ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കോടികളുടെ ലഹരി വിതരണം ചെയ്തിരുന്ന നൈജീരിയൻ പൗരനെയും ഭാര്യയെയും കേരള പൊലീസ് മുംബൈയിൽ നിന്നും പിടികൂടി.

മലപ്പുറം: കേരളത്തിലടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ലഹരി വിതരണം ചെയ്യുന്ന നൈജീരിയൻ പൗരനേയും ഭാര്യയേയും മുംബൈയിൽ എത്തി പിടികൂടി കേരള പൊലീസ്. 15 വർഷമായി കോടികളുടെ എംഡിഎംഎ ചില്ലറ വിതരണക്കാർക്ക് എത്തിച്ച് നൽകുന്ന പോൾ ഒഗ്ബോണ്ണയും ഭാര്യ ആരതിയുമാണ് പിടിയിലായത്. ഇവരെ മലപ്പുത്ത് എത്തിച്ചപ്പോൾ ദൃശ്യമെടുക്കാനെത്തിയ മാധ്യമ പ്രവർത്തകരെ പ്രതി ആരതി കയ്യേറ്റം ചെയ്തു.

കൊണ്ടോട്ടി അരൂരിൽ ഇക്കഴിഞ്ഞ ജൂൺ 26ന് രതീഷ് എന്നയാളിൽ നിന്നും 780 ഗ്രാം എംഡിഎംഎ പിടിച്ചതാണ് ഈ കേസിന്റെ തുടക്കം. രതീഷിന് ലഹരി എത്തിച്ച് നൽകിയ കണ്ണികളിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. പത്ത് പേരെ അറസ്റ്റ് ചെയ്ത് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ഇവർക്ക് ഇടനിലയായി നിൽക്കുന്ന നൈജീരിയൻ സ്വദേശിയെ സംബന്ധിച്ച് വിവരം കിട്ടിയത്. കൊണ്ടോട്ടി പൊലീസ് ഇൻസ്പെക്ടർ സംഗീത് പുനത്തിലിന്റെ നേതൃത്വത്തിലുള്ള സംഘം മുംബൈ ഉൾവെയിലെത്തിയാണ് പ്രതികളെ പിടികൂടിയത്. നൈജീരിയൻ സ്വദേശി ഇക്കേചുക്വു പോൾ ഒഗ്ബോണ്ണ കഴിഞ്ഞ 15 കൊല്ലമായി ഇന്ത്യയിൽ ലഹരി വിൽപ്പന നടത്തുന്നുണ്ട്. 8 വർഷം മുൻപാണ് മുംബൈ സ്വദേശി ആരതിയെ വിവാഹം ചെയ്തത്. ഇവരൊരുമിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കോടികളുടെ ലഹരി കച്ചവടം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയയുന്നു. പ്രതികളെ നാറ്കോട്ടിക് ഡിവൈഎസ്പി ഓഫീസിലെത്തിച്ചപ്പോൾ ദൃശ്യമെടുക്കാനെത്തിയ മാധ്യമ പ്രവർത്തകരെ ആരതി കയ്യേറ്റം ചെയ്തു.

സംഘത്തിലെ പ്രധാന കണ്ണികൾ കേരളത്തിൽ പിടിയിലായതോടെ പണം നൈജീരിയയിലേക്ക് കടത്തി, അവിടേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരെയും പിടികൂടിയത്. പോളിന്റെ പേരിൽ മുംബൈയിൽ നേരത്തെ കേസുണ്ട്. ഇവർക്ക് എംഡിഎംഎ ഉണ്ടാക്കി നൽകുന്ന ആളിലേക്കായിരിക്കും ഇനിയുള്ള അന്വേഷണം.