Asianet News MalayalamAsianet News Malayalam

കോഴിക്കോട് മെഡിക്കല്‍ കോളേജ് സുരക്ഷാജീവനക്കാരനെ മര്‍ദ്ദിച്ച കേസ്: ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉൾപ്പെടെയുള്ള നേതാക്കൾ കോടതിയിലെത്തി.

dyfi activists remanded on case of attacked security employee in kozhikode medical college
Author
First Published Sep 6, 2022, 11:01 PM IST

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസില്‍ പ്രതികളായ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കോഴിക്കോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കു റിമാൻറ് ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉൾപ്പെടെയുള്ള നേതാക്കൾ കോടതിയിലെത്തി.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസില്‍ ഡിവൈഎഫ്ഐക്കാരായ അഞ്ച് പ്രതികള്‍ ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതിനെത്തുടര്‍ന്ന് കീഴടങ്ങിയിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം കെ അരുണ്‍ ഉള്‍പ്പടെയുളളവര്‍ നടക്കാവ് സ്റ്റേഷനില്‍ കീഴടങ്ങിയത്. മെഡിക്കല്‍ കോളേജിന്‍റെ പ്രധാന കവാടത്തില്‍ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരെയും ഒരു മാധ്യമ പ്രവര്‍ത്തകനെയും ക്രൂരമായി മര്‍ദ്ദിച്ച സംഭവം നടന്ന് ഒരാഴ്ചയായിട്ടും പൊലീസിന് കണ്ടെത്താനാവാതിരുന്ന പ്രതികളാണ് കോടതി മുന്‍കൂര്‍ ജാമ്യേപക്ഷ തളളിയതിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. 

ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗവും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ കെ അരുണ്‍, ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളായ അശിന്‍, രാജേഷ്, മുഹമ്മദ് ഷബീര്‍, സജിന്‍ എന്നിവരാണ് ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെ നടക്കാവ് സ്റ്റേഷനില്‍ കീഴടങ്ങിയത്. തുടര്‍ന്ന് നടക്കാവ് പൊലീസ് പ്രതികളെ മെഡിക്കല്‍ കോളേജ് സ്റ്റേഷനിലെത്തിച്ചു. സുരക്ഷാ ജീവനക്കാരെ ആക്രമിച്ച സംഘത്തില്‍ 16 പേരുണ്ടെങ്കിലും പൊലീസ് പ്രതി ചേര്‍ത്തത് ഏഴ് പേരെയാണ്. ഇതില്‍ രണ്ടുപേര്‍ ഒളിവിലാണ്. സംഘത്തിലുണ്ടായിരുന്ന മറ്റുളളവരെ തിരിച്ചറിയാനായിട്ടില്ലെന്നാണ് പൊലീസ് വാദം.

അതേസമയം മെഡിക്കല്‍ കോളേജിന്‍റെ സമീപ പ്രദേശങ്ങളിലെ താമസക്കാരായ പ്രതികള്‍ നഗരം വിട്ട് പോയിട്ടില്ലെന്ന് വ്യക്തമായിട്ടും എന്തുകൊണ്ട് ഇവരെ പിടികൂടാനായില്ലെന്ന ചോദ്യത്തിന് അന്വേഷണ സംഘത്തിന് മറപടിയില്ല. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും ആവശ്യപ്പെട്ട് മര്‍ദ്ദനമേറ്റ സുരക്ഷാ ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. മെഡിക്കല്‍ കോളേജ് ആക്രമണ കേസിലെ ഒന്നാം പ്രതിയായ അരുണ്‍ കേരള മെഡിക്കൽ സർവീസ് കോർപറേഷൻ കരാര്‍ ജീവനക്കാരനായിട്ടും ഇയാളെ പുറത്താക്കുന്നില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടുവണ്ണൂരിലെ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഗോഡൗണിലേക്ക് മാര്‍ച്ച് നടത്തി.

Follow Us:
Download App:
  • android
  • ios