സീബ്ര ലൈനിൽ വാഹനം നിർത്തിയ ഡിവൈഎഫ്ഐ കാരിയം യൂണിറ്റ് സെക്രട്ടറിയായ വിനീഷിനോട് വാഹനം പിന്നോട്ടെടുക്കാൻ പൊലീസ്
തിരുവനന്തപുരം: ശ്രീകാര്യം പൊലീസ് സ്റ്റേഷന് മുന്നില്‍ പൊലീസും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കുതർക്കം ഉണ്ടായി. ട്രാഫിക് നിയമ ലംഘനത്തിന് പൊലീസ് പിടികൂടിയ ഡി.വൈ.എഫ്.ഐ നേതാവ് വിനീഷിനെ പൊലീസ് മര്‍ദിച്ചെന്നാരോപിച്ചാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടിയത്.
വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. സീബ്ര ലൈനിൽ വാഹനം നിർത്തിയ ഡിവൈഎഫ്ഐ കാരിയം യൂണിറ്റ് സെക്രട്ടറിയായ വിനീഷിനോട് വാഹനം പിന്നോട്ടെടുക്കാൻ പൊലീസ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥനും ഡിവൈഎഫ്ഐ നേതാവും തമ്മിൽ വാക്കേറ്റമുണ്ടായി.
പൊലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞെന്നാരോപിച്ച് വിനീഷിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ സംഭവമറിഞ്ഞ് കൂടുതൽ പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്കെത്തി. കസ്റ്റഡിയിലെടുത്ത വിനീഷിനെ പൊലീസ് മര്‍ദിച്ചെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടുകയായിരുന്നു.
അസിസ്റ്റന്റ് കമ്മിഷണർ സ്ഥലത്തെത്തിയ ശേഷം വിനീഷിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. പെറ്റി കേസ് ചാർജ് ചെയ്ത ശേഷം പിന്നീട് വിനീഷിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
