വേദനാ ജനകമായ സംഭവാണ് ഇതെന്നും ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കേണ്ട സമയമാണ് ഇതെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു
തിരുവനന്തപുരം: വന്ദന ദാസിന്‍റെ കൊലപാതകത്തിൽ പ്രതികരണവുമായി ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് രംഗത്ത്. വന്ദനയുടെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണ്. ലഹരിയുടെ അമിത ഉപയോഗത്തിൽ അക്രമിയുടെ ക്രൂരതയാണ് നടന്നത്. വേദനാ ജനകമായ സംഭവാണ് ഇതെന്നും ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കേണ്ട സമയമാണ് ഇതെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു. ഡി വൈ എഫ് ഐ ആ പോരാട്ടം ഏറ്റെടുത്ത് ശക്തമാക്കുമെന്നും വി കെ സനോജ് വിവരിച്ചു.
അതേസമയം ഡോക്ടർ വന്ദനയുടെ കൊലപാതകം സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. പ്രതിയെ ആശുപത്രിയിലെത്തിച്ചതുമുതലുള്ള വിശദമായ വിവരങ്ങൾ അടങ്ങുന്നതാണ് റിപ്പോർട്ട്. കൊലപാതകവും അക്രമവും അടക്കം ആശുപത്രിയിലെ സംഭവങ്ങളെല്ലാം നടന്നത് 20 മിനിട്ടിനുള്ളിലായിരുന്നു. പുലർച്ചെ 4:41 നാണ് സന്ദീപുമായി പൊലിസ് ആശുപത്രിയിലെത്തുന്നത്. പിന്നാലെ ഒ പി ടിക്കറ്റ് എടുത്തു. 4:53 ന് ഡ്രസിംഗ് മുറിയിലെ ദൃശ്യങ്ങൾ സന്ദീപ് വാട്സ് ആപ്പ് ഗ്രൂപ്പിലിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സന്ദീപ് ആക്രമണം തുടങ്ങിയത്. പുലർച്ചെ 4:53 നും 5.03 നും ഇടയിലായിരുന്നു അക്രമസംഭവങ്ങൾ അരങ്ങേറിയത്.
ആദ്യം ബന്ധു രാജേന്ദ്രനെയാണ് പ്രതി ആക്രമിച്ചത്. രാജേന്ദ്രനെ ചവിട്ടി വീഴ്ത്തിയ സന്ദീപ്, കത്രിയെടുത്ത് പുറത്ത് വന്ന് ബിനുവിനെ കുത്തുകയായിരുന്നു. കുത്തേൽക്കുന്നത് ബിനു പെട്ടെന്ന് ബിനു കണ്ടില്ല. ബിനുവിനെ കുത്തുന്നത് കണ്ട് തടയാൻ ശ്രമിച്ച ഹോം ഗാർഡ് അലക്സിനെ കുത്തുകയായിരുന്നു. പ്ലാസ്റ്റിക് കസേര കൊണ്ട് പ്രതിരോധിക്കാൻ ശ്രമിച്ച എ എസ് ഐ മണിലാലിനും ഇതിനിടെ കുത്തേറ്റു. തടയാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ രാജേഷിനെയും പ്രതി കുത്തി. ഇതിനിടയിലായിരുന്നു വന്ദനയോടുള്ള കൊടും ക്രൂരത. 5 മണിക്ക് കുത്തേറ്റ വന്ദനയുമായി സുഹൃത്ത് ഓടി പുറത്തേക്ക് വരുന്നു. 5.04 ന് വന്ദനയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയും ചെയ്തു. ഇതിന്‍റെയെല്ലാം സി സി ടി വി ദൃശ്യങ്ങൾ സഹിതമുള്ള വിശദമായ റിപ്പോർട്ടാണ് പൊലിസ് ഹൈക്കോടതിയിൽ സമർപ്പിച്ചത്.

