കോഴിക്കോട്: ബാബറി മസ്‌ജിദ് ഗൂഢാലോചന കേസിൽ നീതി നടപ്പിലാക്കപ്പെട്ടില്ലെന്ന് ഡിവൈഎഫ്ഐ. അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസും സംസ്ഥാന സെക്രട്ടറി എഎ റഹീമും വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. 2019 നവംബർ എട്ടിന്റെ സുപ്രീം കോടതി വിധിയിൽ സംഭവം തെറ്റാണെന്ന് പറഞ്ഞു. ആ തെറ്റിനെ സംരക്ഷിക്കുന്ന സമീപനമാണ് സിബിഐ സ്പെഷൽ കോടതിയുടേതെന്ന് റിയാസ് കുറ്റപ്പെടുത്തി.

പ്രതികൾക്കെതിരെ തെളിവില്ലെന്ന് പറയുന്നു, എന്നാൽ ലിബർഹാൻ കമ്മീഷൻ കണ്ടെത്തിയ തെളിവുകൾ എവിടെ? അദ്വനി ആൾക്കൂട്ടങ്ങളെ തടയാൻ ശ്രമിച്ചെന്ന് പറയുന്നു. ആര് ആഹ്വാനം ചെയ്തിട്ടാണ് ആൾക്കൂട്ടം അവിടെയെത്തിയത്? അദ്വാനി തടയാൻ ശ്രമിച്ചു എന്നത് അപഹാസ്യമായ വിധിയാണ്. ശ്രീരാമന്റെ പേര് പറഞ്ഞാണ് പള്ളി പൊളിച്ചത്. വർഷങ്ങളുടെ ഗുഢാലോചന നടത്തിയാണ് പള്ളി പൊളിച്ചത്. അദ്വാനിയുടെ രഥയാത്രയിൽ പള്ളി പൊളിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2020 സപ്തംബർ 30 ഇന്ത്യ വീണ്ടും കൊല്ലപ്പെട്ട ദിനമാണ്. കോൺഗ്രസിന് മാറി നിൽക്കാനാവില്ല. ബിജെപിക്ക് ചൂട്ട് കത്തിച്ച് കൊടുത്ത പണിയാണ് കോൺഗ്രസ് ചെയ്തതെന്നും റിയാസ് ആരോപിച്ചു.

ജുഡീഷ്യറിയോടുള്ള വിശ്വാസത്തിൽ ചോർച്ച വന്നോയെന്ന് പരിശോധിക്കണമെന്ന് റഹീം പറഞ്ഞു. അടിയന്തരമായി അപ്പീലിന് പോകണം. നീതി നിഷേധത്തിനെതിരെ ഡിവൈഎഫ്ഐ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. നാളെ ഇൻജസ്റ്റിസ് എന്ന പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. വീടുകളിൽ, ജോലി സ്ഥലങ്ങളിൽ ഓഫീസികളിലെല്ലാം പരിപാടികൾ സംഘടിപ്പിക്കും. ഒരു ലക്ഷം കേന്ദ്രങ്ങളിലാണ് പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് ഡിവൈഎഫ്ഐ പ്രതിഷേധിക്കുക. എല്ലാ രാഷ്ട്രീയ പാർട്ടിയിലും വിശ്വസിക്കുന്ന യുവാക്കളെ കൂടെ നിന്ന് പ്രവർത്തിക്കാൻ സ്വാഗതം ചെയ്യുന്നു. 

കേരളത്തിൽ ബിജെപിയും കോൺഗ്രസും ഒന്നായാണ് പ്രവർത്തിക്കുന്നത്. കേരളത്തിൽ ഇടതുപക്ഷം ഇല്ലായിരുന്നെങ്കിൽ ഇന്ന് കോൺഗ്രസ് വിജയ ദിവസമായി ആഘോഷിച്ചേനെ. അനീതിക്കെതിരെ ആരുമായും ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണ്. മുഖ്യശത്രു സിപിഎം ആണ് ബിജെപിയല്ല എന്ന അഭിപ്രായം തന്നെയാണോ പികെ കുഞ്ഞാലിക്കുട്ടി എം പി ക്ക് ഇപ്പോഴുമെന്ന് റഹീം ചോദിച്ചു.