മംഗളൂരു തുറമുഖത്ത് മനുഷ്യ വിസർജ്യം കലർന്ന് ദുർഗന്ധം വമിക്കുന്ന വെള്ളത്തിലിട്ട് മീൻ കഴുകുന്നതിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.  

മംഗളൂരു: ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ടൺകണക്കായി എത്തിക്കുന്ന ഉണക്കമീൻ തയ്യാറാക്കുന്നത് അത്യന്തം വൃത്തിഹീനമായി. മംഗളൂരു തുറമുഖത്ത് മനുഷ്യ വിസർജ്യം കലർന്ന് ദുർഗന്ധം വമിക്കുന്ന വെള്ളത്തിലിട്ട് മീൻ കഴുകുന്നതിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഈച്ചയും പ്രാണിയും അറയ്ക്കുന്ന കൽ ഭരണികളിലിട്ട് ഉപ്പ് പുരട്ടിയശേഷം നിലത്തിട്ടാണ് മീൻ ഉണക്കുന്നത്. ഗുരുതര രോഗങ്ങളുണ്ടാകാൻ സാധ്യതയുള്ള ഈ ഭക്ഷ്യവസ്തു ഒരു പരിശോധനയും ഇല്ലാതെയാണ് അതിർത്തി കടക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണ പരമ്പര ''ഫുഡ് എല്ലാം ഗുഡ് അല്ല'' തുടരുന്നു... 

ഉണക്ക മത്തിയും മുള്ളനും തിരണ്ടിയുമൊക്കെ വറുത്തത് കഴിക്കുന്നത് ഓർക്കുമ്പോൾ തന്നെ മലയാളിയുടെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറയും. സംസ്ഥാനത്തെ എല്ലാ ചെറുപട്ടണങ്ങളിലും സുലഭമായ ഉണക്കമീൻ എത്തുന്നത് കർണാടക തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ്. ഉണക്കമീൻ തയ്യാറാകുന്നത് എങ്ങനെയാണെന്ന് അന്വേഷിക്കാനാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ സംഘം മംഗലാപുരം തുറമുഖത്ത് എത്തിയത്. അത്യന്തം വൃത്തിഹീനമായ സാഹചര്യത്തില്‍ ഉണക്കമീൻ തയ്യാറാക്കുന്ന ദൃശ്യങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്.

പുലർച്ചെ മുതൽ സജീവമായ തുറമുഖത്ത് പത്തിനൊന്ന് മണിയോടെ ഗുണമേൻമയുള്ള പച്ച മത്സ്യങ്ങളത്രയും കച്ചവടം ചെയ്ത് തീരും. ബാക്കിയാകുന്ന, അഴുകിത്തുടങ്ങിയ മത്സ്യം ചുളുവിലയ്ക്ക് എടുത്താണ് ഉണക്കമീനാക്കാൻ അടുത്തുള്ള മുക്കുവ ദ്വീപിലേക്ക് കൊണ്ടുപോകുന്നത്. ചെറു ചെറു യൂണിറ്റുകളായി ബിഹാറിൽ നിന്നും ഉത്തർപ്രദേശിൽ നന്നുമൊക്കെ എത്തിയ സ്ത്രീകളാണ് ഉണക്കമീൻ തയ്യാറാക്കുന്നത്. അഴുക്ക് നിറഞ്ഞ നിലത്ത് കൂട്ടിയിട്ടാണ് ഇവര്‍ മീൻ മുറിക്കുന്നത്. മീൻ കഴുകാനായി കൊണ്ടുപോകുന്ന ഇടം കണ്ടല്‍ എല്ലാവരും ഞെട്ടും. മനുഷ്യ വിസർജ്യം കലർന്ന, മാലിന്യങ്ങൾ അടിഞ്ഞുകൂടി കറുത്ത നിറമായ വെള്ളത്തിൽ രണ്ട് തവണ മുക്കിയെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്.

അഴുക്ക് വെള്ളത്തി മുക്കിയെടുത്ത മീൻ ഉപ്പ് പുരട്ടാനായി കൊണ്ടിടുന്നത് ഈച്ചയും പ്രാണിയും അറയ്ക്കുന്ന കൽ ഭരണികളിലാണ്. ആഴ്ചകൾ ഇതേ ലായനി ഉപയോഗിക്കും. ഉപ്പ് പിടിച്ചാൽ പിന്നെ നിലത്തിട്ട് ഉണക്കലാണ്. പലയിടങ്ങളിലും മനുഷ്യ വിസർജ്യം നിറഞ്ഞ സ്ഥലത്താണ് മീന്‍ ഉണക്കുന്നത്. പ്രദേശത്ത് അങ്ങിങ്ങായി പട്ടികൾ അലഞ്ഞ് നടക്കുകയാണ്. ക‍‍‍ർണാടക ഫിഷറീസ് വകുപ്പോ മംഗലൂരു മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗമോ ഒരു പരിശോധനയും ഇവിടങ്ങളിൽ നടത്താറില്ല. അതിർത്തി കടന്ന് കേരളത്തിലെത്തുമ്പോഴും ഉണക്കമീൻ പരിശോധിക്കുന്നില്ല. ഇഷ്ടമുള്ളൊരു വിഭവം മലയാളി എന്തുറപ്പിൽ ആരെ വിശ്വസിച്ച് കഴിക്കും എന്നാണ് സ‍ർക്കാരിനോടുള്ള ചോദ്യം.