പാലക്കാട്: കഞ്ചിക്കോട് ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻശ്രമം. കഞ്ചിക്കോട് ഉമ്മിണികളം സ്വദേശി പ്രസാദിനാണ് വെട്ടേറ്റത്. കഞ്ചിക്കോട് നരസിംഹപുരം പുഴയ്ക്ക് സമീപം മീൻ പിടിയ്ക്കുകയായിരുന്ന പ്രസാദിനും  സുഹൃത്തുക്കൾക്കും നേരെ ആറംഗ സംഘം അക്രമം നടത്തുകയായിരുന്നു. 

പ്രസാദിന് അരയ്ക്കു താഴെയാണ് വെട്ടേറ്റത്. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസാദ് ചുമട്ട് തൊഴിലാളിയാണ്. സംഭവത്തിന് പിന്നിൽ ബിജെപി- ആർഎസ്എസ്  ആണെന്ന് സി പി ഐഎം ആരോപിച്ചു. 

കോവിഡ് കാലത്തും  കഞ്ചിക്കോട് സംഘർഷമുണ്ടാക്കാനാണ് ആർ എസ് എസ് ശ്രമിയ്ക്കുന്നതെന്നും സി പി ഐഎം പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് പറഞ്ഞു.  കസബ പൊലീസ് കേസെടുത്തു. രാഷ്ട്രീയ സംഘർഷം കണക്കിലെടുത്ത് ഈ മേഖലയിൽ പട്രോളിംഗ് ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ  അക്രമവുമായി ബന്ധമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് ഇ കൃഷ്ണദാസ് വ്യക്തമാക്കി.