നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെ വിട്ട സംഭവത്തിൽ പ്രതികരിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. അതിജീവിതയ്ക്കൊപ്പം മരണം വരെ ഉണ്ടാകും. കോടതിക്കെതിരെ രൂക്ഷമായി വിമർശനമാണ് നടത്തിയത്. 

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ട സംഭവത്തിൽ പ്രതികരണവുമായി ഡബ്ബിംഗ് ആടിസ്റ്റ് ഭാഗ്യലക്ഷ്മി. മരണം വരെ അവൾക്ക് ഒപ്പമാണ്. അതിജീവിതയും നീതി നിഷേധത്തിന്റ ഷോക്കിലാണ്. അതിജീവിതയുടെ വീട്ടിലിരുന്നാണ് താൻ സംസാരിക്കുന്നതെന്നും ഭാഗ്യലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ദിലീപിനെതിരെയും ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. മഞ്ജു വാര്യർക്ക് എതിരായ ആക്ഷേപം അനാവശ്യമാണ്. അമ്മ ഈ വിധി ആഘോഷിക്കുമെന്നും വരും ദിവസങ്ങളിൽ അത് കാണാമെന്നും ഭാഗ്യലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഇന്ന് രാവിലെ 11 മണിക്കായിരുന്നു വിചാരണക്കോടതിയുടെ വിധി വന്നത്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ളവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല.