Asianet News MalayalamAsianet News Malayalam

'മകനെ ലഹരി മാഫിയ മര്‍ദ്ദിച്ചത് വീട്ടില്‍ കയറി', കുട്ടിയുടെ മൊഴി പ്രകാരമല്ല എഫ്ഐആര്‍, പൊലീസിനെതിരെ കുടുംബം

കേസ് എടുക്കാമെന്ന് മാത്രമാണ് പൊലീസ് പറഞ്ഞതെന്നും കുട്ടിയുടെ അച്ഛന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

drug mafia attacked son inside house says father
Author
First Published Dec 10, 2022, 10:43 AM IST

തിരുവനന്തപുരം: വര്‍ക്കലയിൽ കഞ്ചാവ് ബീഡി വലിക്കാൻ വിസമ്മതിച്ച പതിനഞ്ചുകാരനെ ലഹരി മാഫിയ ആക്രമിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. പരാതിയിൽ പറഞ്ഞ കാര്യങ്ങളല്ല പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയതെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. മകനെ വീട്ടില്‍ കയറിയാണ് നാലംഗ സംഘം മര്‍ദ്ദിച്ചത്. എന്നാല്‍ വീട്ടുമുറ്റത്ത് വെച്ച് മര്‍ദ്ദിച്ചെന്നാണ് എഫ്ഐആര്‍. കുട്ടി കൊടുത്ത മൊഴി പ്രകാരമല്ല പൊലീസ് എഫ്ഐആര്‍ ഇട്ടതെന്ന് കുടുംബം ആരോപിക്കുന്നു.

സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഒരു പ്രതിയെ പോലും പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അയിരൂർ പൊലീസിൽ നിന്ന് നീതി കിട്ടിയില്ലെങ്കിൽ ബാലാവകാശ കമ്മീഷനെ അടക്കം സമീപിക്കാനാണ് രക്ഷിതാക്കളുടെ തീരുമാനം. ഇടിവളകൊണ്ട് തലയിൽ ശക്തമായ അടിയേറ്റ് ചെവിയിൽ നിന്നും ചോരയൊലിക്കുന്ന നിലയിലാണ് പതിനഞ്ചുകാരനേയും കൊണ്ട് അച്ഛൻ അയിരൂര്‍ പൊലീസ് സ്റ്റേഷനിൽ ചെന്ന് പരാതി നൽകിയത്. കുട്ടിയെ ആദ്യം വർക്കല താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. കുട്ടി നൽകിയ മൊഴിയനുസരിച്ച് സെയ്ദ്, വിഷ്ണു, ഹുസൈന്‍, അല്‍ അമീന്‍ എന്നീ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ഇതിൽ ഒരാളെ പോലും പിടികൂടാൻ പൊലീസ് തയ്യാറായിട്ടില്ല. 

സംഭവം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സ്റ്റേഷനിലെ അന്വേഷണ സംഘത്തോട് ഈ കേസ് മുൻഗണന നൽകി അന്വേഷിക്കാൻ ഉന്നത ഉദ്യോഗസ്ഥര്‍ നിർദ്ദേശം നൽകി. സംഭവവുമായി ബന്ധപ്പെട്ട് പ്രയാപൂർത്തിയാവാത്ത രണ്ട് പേരെ വിളിച്ച് വരുത്തിയതായും സൂചനയുണ്ട്. ഈ മാസം രണ്ടാം തിയ്യതി കുളത്തില്‍ കുളിക്കാന്‍ പോകും വഴിയാണ് വര്‍ക്കല ഇടവപ്പുറത്ത് വച്ച് 15 കാരനെ ലഹരി മാഫിയ സംഘം കഞ്ചാവ് ബീഡി വലിക്കാൻ നിർബന്ധിച്ചത്. സംഭവം രക്ഷിതാക്കളെ അറിയിച്ചതിന് പിന്നാലെ പിറ്റേന്ന് അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios