Asianet News MalayalamAsianet News Malayalam

'കോടികളുടെ തട്ടിപ്പ്'; ഫിറോസ്‌ കുന്നംപറമ്പിലിനെതിരെ അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ

ജില്ലയിൽ തന്നെ നിരവധി നേതാക്കൾ ഉണ്ടായിട്ടും മുസ്ലീം ലീഗ്‌ അനുഭാവിയായ ഫിറോസ്‌ കുന്നംപറമ്പിലിന്‌ സീറ്റ്‌ നൽകിയത്‌ നാല്‌ കോടി രൂപ കോഴ വാങ്ങിയാണെന്ന്‌ ആക്ഷേപമുയർന്നിട്ടുണ്ടെന്ന് ഡിവൈഎഫ്‌ഐയുടെ പ്രസ്താവനയില്‍ പറയുന്നു.

dyfi malappuram district secretariat against firoz kunnamparambil
Author
Malappuram, First Published May 6, 2021, 7:22 PM IST

മലപ്പുറം: തവനൂരിലെ യുഡിഎഫ്‌ സ്ഥാനാർഥിയായി മൽസരിച്ച ഫിറോസ്‌ കുന്നംപറമ്പിലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന്‌ ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ്‌. ചികിത്സാ സഹായത്തിന്റെ പേരിൽ വിദേശ രാജ്യങ്ങളിൽ നിന്നടക്കം പണപ്പിരിവ്‌ നടത്തുന്ന ഫിറോസിന്റെ സാമ്പത്തിക ഇടപാടുകൾ സംശയകരമാണ്‌. സന്നദ്ധ പ്രവർത്തനത്തിന്റെ മറവിൽ കോടികളുടെ തട്ടിപ്പാണ്‌ അദ്ദേഹം നടത്തുന്നതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. 

ചികിത്സാ സഹായത്തിന്റെ പേരിൽ വ്യക്തിപരമായ നേട്ടം മാത്രമാണ്‌ ഫിറോസ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയില്‍ പറഞ്ഞു. സ്‌ത്രീകളെ അപമാനിക്കൽ, പിടിച്ചുപറി, ഭവനഭേദനം എന്നിങ്ങനെ നിരവധി കേസുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്‌. സ്‌ത്രീത്വത്തെ അപമാനിച്ചതിന്‌‌ പാലക്കാട്‌ ആലത്തൂർ പൊലീസ്‌ സ്‌റ്റേഷനിൽ കേസ്‌ രജിസ്‌റ്റർ ചെയ്തു. ഭീഷണിപ്പെടുത്തിയതിനും വീട്ടിൽ കയറി അതിക്രമം കാട്ടിയതിനും ‌എറണാകുളം ചേരാനല്ലൂർ സ്‌റ്റേഷനിലും കേസുണ്ട്‌. ഇത്തരത്തിൽ ഒരാൾക്കാണ്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസ്‌ സീറ്റ്‌ വിട്ടു നൽകിയത്‌. ജില്ലയിൽ തന്നെ നിരവധി നേതാക്കൾ ഉണ്ടായിട്ടും മുസ്ലീം ലീഗ്‌ അനുഭാവിയായ ഫിറോസ്‌ കുന്നംപറമ്പിലിന്‌ സീറ്റ്‌ നൽകിയത്‌ നാല്‌ കോടി രൂപ കോഴ വാങ്ങിയാണെന്ന്‌ ആക്ഷേപമുയർന്നിട്ടുണ്ടെന്ന് ഡിവൈഎഫ്‌ഐയുടെ പ്രസ്താവനയില്‍ പറയുന്നു.

ഇതിന്റെ തെളിവാണ്‌ അദ്ദേഹത്തിനെതിരെ യൂത്ത്‌ കോൺഗ്രസ്‌ നേതാക്കൾ തന്നെ രംഗത്തെത്തിയത്‌. എല്‍ഡിഎഫിനെ പരാജയപ്പെടുത്താൻ  ബിജെപി വോട്ടുകൾ മറിക്കാനായി വലിയ തുക  നൽകിയതായും ആക്ഷേപം ഉയർന്നു കഴിഞ്ഞു.  പ്രാദേശിക നേതാക്കൾ ആവശ്യപ്പെടാതെ സംസ്ഥാന നേതൃത്വം അടിച്ചേൽപ്പിച്ച സ്ഥാനാർഥിയായിരുന്നു ഫിറോസ്‌ കുന്നംപറമ്പിലെന്ന്‌ യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി തന്നെ ഫേസ്‌ബുക്കിൽ പ്രതികരിച്ചിട്ടുണ്ട്‌. നിയമവിരുദ്ധമായി സാമ്പത്തിക ഇടപാടുകള്‍ നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന ഫിറോസ്‌ കുന്നംപറമ്പിലിനെതിരെ വിശദമായ അന്വേഷണം നടത്തണമെന്ന്‌ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios