മുഖ്യമന്ത്രിയെ ആക്രമിക്കാൻ വരുന്നവരെ തെരുവിൽ നേരിടുമെന്നും പ്രതിരോധിക്കാൻ ഞങ്ങള്‍ ഉണ്ടാകുമെന്നും ഷാജർ പറഞ്ഞു.
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തില്‍ പ്രതിഷേധിച്ചയാള്‍ക്ക് നേരെ പരസ്യഭീഷണിയുമായി ഡിവൈഎഫ്ഐ. ഫർസീൻ മജീദ് ഇനി സ്കൂളിലെത്തിയാൽ അടിച്ച് കാല് പൊട്ടിക്കുമെന്ന് ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരിലൊരാളായ ഫര്‍സീന്‍ മജീദ് മട്ടന്നൂർ യുപി സ്കൂളിലാണ് ജോലി ചെയ്യുന്നത്. മുഖ്യമന്ത്രിയെ ആക്രമിക്കാൻ വരുന്നവരെ തെരുവിൽ നേരിടുമെന്നും പ്രതിരോധിക്കാൻ ഞങ്ങള്‍ ഉണ്ടാകുമെന്നും ഷാജർ പറഞ്ഞു.
മുഖ്യമന്ത്രിക്കൊപ്പം രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഇന്നലെ വിമാനത്തിലുണ്ടായിരുന്നത്. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻ കുമാർ തുടങ്ങിയവരാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവരിലൊരാൾ കറുത്ത കുപ്പായമാണ് അണിഞ്ഞിരുന്നത്. ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ വിമാനത്താവളത്തിൽ കണ്ടപ്പോൾ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ആര്‍സിസിയിൽ രോഗിയെ കാണാൻ പോകുന്നു എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. തിരുവനന്തപുരത്തേക്ക് പോകാനുള്ള ടിക്കറ്റ് കൈവശമുണ്ടായിരുന്നത് കൊണ്ടും ചോദ്യം ചെയ്തതിൽ മറ്റ് പ്രശ്നങ്ങൾ ഇല്ല എന്ന് മനസിലായത് കൊണ്ടുമാണ് ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചതെന്ന് പൊലീസ് പറഞ്ഞു.
വിമാനത്തിൽ 8 എ, 8 സി, 7 ഡി എന്നീ സീറ്റുകളിൽ യാത്ര ചെയ്തിരുന്നവരാണ് അതിക്രമം കാണിച്ചതെന്നാണ് എയർപോർട്ട് മാനേജർ വിജിത്ത് പരാതി നൽകിയിട്ടുള്ളത്. കണ്ണൂരിൽ നിന്നുമെത്തിയ മൂന്ന് യാത്രക്കാർ അതിക്രമം കാണിച്ചുവെന്ന് കാണിച്ച് ഇൻഡിഗോ ഗ്രൗണ്ട് ഹാൻഡിലിംഗ് മാനേജരും പരാതി നൽകിയിട്ടുണ്ട്.
