ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ കമ്പനി ഉടമ കെ.ഡി. പ്രതാപന്റെ ജാമ്യം എറണാകുളം പി.എം.എൽ.എ കോടതി റദ്ദാക്കി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയിലാണ് നടപടി. 3,141 കോടി രൂപയുടെ തട്ടിപ്പാണ് കേസിൽ പ്രധാനമായും അന്വേഷിക്കുന്നത്.

കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ കമ്പനി ഉടമയും ഡയറക്ടറുമായ കെ.ഡി. പ്രതാപന്റെ ജാമ്യം റദ്ദാക്കി. എറണാകുളം പി.എം.എൽ.എ കോടതിയുടേതാണ് നടപടി. തിങ്കളാഴ്ച കീഴടങ്ങാനും കോടതി പ്രതാപന് കർശന നിർദേശം നൽകി. കെ.ഡി. പ്രതാപന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയിലാണ് കോടതിയുടെ ഈ സുപ്രധാന നടപടി. നേരത്തെ 19 മാസം തടവിലായിരുന്ന പ്രതാപന് പിഎംഎൽഎ കോടതി ജാമ്യം നൽകിയിരുന്നു. കേസിൽ വിചാരണ തുടങ്ങാത്ത സാഹചര്യം പരിഗണിച്ചും മറ്റ് കാരണങ്ങളൊന്നും കണ്ടെത്താതെയുമായിരുന്നു അന്ന് കോടതി ജാമ്യം അനുവദിച്ചിരുന്നത്.

ഇതിനെതിരെ ഇ.ഡി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് എറണാകുളം പി.എം.എൽ.എ കോടതി മുൻ ഉത്തരവ് വീണ്ടും പുനഃപരിശോധിച്ചതും പ്രതാപന്റെ ജാമ്യം റദ്ദാക്കാൻ തീരുമാനിച്ചതും.

3,141 കോടി രൂപയുടെ തട്ടിപ്പ്; 277 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു

2024 ജൂലൈ മാസത്തിലാണ് ഹൈറിച്ച് വഴി 3,141 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായുള്ള വിവരം പുറത്തുവരുന്നതും കമ്പനി ഉടമ കെ.ഡി. പ്രതാപനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നതും. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 1,651 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നതായി വ്യക്തമാക്കി ഇ.ഡി കോടതിയിൽ ഒന്നാം ഘട്ട കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ പ്രതികളുടെ 277 കോടി രൂപയുടെ സ്വത്തുക്കളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. ആയിരം കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേടിലാണ് ഇ.ഡി ഹൈറിച്ചിനെതിരെ അന്വേഷണം നടത്തിവരുന്നത്.