Asianet News MalayalamAsianet News Malayalam

eHealth Kerala| 50 ആശുപത്രികളില്‍ കൂടി ഇ ഹെല്‍ത്ത്; എല്ലാ ജില്ലകളിലും വെര്‍ച്ച്വല്‍ ഐടി കേഡര്‍; ഉദ്ഘാടനം 22ന്

സംസ്ഥാനത്തെ ചികിത്സാരംഗത്ത് വലിയ മാറ്റം ഉണ്ടാക്കാന്‍ കഴിയുന്നതാണ് ഇ ഹെല്‍ത്ത് പദ്ധതിയെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പൗരന് ഒരു ഇലക്‌ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡ് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പൊതു ജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ വിവരസാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ ആശുപത്രി സംവിധാനവുമായി ബന്ധപ്പെടുത്തിയാണ് ഇ ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. 

e health in more than 50 hospitals virtual it cadre in all districts inauguration on  22nd november
Author
Thiruvananthapuram, First Published Nov 20, 2021, 4:30 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി 50 ആശുപത്രികളില്‍ കൂടി ഇ-ഹെല്‍ത്ത് പദ്ധതി (eHealth Kerala) പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇതിനു പുറമേ എല്ലാ ജില്ലകളിലും വെര്‍ച്വല്‍ ഐ.ടി. കേഡര്‍ (Virtual IT Cadre) രൂപീകരിക്കുന്നതിന്റെയും, കെ-ഡിസ്‌കിന്റെ മൂന്നു പദ്ധതികളുടെയും ഉദ്ഘാടനം നവംബര്‍ 22ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. 

സംസ്ഥാനത്തെ ചികിത്സാരംഗത്ത് വലിയ മാറ്റം ഉണ്ടാക്കാന്‍ കഴിയുന്നതാണ് ഇ ഹെല്‍ത്ത് പദ്ധതിയെന്ന് മന്ത്രി വീണാ ജോര്‍ജ് (Veena George) പറഞ്ഞു. പൗരന് ഒരു ഇലക്‌ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡ് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പൊതു ജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ വിവരസാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ ആശുപത്രി സംവിധാനവുമായി ബന്ധപ്പെടുത്തിയാണ് ഇ ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഒരാള്‍ ഒ.പി.യിലെത്തി ചികിത്സാ നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങുന്നതുവരെ എല്ലാ ആരോഗ്യ സേവനങ്ങളും ഇ ഹെല്‍ത്ത് സംവിധാനത്തിലൂടെ ഒരൊറ്റ കുടക്കീഴില്‍ ഓണ്‍ലൈന്‍ വഴി ചെയ്യാന്‍ കഴിയുന്നു. സംസ്ഥാനത്ത് ഇതിനകം 300 ലധികം ആശുപത്രികളില്‍ ഈ ഹെല്‍ത്ത് പ്രവര്‍ത്തിച്ചുവരുന്നു. ഇതുകൂടാതെ 150 ഓളം ആശുപത്രികളില്‍ കൂടി ഇ ഹെല്‍ത്ത് പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുന്നതിന് സജ്ജമായിട്ടുണ്ട്. അതില്‍ വിവിധ ജില്ലകളില്‍ നിന്നായി 50 ആശുപത്രികളില്‍ കൂടി ഇ ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറുകയാണ്. 150 ആശുപത്രികളില്‍ കൂടി ഇ ഹെല്‍ത്ത് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കഴിഞ്ഞത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമായിട്ടാണെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം 11, കൊല്ലം 4, പത്തനംതിട്ട 4, തൃശൂര്‍ 5, പാലക്കാട് 11, മലപ്പുറം 11, കണ്ണൂര്‍ 4 എന്നിങ്ങനെയാണ് പുതുതായി ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനമൊരുക്കിയിട്ടുള്ളത്. ആരോഗ്യ വകുപ്പിന്റെ വിവിധങ്ങളായ ഐ.ടി സേവനങ്ങള്‍ ഏറ്റെടുത്തു നടപ്പിലാക്കുന്നതിന് വിവരസാങ്കേതിക വിദ്യയില്‍ ഏതെങ്കിലും യോഗ്യത നേടിയിട്ടുള്ളവരെയും താല്പര്യം ഉള്ളവരെയും ഉള്‍പ്പെടുത്തിയാണ് വെര്‍ച്ച്വല്‍ ഐടി കേഡര്‍ രൂപീകരിക്കുന്നത്. വിവിധ ഇ ഗവേണന്‍സ് പ്രോജക്ടുകള്‍/ സംരംഭങ്ങള്‍ വിജയകരമായി നടപ്പിലാക്കുന്നതിനും അവയുടെ സുസ്ഥിര വികസനം ലൈന്‍ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഉറപ്പാക്കുന്നതിനും ഈ വെര്‍ച്വല്‍ ഐടി കേഡര്‍ സഹായകരമാകും.

