തിരുവനന്തപുരം: ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൾറഹ്മാന്‍റെ കൊലപാതകത്തിൽ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലീഗ് പ്രവർത്തകർ തദ്ദേശതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെത്തുടർന്ന് അക്രമത്തിന്‍റെ പാതയിലെന്ന് പിണറായി ആരോപിക്കുന്നു. കുറ്റക്കാർക്കെതിരെ കർശനനടപടിയുണ്ടാകുമെന്നും പിണറായി വ്യക്തമാക്കുന്നു. അതേസമയം, ഔഫിന്‍റെ കൊലപാതകത്തിനെതിരെ സമസ്തയും ജമാ അത്തെ ഇസ്ലാമിയും രംഗത്തെത്തി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡി വൈ എഫ് ഐ പ്രവർത്തകൻ ഔഫ് അബ്ദുൽ റഹ്മാന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടർന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അക്രമത്തിന്റെ പാതയിലാണ്. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുക തന്നെ ചെയ്യും.

അതേസമയം, കാസർകോട് കൊലപാതകത്തിനെതിരെ സമസ്ത രംഗത്തെത്തി. രാഷ്ട്രീയ തർക്കങ്ങൾ അക്രമത്തിലേക്ക് നീങ്ങരുതെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. 

സമസ്തയുടെ പ്രസ്താവന ഇങ്ങനെ:

അക്രമ പ്രവർത്തനങ്ങളിൽ നിന്ന് എല്ലാവരും പിൻമാറണം.  തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ആഹ്ളാദപ്രകടനങ്ങളുടെ ഭാഗമായി കുഴപ്പങ്ങളുണ്ടാകുന്നത് ഖേദകരമാണ്.  തെരഞ്ഞെടുപ്പുകളിലെ ജയപരാജയങ്ങൾ താൽക്കാലികം മാത്രമാണ്. അതിൻ്റെ പേരിൽ മനുഷ്യബന്ധങ്ങളിൽ അകൽച്ചയുണ്ടാകുന്നതും കൊലപാതകങ്ങൾക്കും അക്രമങ്ങൾക്കും ഇടയാകുന്നതും പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. കാഞ്ഞങ്ങാട് ഒരാൾ കൊല ചെയ്യപ്പെട്ടതും മറ്റൊരാൾ ദാരുണമായി അക്രമിക്കപ്പെട്ടതും ഖേദകരവും ദു:ഖകരവുമാണ് - ജിഫ്രി തങ്ങൾ പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയും കൊലപാതകത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. സംസ്ഥാനത്ത് അനുദിനം തുടരുന്ന രാഷ്ട്രീയ ആക്രമണങ്ങളും കൊലപാതകങ്ങളും തുടരാനനുവദിക്കരുതെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി.അബ്ദുല്ലക്കോയ തങ്ങൾ ആവശ്യപ്പെട്ടു.

ജമാഅത്തിന്‍റെ പ്രസ്താവന ഇങ്ങനെ:

കാഞ്ഞങ്ങാട് ഇടതുമുന്നണി പ്രവർത്തകൻ അബ്ദുർറഹ്മാൻ ഔഫ് കൊല്ലപ്പെട്ടത് നിർഭാഗ്യകരവും ഖേദകരവുമാണ്.  
നിസ്സാരമായ വാക്കുതർക്കങ്ങളും ചെറിയ സംഘർഷങ്ങളും വലിയ അക്രമത്തിലേക്ക് എത്തുന്നതും കൊലപാതകത്തിൽ കലാശിക്കുന്നതും മാനവിക ബോധവും രാഷ്ട്രീയ പക്വതയും ഇല്ലാത്ത കാരണത്താലാണ്.എന്തിൻ്റെ പേരിലായാലും കേരളത്തിൽ വ്യക്തികളും രാഷ്ട്രീയ പാർട്ടികളും തുടരുന്ന ഇത്തരം കൊലപാതകങ്ങൾ ചെറുക്കപ്പെടേണ്ടതാണ്. പുരോഗമനവാദികളെന്നും ജനാധിപത്യവാദികളെന്നും പുറമെ വാദിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ തന്നെയാണ് പലപ്പോഴും ഹിംസയുടെ രാഷ്ട്രീയത്തെ ആയുധമാക്കുന്നത്. 
ആക്രമണങ്ങളിലെ കുറ്റവാളികൾക്ക് ലഭിക്കുന്ന രാഷ്ട്രീയ പിന്തുണയും പോലീസിൻ്റെ രാഷ്ട്രീയ വിധേയത്വവുമാണ്  കൊലപാതകങ്ങൾക്ക് വളമായിത്തീരുന്നത്.

അന്യായമായി ഒരാളെയും അക്രമിക്കുകയോ വധിക്കുകയോ ചെയ്യില്ലെന്നും നിയമം കയ്യിലെടുക്കില്ലെന്നതും സാമൂഹ്യ പ്രവർത്തനത്തിലെ മൂല്യമായി അംഗീകരിക്കാനും മറ്റുള്ളവന്റെ അഭിപ്രായത്തെയും നിലപാടിനെയും മാനിക്കാനുള്ള ജനാധിപത്യമര്യാദ പാലിക്കാനും രാഷ്ട്രീയ പ്രവർത്തകർ തയ്യാറാവണം. കാഞ്ഞങ്ങാട് സംഭവത്തെ കുറിച്ച് സമഗ്രമായി അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും വി.ടി.അബ്ദുല്ലക്കോയ തങ്ങൾ ആവശ്യപ്പെട്ടു.