വടകരയിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഷാഫി പറമ്പിൽ എംപിയുടെ കാര്‍ തടഞ്ഞ സംഭവം സ്വാഭാവിക പ്രതികരണമാണെന്നും ഷാഫി നടത്തിയത് പ്ലാൻ ചെയ്തുള്ള പ്രതികരണമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് ഷാഫിക്കെതിരെ പ്രതിഷേധമുണ്ടായത്

കോഴിക്കോട്: ഷാഫി പറമ്പിൽ എം.പിയെ വടകരയിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഡിവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് വി വസീഫ്. ഡിവൈഎഫ്ഐ പ്രവർത്തകരോട് സ്വാഭാവിക പ്രതികരണം ആണെന്നും തീരുമാനിച്ച് നടപ്പാക്കിയത് അല്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് വസീഫ് പറഞ്ഞു. തങ്ങൾ എവിടേയും ഷാഫിയെ തടയാൻ തീരുമാനിച്ചിട്ടില്ല. രാഹുലിനെ ഷാഫിയാണ് സംരക്ഷിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. ഇത് ജനങ്ങള്‍ക്കിടയിൽ പ്രയാസമുണ്ടാക്കും. അതിനാൽ തന്നെ രാഹുലിനെ സംരക്ഷിക്കുന്നതിന്‍റെ പേരിലുള്ള സ്വാഭാവിക പ്രതികരണമാണ് ഷാഫിക്കെതിരെ വടകരയിൽ ഉണ്ടായത്. വടകരയിൽ വൻ ഷോ ആണ് ഷാഫി നടത്തിയത്.

ഷാഫിയുടെ നേതൃത്വത്തിൽ പല കുതന്ത്രങ്ങള്‍ നടത്തും. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അതിൽ പെട്ടുപോകരുത്. വടകരയിൽ ഷാഫി പ്ലാൻ ചെയ്തപോലുള്ള പ്രതികരണമാണ് നടത്തിയത്. കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് ആണെന്ന് പോലും ഷാഫി മറന്നു. ഷാഫിയുടെ ഇത്തരം പ്രതികരണങ്ങളിൽ പെട്ടുപോകാതിരിക്കാൻ ജാഗ്രത പുലര്‍ത്തു. ഡിവൈഎഫ്ഐ ഷാഫിയെ തടയാൻ തീരുമാനിച്ചിട്ടില്ല. തീരുമാനിച്ചാൽ ഇങ്ങനെ ആയിരിക്കില്ല പ്രതികരണം.ഒരിക്കൽ പോലും ഷാഫി രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറ‍ഞ്ഞിട്ടില്ലെന്നും വി വസീഫ് പറ‍ഞ്ഞു.

ഇന്ന് ഉച്ചയ്ക്കുശേഷമാണ് ഷാഫി പറമ്പിൽ എംപിയെ വടകരയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞത്. ടൗൺഹാളിന് സമീപം ഷാഫിയുടെ കാർ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞുവെച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. തുടർന്ന് ഷാഫി കാറിൽ നിന്ന് പുറത്തിറങ്ങി ഡിവൈഎഫ്ഐ പ്രവർത്തകരുമായി വാഗ്വാദത്തിൽ ഏർപ്പെട്ടു.കെ കെ രമ എംഎൽഎ മുൻകൈയെടുത്ത് വടകര ടൗൺഹാളിൽ സംഘടിപ്പിച്ച ഭിന്നശേഷിക്കാർക്കുള്ള ഓണം പരിപാടി ഉദ്ഘാടനം ചെയ്ത് തിരിച്ചു പോകുമ്പോഴാണ് ഒരുപറ്റം ഡിവൈഎഫ്ഐ പ്രവർത്തകർ ഷാഫി പറമ്പിലിന്‍റെ കാറിനു മുന്നിലേക്ക് ചാടി വീണത്. പ്രാദേശിക ഡിവൈഎഫ്ഐ പ്രവർത്തകൻ ഷാഫിയെ അസഭ്യം പറയുകയും ചെയ്തു. തുടർന്ന് ഷാഫി കാറിൽ നിന്നിറങ്ങി ഇവർക്ക് മറുപടി നൽകി. വാഗ്വാദം അഞ്ച് മിനിറ്റോളം നീണ്ടു. കഴിഞ്ഞ രണ്ടു ദിവസമായി ഡിവൈഎഫ്ഐ വടകരയിൽ ഷാഫിക്കെതിരെ പ്രതിഷേധം നടത്തി വരികയായിരുന്നു.

തീരുമാനിച്ച് ഉറപ്പിച്ചതല്ലെങ്കിൽ സമരം എങ്ങനെയുണ്ടായി എന്ന് ഡിസിസി പ്രസിഡണ്ട് കെ പ്രവീൺകുമാർ ചോദിച്ചു. സിപിഎം ഗുണ്ടകളുടെ കാടത്ത് നിറഞ്ഞ നടപടിയാണ് കണ്ടതെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് പ്രതികരിച്ചു.കേരളത്തിലെ സിപിഎം നേതൃത്വം കോൺഗ്രസ് നേതാക്കളെ തടയാൻ അപ്രഖ്യാപിത നിലപാട് എടുത്തിട്ടുണ്ടോയെന്നും സണ്ണി ജോസഫ് ചോദിച്ചു. ഷാഫിയെ അനുകൂലിച്ച് യുഡിഎഫ് പ്രവർത്തകർ വടകരയിൽ പ്രകടനം നടത്തി. നാളെ മണ്ഡലംതോറും യുഡിഎഫിന്‍റെയും ആർഎംപിയുടെയും പ്രവർത്തകർ പ്രതിഷേധ പരിപാടികൾ നടത്തും.

YouTube video player