പയ്യന്നൂർ: ബൈക്ക് യാത്രക്കാരായ ദമ്പതികളെ അപകടത്തിലാക്കി നടുറോഡിൽ മദ്യപാനിയുടെ നൃത്തം. പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് സമീപം റെയിൽവേ സ്റ്റേഷൻ റോഡിൽ വച്ചാണ് മദ്യപൻ നൃത്തം ചെയ്ത് അപകടമുണ്ടാക്കിയത്. മദ്യപാനിയെ ഇടിക്കാതിരിക്കാൻ വാഹനം വെട്ടിച്ചതാണ് ദമ്പതികൾ അപകടത്തിലാകാൻ കാരണം. അപകടത്തിൽനിന്ന് ദമ്പതികൾ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മദ്യലഹരിയിൽ നടുറോഡിൽ പുറകോട്ട് ചുവടുവച്ച് നടക്കുകയായിരുന്നു മധ്യവയ്ക്കൻ. ഇയാളെ തട്ടാതിരിക്കാൻ റോഡിലൂടെ വന്ന ബൈക്ക് യാത്രക്കാരൻ വാഹനം വെട്ടിച്ചു. എന്നാൽ ബൈക്കിന്റെ ഹാൻഡിൽ ഇയാളുടെ ദേഹത്ത് തട്ടി ദമ്പതികൾ റോഡിലേക്ക് വീഴുകയായിരുന്നു. നിസാരമായി പരിക്കേറ്റ വാടിപ്പുറത്തെ സാബു, ഭാര്യ സിന്ധു എന്നിവർ സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.

ടിപ്പർ ഡ്രൈവറാണ് അപകടമുണ്ടാക്കിയയാൾ എന്നാണ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ആരും പരാതി നൽകിയിട്ടില്ലെങ്കിലും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴി‍ഞ്ഞ നാലാം തീയ്യതിയാണ് സംഭവം നടന്നതെന്നാണ് പൊലീസ് നിഗമനം.