Asianet News MalayalamAsianet News Malayalam

'കൃപേഷിനെ അരിഞ്ഞ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ല', കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ

 മണ്ണാര്‍ക്കാട് നടത്തിയ പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ.

DYFI raised slogans of killing during the march held at Mannarkkad
Author
Palakkad, First Published Jul 1, 2022, 10:52 PM IST

പാലക്കാട്: എകെജി സെന്‍റര്‍  ആക്രമണത്തിൽ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് നടത്തിയ പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ. കൃപേഷിനെ അരിഞ്ഞു തള്ളിയ പൊന്നരിവാൾ അറബിക്കടലിൽ എറിഞ്ഞിട്ടില്ല. ആ പൊന്നരിവാൾ തുരുമ്പെടുത്ത് പോയിട്ടില്ല. വല്ലാണ്ടങ്ങ് കുരച്ചപ്പോൾ അരിഞ്ഞ് തള്ളി എന്നിങ്ങനെയാണ് മുദ്രാവാക്യം. ഇന്നലെ രാത്രി എകെജി സെന്‍ററിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം. 

എട്ട് പൊലീസുകാർ എകെജി സെന്‍ററിന് മുന്നിൽ സുരക്ഷാ ജോലി നോക്കുമ്പോഴാണ് സ്കൂട്ടിലെത്തിയ അക്രമി രാത്രി സ്ഫോടക വസ്തു വലിച്ചറിഞ്ഞ് രക്ഷപ്പെട്ടത്. എകെജി സെന്‍ററിനുള്ളിലിരുന്നവർ പോലും ഉഗ്ര സ്ഫോടക ശബ്ദം കേട്ടതായി പറയുന്നു. പക്ഷെ എകെജി സെന്‍ററിന് മുന്നിലും, എതിരെ സിപിഎം നേതാക്കള്‍ താമസിക്കുന്ന ഫ്ലാറ്റിന് മുന്നിലും നിലയിറപ്പിച്ചിരുന്ന പൊലീസുകാർ അക്രമിയെ കണ്ടില്ല. എകെജി ഹാളിലേക്ക് പോകുന്ന ഗേറ്റിൽ പൊലീസുകാരെ വിന്യസിച്ചിരുന്നില്ല. ഇവിടെയാണ് അക്രമം നടന്നത്.

ആക്രമണം സ്ഫോടകവസ്തു ഉപയോഗിച്ച് നാശനഷ്ടം വരുത്താനെന്നാണ് എഫ്ഐആറിലുള്ളത്. സ്ഫോടക വസ്തു നിരോധന നിയമവും സ്ഫോടനമുണ്ടാക്കി സ്വത്തിനും ജീവനും നാശം വരുത്തുന്ന വകുപ്പും ചുമത്തിയാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. എഫ്ഐആറിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അതേസമയം, എകെജി സെന്‍ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പൊലീസിന് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. 

എകെജി സെന്റർ ആക്രമണം: 'ഇത് കോൺഗ്രസ് ശൈലി അല്ല'; പൊലീസ് മറുപടി പറയണമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം എകെജി സെന്ററിനെതിരായ ബോംബാക്രമണത്തില്‍ പൊലീസ് മറുപടി പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. പൊലീസ് സംരക്ഷണത്തിലുള്ള ഓഫീസിലാണ് ആക്രമണമുണ്ടായത്. പൊലീസ് കാവലിൽ നടന്ന സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസ് കാവലിൽ എങ്ങനെ ഇത്തരം അക്രമം നടക്കുമെന്ന് ചോദിച്ച ഉമ്മൻ ചാണ്ടി, സംഭവത്തിലെ ദുരൂഹത പൊലീസ് നീക്കണമെന്ന് പറഞ്ഞു. പിന്നില്‍ കോണ്‍ഗ്രസാണ് എന്ന തെറ്റാണെന്നും ഇത് കോൺഗ്രസ് ശൈലി അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുൽ ഗാന്ധി വരുന്നതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നടപടിയെന്ന് ബെന്നി ബെഹനാനും ആരോപിച്ചു. സന്ദർശനത്തിന്‍റെ പ്രാധാന്യം കുറയ്ക്കാൻ സിപിഎം അറിവോടെ ചെയ്ത നീക്കമാണിത്. സംഭത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios