സംസ്ഥാന ബജറ്റിൽ കേരളത്തിന്റെ ഗതാഗതം, വ്യവസായം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിടുന്ന പദ്ധതികൾ ധനമന്ത്രി പ്രഖ്യാപിച്ചു. റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം, വിഴിഞ്ഞം തുറമുഖ വികസനം, സൈബർ വാലി എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്.

തിരുവനന്തപുരം: ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച 2026-27 സംസ്ഥാന ബജറ്റിൽ കേരളത്തിന്റെ ഗതാഗതം, വ്യവസായം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ വൻകുതിച്ചുചാട്ടം ലക്ഷ്യമിടുന്ന നിരവധി വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട പദ്ധതികൾ താഴെ പറയുന്നവയാണ്:

ഗതാഗത മേഖലയിലെ പദ്ധതികൾ

• റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS): ഡൽഹി-മീററ്റ് അതിവേഗ റെയിൽപാതയുടെ മാതൃകയിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ അതിവേഗ യാത്രാ സൗകര്യം ഒരുക്കുന്ന പദ്ധതിയാണിത്. നാല് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന ഇതിന്റെ ആദ്യഘട്ടം തിരുവനന്തപുരം മുതൽ തൃശൂർ വരെയാണ്. പ്രാരംഭ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ അനുവദിച്ചു.

• ദേശീയപാത 66 (NH 66) വികസനം: കേരളത്തിലെ ദേശീയപാത വികസനം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

• എം.സി റോഡ് വികസനം: തിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള എം.സി റോഡ് 24 മീറ്റർ വീതിയിൽ നാലുവരിപ്പാതയായി പുനർനിർമ്മിക്കും. ഇതിന്റെ ഒന്നാം ഘട്ടത്തിനായി കിഫ്ബി (KIIFB) വഴി 5217 കോടി രൂപ നീക്കിവെച്ചു.

• വയനാട് തുരങ്കപാത: ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമ്മാണം ആരംഭിച്ചു. 2134.5 കോടി രൂപ ചെലവ് വരുന്ന ഈ പാതയ്ക്ക് 8.73 കി.മീ നീളമുണ്ടാകും.

• തുരങ്കപാത (കട്ടപ്പന - തേനി): കട്ടപ്പന മുതൽ തേനി വരെയുള്ള യാത്രാദൂരം 20 കി.മീ കുറയ്ക്കാൻ സഹായിക്കുന്ന ഈ പദ്ധതിയുടെ സാധ്യതാ പഠനത്തിനായി 10 കോടി രൂപ വകയിരുത്തി.

• മലയോര-തീരദേശ പാതകൾ: 1657 കോടി രൂപ ചെലവിൽ 212.2 കി.മീ മലയോര പാത നിർമ്മിച്ചു. കൂടാതെ, 2730 കോടി രൂപ ചെലവിൽ തീരദേശ പാതയുടെ നിർമ്മാണം പുരോഗമിക്കുന്നു.

തുറമുഖവും വ്യവസായ ഇടനാഴികളും

• വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായി മുന്നേറുന്നു, രണ്ടാം ഘട്ട പ്രവർത്തനങ്ങൾ 2026 ജനുവരിയിൽ ഉദ്ഘാടനം ചെയ്തു. തുറമുഖാനുബന്ധ വികസനത്തിനായി 1000 കോടി രൂപയുടെ നിക്ഷേപം നടത്താൻ പദ്ധതിയുണ്ട്.

• റെയർ എർത്ത് കോറിഡോർ: വിഴിഞ്ഞം തുറമുഖം മുതൽ ചവറ വഴി കൊച്ചി വരെ ബന്ധിപ്പിക്കുന്ന ഒരു റെയർ എർത്ത് കോറിഡോർ സ്ഥാപിക്കും. ഇതിലൂടെ 42,000 കോടി രൂപയുടെ നിക്ഷേപവും 50,000 തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നു.

• കൊച്ചി-പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴി: കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴിയുടെ ഭാഗമായുള്ള ഈ പദ്ധതിക്കായി 1350 ഏക്കർ ഭൂമി ഏറ്റെടുത്തു കഴിഞ്ഞു.

• പെട്രോ കെമിക്കൽ പാർക്ക്: കൊച്ചിയിൽ സ്ഥാപിക്കുന്ന ഈ പാർക്കിന്റെ കമ്മീഷനിംഗ് 2026-27-ൽ നടക്കും. 10,000 കോടി രൂപയുടെ നിക്ഷേപമാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.

ഐ.ടി. - സാങ്കേതിക മേഖല

• സൈബർ വാലി (Cyber Valley): കൊച്ചി ഇൻഫോപാർക്ക് ഫേസ് 3-ൽ 300 ഏക്കറിൽ ഐ.ടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുടെ ഹബ്ബായി സൈബർ വാലി വികസിപ്പിക്കും. ഇതിനായി 30 കോടി രൂപ മാറ്റിയിട്ടു.

• ഗ്രാഫീൻ ഇന്നൊവേഷൻ സെന്റർ: രാജ്യത്തെ തന്നെ പ്രധാനപ്പെട്ട ഐ.ഐ.സി.ജി (India Innovation Centre for Graphene) പ്രവർത്തനങ്ങൾക്കായി സംസ്ഥാന വിഹിതം അനുവദിച്ചു.