കേരളത്തില്‍ മയക്കുമരുന്നിന്‍റെ വലയില്‍ വീഴുന്നവരുടെ എണ്ണം ഓരോ വര്‍ഷവും പെരുകുന്നതായി നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ വിഭാഗത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷം കേരളത്തില്‍ 3600 മയക്കുമരുന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇതില്‍ 441കേസുകളും കോഴിക്കോട് ജില്ലയില്‍ നിന്നായിരുന്നു.

കോഴിക്കോട്: കേരളത്തിൽ മയക്കുമരുന്നിനടിമകളാകുന്ന സ്ത്രീകളുടെ എണ്ണം പെരുകുന്നു. കോളേജ് വിദ്യാർത്ഥികളും ഉന്നത വിദ്യാഭ്യാസമുള്ളവരുമാണ് ഇരകളിലേറെയും. ലഹരിവലയിൽ പെട്ട് ജീവിതം തിരികെ പിടിക്കാനായി ചികിത്സ തേടുന്നവരുടെ എണ്ണവും പെരുകുകയാണ്. 

കോഴിക്കോട്ടെ പ്രമുഖ ഫിറ്റ്‍നസ് സെന്‍റര്‍ കേന്ദ്രീകരിച്ചാണ് ജില്ലയിലെ ലഹരി വിപണനം. നഗരത്തിലെ പല പ്രമുഖരും പതിവായി സന്ദര്‍ശിക്കുന്ന കേന്ദ്രം. കോഴിക്കോട്ടെ പ്രമുഖ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് ആദ്യമായി ലഹരിയുടെ ലോകം തുറന്നുകിട്ടിയത് ഇവിടെ നിന്നാണ്. ലഹരി പരിചയപ്പെടുത്തിയത് ഫിറ്റനസ് സെന്‍ററിലെ ട്രെയിനർ. പിന്നീട് ലഹരി നിറയുന്ന ഒത്തുചേരലുകളും വിനോദ യാത്രകളും. സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ സമൂഹ മാധ്യമങ്ങളിലെ ഗ്രൂപ്പുകൾ. പതിയെ പതിയെ ലഹരി കിട്ടാതായതോടെ ആസക്തി ആത്മഹത്യാ ശ്രമത്തിലെത്തി. ഇപ്പോൾ ഡീ അഡിക്ഷൻ സെന്‍ററിൽ ജീവിതം തിരികെ പിടിക്കാനായുളള പോരാട്ടത്തിലാണ് ഈ വനിതാ ഡോക്ടര്‍. 

കോഴിക്കോട് കുറ്റ്യാടിയിലെ 16കാരിയുടെ അനുഭവവും ലഹരിയുടെ കൈകള്‍ പുതുതലമുറയെ പിടിമുറുക്കിയതിന്‍റെ ഞെട്ടിക്കുന്ന ഉദാഹരണമാണ്. പെണ്‍കുട്ടി ലഹരിയുടെ വലയില്‍ വീണതായി രക്ഷിതാക്കള്‍ അറിഞ്ഞത് ഏറെ വൈകിയാണ്. ഒരു രാത്രി വീട്ടിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെ പത്ത് ദിവസത്തിന് ശേഷം ഗോവയിൽ നിന്നാണ് കണ്ടെത്തിയത്. 

കേരളത്തില്‍ മയക്കുമരുന്നിന്‍റെ വലയില്‍ വീഴുന്നവരുടെ എണ്ണം ഓരോ വര്‍ഷവും പെരുകുന്നതായി നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ വിഭാഗത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷം കേരളത്തില്‍ 3600 മയക്കുമരുന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇതില്‍ 441കേസുകളും കോഴിക്കോട് ജില്ലയില്‍ നിന്നായിരുന്നു. ജനുവരിയില്‍ 58 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഫെബ്രുവരിയില്‍ കേസുകളുടെ എണ്ണം 120 ആയി ഉയര്‍ന്നു. ലോക്ക്ഡൗണിനെത്തുടര്‍ന്ന് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ കേസുകള്‍ കുറഞ്ഞു നിന്നെങ്കില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ കേസുകള്‍ വീണ്ടും കുതിച്ചുയര്‍ന്നു.

എങ്ങനെയാണ് പെണ്‍കുട്ടികളുടെ കൈകളില്‍ ലഹരി എത്തിച്ചേരുന്നത് ? ലോക്ക് ഡൗണ്‍ കാലത്തെ മാനസിക സംഘര്‍ഷങ്ങളും ലഹിരിയിലേക്ക് തിരിയാന്‍ പുതു തലമുറയെ പ്രേരിപ്പിച്ചിട്ടുണ്ടോ ? ഇക്കാര്യങ്ങളാണ് ഇനിയുളള ദിവസങ്ങളില്‍ ഞങ്ങള്‍ അന്വേഷിക്കുന്നത്.