തിരുവനന്തപുരം: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ ഡിവൈഎഫ്ഐ രംഗത്ത്.അടൂർ ഗോപാലകൃഷ്ണനെതിരെ പ്രകോപനകരമായ പ്രതികരണം നടത്തിയ ബിജെപി നേതാവിന്റെ വാക്കുകൾ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. 

ലോകം ആദരിക്കുന്ന മഹാ പ്രതിഭയാണ് അടൂർ ഗോപാലകൃഷ്ണൻ. രാജ്യത്ത് വർധിച്ചുവരുന്ന ആൾക്കൂട്ട കൊലപാതകങ്ങളേയും ജയ്‌ശ്രീറാം വിളിപ്പിച്ച് ആൾക്കൂട്ട വിചാരണ നടത്തുന്ന സാഹചര്യത്തെയും വിമർശിച്ചു കൊണ്ട് അടൂര്‍ പ്രസ്താവനയിറക്കിയതാണ് ബിജെപി നേതാക്കളെ അസ്വസ്ഥരാക്കിയിരിക്കുന്നത്.

എല്ലാ പൗരന്‍മാരെയും പോലെ അടൂരിനും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. അതിനിയും ഉണ്ടാവും. ഭീഷണിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കേണ്ട. ആര്‍എസ്എസിന്‍റെ ഇത്തരം ഭീഷണികള്‍ കേരളത്തില്‍ വിലപ്പോവില്ല. ഈ വിഷയത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന് പൂര്‍ണപിന്തുണ പ്രഖ്യാപിക്കുന്നതായി ഡിവൈഎഫ്ഐ പ്രസ്താവനയിലൂടെ അറിയിച്ചു. 

ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും നാവുകളെ നിശബ്ദമാക്കുക എന്നത് ആർഎസ്എസിന്റെ എക്കാലത്തെയും പദ്ധതിയാണെന്നും ഇത്തരം ഹീനമായ ശ്രമങ്ങളെ അതിജീവിക്കാനുള്ള കരുത്ത് കേരളത്തിനുണ്ടെന്നും ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി. ആദരണീയനായ അടൂർ ഗോപാലകൃഷ്ണനെതിരെ ഭീഷണി മുഴക്കിയ ബിജെപി യുടെ രാഷ്ട്രീയ നെറികേടിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിരോധമുയർത്തണമെന്നും ഡി വൈ എഫ്‌ ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് വാർത്താ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.