ഒമാനിൽ നിന്നും നെതർലന്റ്സിൽ നിന്നും അയച്ച പാഴ്സലുകളില്‍ എത്തിയ എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടിച്ചെടുത്തു.

തിരുവനന്തപുരം: വിദേശത്ത് നിന്നും പാഴ്സല്‍ വഴി ലഹരിമരുന്ന് സംസ്ഥാനത്തേക്ക് എത്തിക്കുന്നവർക്കായി വിവിധ ജില്ലകളില്‍ എക്സൈസിന്‍റെ (Excise) പരിശോധന. കൊച്ചിയില്‍ (Kochi) പാഴ്സല്‍ വഴി ലഹരിമരുന്ന് എത്തിച്ച കോഴിക്കോട് സ്വദേശിയെ ഒരു കോടിയോളം വിലമതിക്കുന്ന മയക്കുമരുന്നുമായി പിടികൂടി. വിവിധ ജില്ലകളില്‍ ഇപ്പോഴും പരിശോധന തുടരുകയാണ്. സംസ്ഥാനത്തേക്ക് പാഴ്സല്‍ വഴി ലഹരിമരുന്ന് കടത്ത് വ്യാപകമാകുന്നുണ്ടെന്നും പരിശോധനകൾ ശക്തമാക്കുമെന്നും എക്സൈസ് അറിയിച്ചു. 

വിദേശത്ത് നിന്നും പാഴ്സലുകൾ സംസ്ഥാനത്തേക്ക് എത്തുന്ന കൊച്ചിയിലെ ഇന്‍റർനാഷണല്‍ മെയില്‍ സെന്‍ററില്‍ ഇന്നലെ ലഭിച്ച പാഴ്സലുകളിലാണ് രാസലഹരിവസ്തുക്കൾ കണ്ടെത്തിയത്. 1.91 ഗ്രാം വരുന്ന 31 എല്‍എസ്ഡി സ്റ്റാമ്പുകളാണ് ഒമാനില്‍നിന്നും നെതർലന്‍റ്സില്‍നിന്നും എത്തിയ പാഴ്സലിലുണ്ടായിരുന്നത്. കോഴിക്കോട് സ്വദേശി ഫസലുവാണ് ഒരു പാഴ്സല്‍ കൈപ്പറ്റേണ്ടിയിരുന്നത്. കൊച്ചി എക്സൈസ് ഉടന്‍ കോഴിക്കോട്ടെ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും മാങ്കാവിലെ ഇയാളുടെ വീട്ടില്‍ പരിശോധന നടത്തുകയും ചെയ്തു. വീട്ടില്‍ അലമാരയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത് ഒരു കോടിയോളം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കൾ. 

83 എല്‍എസ്ഡി സ്റ്റാമ്പ്, ഒന്നരകിലോയോളം ഹാഷിഷ് ഓയില്‍, മൂന്ന് ഗ്രാം കൊക്കെയ്ന്‍, രണ്ടര ഗ്രാം എംഡിഎംഎ എന്നിവയാണ് പിടികൂടിയത്. എല്‍എസ്ഡി സ്റ്റാമ്പുകൾ ഇയാൾ നേരത്തെ ഗൾഫില്‍നിന്നും പാഴ്സല്‍ വഴി സംസ്ഥാനത്തേക്ക് എത്തിച്ചതാണ്. രണ്ടാമത്തെ പാഴ്സല്‍ കൈപ്പറ്റേണ്ടയാൾക്കായി എക്സൈസ് പരിശോധന തുടരുകയാണ്. പ്രതിയുടെ പക്കല്‍നിന്നും ലഹരിവാങ്ങിയവരെയും മറ്റ് കണ്ണികളെയും കണ്ടെത്തി അന്വേഷണം വിപുലപ്പെടുത്തും. ഇതിനായി ഇയാളുടെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിക്കും.