തിരുവനന്തപുരം/കോഴിക്കോട്: യാത്രക്കിടെ കല്ലട ബസ്സിലെ ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്തുടനീളം കല്ലട ബസ്സിന്‍റെ ഓഫീസുകളിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കോഴിക്കോട് പാളയത്തുള്ള കല്ലട ഓഫിസിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിലെത്തി. മാര്‍ച്ചിനിടെ ഓഫീസിന്‍റെ ബോര്‍ഡും സിസിടിവി ക്യാമറയും  തല്ലിതകര്‍ത്തു. ഓഫിസ്  താഴിട്ടു പൂട്ടിയശേഷമാണ് പ്രവര്‍ത്തകര്‍ മടങ്ങിയത്. 

തിരുവനന്തപുരം തമ്പാനൂരിലെ കല്ലട ഓഫീസിലേക്കും ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തി. ഓഫീസ് ചില്ലുകൾ അടിച്ചുതർത്തു. സാമഗ്രികൾ വലിച്ചെറിഞ്ഞു. ഒരു ബസിന്‍റെ ചില്ലുകളും തകർത്തു. കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസെത്തിയാണ് നീക്കിയത്. 

മംഗലാപുരത്ത് നിന്ന് കയറിയ യുവതി ഉറക്കത്തിനിടയില്‍ ആരോ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ബഹളം വയ്ക്കുകയായിരുന്നു. ബസ് കോഴിക്കോട് എത്തിയപ്പോഴായിരുന്നു യുവതിയ്ക്ക് ദുരനുഭവം ഉണ്ടായത്. 

സംഭവത്തില്‍ കര്‍ശന നടപടിയുമായി മുന്നോട്ട് പോകുകയാണ് സംസ്ഥാന സര്‍ക്കാര്‍ . കേസില്‍ അറസ്റ്റിലായ ഡ്രൈവര്‍ ജോണ്‍സന്‍റെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്തർ സംസ്ഥാന ബസുകളിൽ ഭൂരിഭാഗത്തിന്‍റെയും രജിസ്ട്രേഷനും പെർമിറ്റും കേരളത്തിന് വെളിയിൽ നിന്നാണ് എടുത്തിരിക്കുന്നത്. അതുകൊണ്ട് ബസിന്‍റെ പെർമിറ്റ് റദ്ദാക്കാൻ സംസ്ഥാനത്തിന് പരിമിതിയുണ്ടെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു. മറ്റ് ചട്ടലംഘനങ്ങളിൽ കർശന നടപടി തുടരുമെന്നും എ കെ ശശീന്ദ്രൻ അറിയിച്ചു.