Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല; സര്‍ക്കാര്‍ പ്രഖ്യാപനം പാളി

സംസ്ഥാനത്തൊരിടത്തും ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല. ആള്‍ക്കൂട്ടമൊഴിവാക്കി ടെസ്റ്റുകള്‍ നടത്തുന്നത് സംബന്ധിച്ച് ഗതാഗത കമ്മീഷണറുടെ ഉത്തരവിറങ്ങാത്തതാണ് ടെസ്റ്റുകള്‍ വൈകാന്‍ കാരണമെന്ന് ഗതാഗത മന്ത്രി

driving schools in karala will reopen today
Author
Kozhikode, First Published Sep 14, 2020, 1:34 PM IST

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാളി. ഒരിടത്തും ഇന്ന് ടെസ്റ്റ് നടന്നില്ല. കൊവിഡ് മാനദണ്ഡം പാലിച്ച് ടെസ്റ്റുകള്‍ നടത്തുന്നത് സംബന്ധിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവിറങ്ങാത്തതാണ് പ്രതിസന്ധി. അതേസമയം, ഡ്രൈവിംഗ് സ്കൂളുകള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു.

ലോക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കൊവിഡ് ചട്ടം പാലിച്ച് തുടങ്ങിയെങ്കിലും കേരളത്തില്‍ നടപടികള്‍ വൈകി. തിരുവോണ ദിവസം പട്ടിണിസമരം നടത്തി ഡ്രൈവിംഗ് സ്കൂളുകള്‍ പ്രതിഷേധമറിയിച്ചു. നടപടി വൈകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പും നല്‍കി.  ഒടുവില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച കോഴിക്കോട്ട് വാര്‍ത്താസമ്മേളനം വിളിച്ച് ഗതാഗത മന്ത്രി ഡ്രൈവിംഗ് സ്കൂളുകളും ടെസ്റ്റുകളും തുറക്കുന്ന തീയതി പ്രഖ്യാപിച്ചു. ഗതാഗത സെക്രട്ടറി ഉത്തരവുമിറക്കി. ഡ്രൈവിംഗ് സ്കൂളുകള്‍ തുറന്നെങ്കിലും  ഒരിടത്തും ഇന്ന് ടെസ്റ്റ് നടന്നില്ല.

ആള്‍ക്കൂട്ടമൊഴിവാക്കി ടെസ്റ്റുകള്‍ നടത്തുന്നതു സംബന്ധിച്ച് ഗതാഗത കമ്മീഷണറുടെ ഉത്തരവിറങ്ങാത്തതാണ് ടെസ്റ്റുകള്‍ വൈകാന്‍ കാരണമെന്ന്  ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സ്ഥലത്തില്ലെന്നും എത്തിയാലുടന്‍ ഉക്കരവിറങ്ങുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ടെസ്റ്റുകല്‍ വൈകിപ്പിക്കുന്നതിനു പിന്നില്‍ വലിയ ദുരൂഹതയുണ്ടെന്ന് ഡ്രൈവിംഗ് സ്കൂളുകള്‍ ആരോപിക്കുന്നു. പുതിയ ലൈസന്‍സ് പ്രിന്‍റിംഗ് അടക്കമുളള കാര്യങ്ങള്‍ ഊരാളുങ്കല്‍ സൊസൈറ്റിയെ ഏല്‍പ്പിക്കാനുളള നീക്കത്തിനു പിന്നാലെ  ഡ്രൈവിംഗ് ടെസ്റ്റിംഗ് രംഗത്തും ഇതേ ഏജന്‍സിയെ കൊണ്ടുവരാനാണ് നീക്കമെന്നും ഇവര്‍ ആരോപിച്ചു.

എന്നാല്‍, ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നിര്‍മാണ കരാര്‍ മാത്രമാണ് ചെയ്തതെന്നും ഊരാളുങ്കല്‍ സൊസൈറ്റി അധികൃതര്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios