സമരം ഒത്തുതീർത്തത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നുള്ള പ്രതിപക്ഷ ആരോപണം ജാള്യത മറക്കാൻ വേണ്ടിയാണ്
തിരുവനന്തപുരം: ഉദ്യോഗാർത്ഥികളുമായി മാർച്ച് നാലിന് ഡിവൈഎഫ്ഐ ചർച്ച നടത്തും. ചർച്ചയിൽ നിന്ന് സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന സിപിഒ ലിസ്റ്റുകാരെ ഒഴിവാക്കി. എൽജിഎസ് ഉദ്യോഗാർത്ഥികളുടെ സമരം അവസാനിപ്പിക്കാനായത് സംസ്ഥാന സർക്കാരിന്റെ നേട്ടമാണെന്ന് സംഘടനയുടെ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞു.
സമരം ഒത്തുതീർത്തത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നുള്ള പ്രതിപക്ഷ ആരോപണം ജാള്യത മറക്കാൻ വേണ്ടിയാണ്. ഉത്തരവ് ഇറക്കാൻ പ്രതിപക്ഷത്തിന്റെ അനുമതി വേണ്ട. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. പ്രതിപക്ഷത്തിന്റേത് ദുഷ്ടമനസാണെന്നും കുബുദ്ധിക്കേറ്റ തിരിച്ചടിയാണ് ഉദ്യോഗാർത്ഥികളുടെ സമരം അവസാനിപ്പിക്കാനുള്ള തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
സമരം തുടരുന്ന സിപിഒ ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തില്ല. അവരുടെ ആവശ്യം ന്യായമാണെന്ന് തോന്നുന്നില്ലെന്നും റഹീം പറഞ്ഞു. അതേസമയം ഡിവൈഎഫ്ഐയുമായി ചർച്ച എന്നോ നിർത്തിയതാണെന്ന് സിപിഒ ഉദ്യോഗാർത്ഥികൾ പറഞ്ഞു. ഡിവൈഎഫ്ഐയിൽ പ്രതീക്ഷ നഷ്ടപെട്ടു. സിപിഒ ഉദ്യോഗാർത്ഥികൾക്കായി സർക്കാർ ഒന്നും ചെയ്തില്ല. സമരം ശക്തമായി തുടരും. മാർച്ച് മൂന്നാം തിയതി കൂടുതൽ ഉദ്യോഗാർത്ഥികളെ സംഘടിപ്പിച്ച് പ്രതിഷേധിക്കുമെന്നും സമരക്കാരുടെ പ്രതിനിധിയായ ഷിയാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