കെ ഡിസ്‌ക് ആരോഗ്യ വകുപ്പിനായി മൂന്ന് എമര്‍ജിംഗ് ടെക്‌നോളജി പ്രോജക്ടുകളാണ് വികസിപ്പിച്ചിട്ടുള്ളത്. ഡയബറ്റിക് റെറ്റിനോപ്പതിക്ക് വേണ്ടിയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ഓട്ടോമേറ്റഡ് റെറ്റിനല്‍ ഇമേജ് ക്വാളിറ്റി അസെസ്‌മെന്റ് & ഫീഡ്ബാക്ക് ജനറേഷനാണ് ആദ്യത്തേത്. തിരുവനന്തപുരം ജില്ലയിലെ 16 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നടപ്പാക്കിയ സ്മാര്‍ട്ട്‌ഫോണ്‍ അധിഷ്ഠിത റെറ്റിന ഇമേജിംഗ് സംവിധാനമാണ് ഈ പദ്ധതിയില്‍ ഉപയോഗിക്കുന്നത്. ചിത്രങ്ങളുടെ ഗുണനിലവാരം സ്വയമേവ വിശകലനം ചെയ്യാനും 10 സെക്കന്‍ഡിനുള്ളില്‍ ചിത്രങ്ങളുടെ റീടേക്ക് ആവശ്യമുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ചുള്ള ഫീഡ്ബാക്ക് അറിയാനും ഈ പദ്ധതി സഹായിക്കുന്നു.

ബ്ലഡ് ബാഗ് ട്രെയ്‌സിബിലിറ്റിയും അനുബന്ധ രക്ത സംഭരണ കേന്ദ്രങ്ങളും എന്ന പദ്ധതിയാണ് രണ്ടാമത്തേത്. ബ്ലഡ് ബാഗുകളുടെ സംഭരണ താപനില റിയല്‍ ടൈം ആയി മോണിറ്റര്‍ ചെയ്യുക എന്നതാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ പദ്ധതിയുടെ ലക്ഷ്യം. ബ്ലഡ് ബാഗുകളുടെ കാലഹരണ തീയതി, അവയുടെ താപനിലയില്‍ ഉണ്ടാവുന്ന വ്യതിയാനങ്ങള്‍ എന്നിവ സംബന്ധിച്ച് സമയബന്ധിതമായി മുന്നറിയിപ്പ് നല്‍കുകയും അതുവഴി ബ്ലഡ് ബാഗുകളില്‍ സംഭരിച്ച രക്തം ഉപയോഗ ശൂന്യമായി പോകുന്നത് തടയുകയും ചെയുന്നു.

ബ്ലോക്ക്‌ചെയിന്‍ അധിഷ്ഠിത വാക്‌സിന്‍ കവറേജ് അനാലിസിസ് സിസ്റ്റമാണ് മൂന്നാമത്തേത്. സാര്‍വത്രിക പ്രതിരോധ കുത്തിവയ്പ്പ് പരിപാടി ചെലവ് കുറഞ്ഞതും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി വാക്‌സിന്‍ സംബന്ധിച്ച വിശദംശങ്ങള്‍ ട്രാക്ക് ചെയ്യുന്നതാണ് ഈ പദ്ധതി. തിരുവനന്തപുരം ജില്ലാ സ്‌റ്റോറിലും കടകംപള്ളിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലും ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios