കാസർകോട്: കാഞ്ഞങ്ങാട്ട് ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫിനെ കൊല്ലാൻ ഉപയോഗിച്ച കത്തി കണ്ടെത്തി. മുഖ്യപതി ഇർഷാദുമായി നടത്തിയ തെളിവെടുപ്പിനിടെ സംഭവസ്ഥലത്ത് നിന്ന് പത്തുമീറ്റർ മാറി തെങ്ങിൻ തോപ്പിൽ നിന്നാണ് കത്തി കണ്ടെത്തിയത്. മുഖ്യപ്രതി യൂത്ത് ലീഗ് നേതാവ് ഇർഷാദിനെ വിശദമായ ചോദ്യംചെയ്യലിന് ശേഷമാണ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തത്.

ബുധനാഴ്ച രാത്രി അബ്ദുൾ റഹ്മാനെ കുത്തി വീഴ്ത്തിയ ശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കവേ കത്തി വലിച്ചെറിഞ്ഞെന്നായിരുന്നു ഇർഷാദ് ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് മുണ്ടത്തോടെ കൊല നടന്ന സ്ഥലത്തിന് സമീപം തെരച്ചിൽ നടത്തിയത്. രണ്ടര മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്തിയത്. 

രക്തക്കറ പുരണ്ട കത്തി ഇർഷാദ് തിരിച്ചറിഞ്ഞു. 23 ന് രാത്രിയാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ ഓഫ് അബ്ദുൾ റഹ്മാൻ 
കൊല്ലപ്പെട്ടത്. ഇർഷാദടക്കം കൊലയാളി സംഘത്തിലെ 3 പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. റിമാൻഡിൽ തുടരുന്ന എംഎസ് എഫ് മുനിസിപ്പൽ പ്രസിഡണ്ട് ഹസ്സൻ യൂത്ത് ലീഗ് പ്രവർത്തകൻ ആഷിർ എന്നിവരെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി. കൂടുതൽ പ്രതികളുണ്ടെന്നും മുസ്ലീം ലീഗ് നേതൃത്വത്തിന് പങ്കുണ്ടെന്നാണ് ഡിവൈഎഫ്ഐ ആരോപണം. ഗൂഢാലോചന ഉൾപ്പെടെയുള്ള  കാര്യങ്ങൾ അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.