോക്കൺ എടുത്തതിനുശേഷം ഓഫീസിൽ പ്രവേശിക്കേണ്ടത്. അപേക്ഷകൾ പൂർണ്ണമായി പൂരിപ്പിച്ചതിനുശേഷം മാത്രമേ ഓഫീസിൽ പ്രവേശിക്കാൻ പാടുള്ളൂ. മറ്റുള്ളവർ ലൈസൻസ് പുതുക്കാൻ ധൃതി കൂട്ടേണ്ടതില്ല. 

കൂടാതെ ഏപ്രിൽ ഒന്ന് മുതൽ നികുതി വർധനവ് ഏർപ്പെടുത്തിയ സ്‌കൂൾ, കോളേജ് വാഹനങ്ങളുടെ കൂട്ടിയ നിരക്കിലുള്ള ടാക്സ് എൻഡോഴ്സ്മെന്റ് ഓഫീസിൽ നിന്നും കൈപ്പറ്റണം. വാഹന ഉടമകൾ അടിയന്തരമായി ആർ സി ബുക്ക്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് ഉള്ളടക്കം ചെയ്ത അപേക്ഷകൾ ഓഫീസിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള പെട്ടിയിൽ നിക്ഷേപിക്കണം. എല്ലാ അപേക്ഷകളിന്മേലും ഉടമകളുടെയോ ബന്ധപ്പെട്ടവരുടെയോ ഫോൺ നമ്പർ രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് 0487 2360262 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

Follow Us:
Download App:
  • android
  • ios