കെസിപിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കെടുത്തതായും ഡിവൈഎഫ്ഐ ആരോപിച്ചു. 

തിരുവനന്തപുരം : എ.കെ.ജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിലെ അന്വേഷണം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയതിന് പിന്നാലെ ആരോപണങ്ങളുന്നയിച്ച് ഡിവൈഎഫ്ഐ. എകെജി സെന്റർ ആക്രമണത്തിൽ യൂത്ത് കോൺഗ്രസിന് വ്യക്തമായ പങ്കുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ആരോപിച്ചു. കെസിപിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കെടുത്തതായും ഡിവൈഎഫ്ഐ ആരോപിച്ചു. 

കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കുന്നതിന് വേണ്ടിയുള്ള ശ്രമം ഒരു ഭാഗത്ത് നടന്നുവരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കലാപാഹ്വാനവും ആസൂത്രണവും നടന്നു. അതിന്റെ ഭാഗമാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിലുണ്ടായ ആക്രമണം. ജനാധിപത്യപരമായ പ്രതിഷേധങ്ങളോട് ഡിവൈഎഫ്ഐക്ക് എതിർപ്പില്ല. പക്ഷേ മുഖ്യമന്ത്രിയെ അപായപ്പെടുത്തിയുള്ള പ്രതിഷേധത്തിൽ ശരികേടുണ്ട്. എന്നിട്ടും വേണ്ടത്ര പ്രകോപനമുണ്ടായില്ലെന്ന് കരുതിയാണ് പാർട്ടിഓഫീസുകൾ ആക്രമിക്കുകയും എകെ ജി സെന്ററിലേക്ക് ബോംബ് എറിയുകയുമുണ്ടായത്. 

എകെജി സെന്റർ ആക്രമണ കേസ്, അന്വേഷണം യൂത്ത് കോൺഗ്രസ് പ്രവർത്തകരിലേക്ക്; തെളിവിനിയും വേണമെന്ന് ക്രൈംബ്രാഞ്ച്

സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമായി നടക്കുന്നുണ്ട്. യൂത്ത് കോൺഗ്രസിന് ഇതിൽ ശക്തമായ പങ്കുണ്ടെന്ന് വ്യക്തമാണ്. കെസിപിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കുണ്ട്. കണ്ണൂരിൽ നിന്ന് ക്രിമിനൽ സംഘത്തെ വിമാനത്തിലിങ്ങോട്ട് അയച്ചത് ഏതെങ്കിലും യൂത്ത് കോൺഗ്രസുകാരന്റെ ബുദ്ധിയിലുതിച്ചതാണെന്ന് കരുതുന്നില്ലെന്നും പിന്നിൽ വലിയ സംഘമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

തലസ്ഥാനത്തെ എകെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസിലെ അന്വേഷണം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്. വിവിധ മേഖലകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ കഴക്കൂട്ടം - മേനംകുളം കേന്ദ്രീകരിച്ചുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ചുള്ളത്. സംശയിക്കുന്ന ചിലരുടെ മൊഴികളിൽ ദുരുഹതയുണ്ടെന്നാണ് അന്വേഷണ സംഘം വിശദീകരിക്കുന്നത്. സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഇനിയും തെളിവുകൾ ശേഖരിക്കാനുണ്ടെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു.