നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങൾ സിപിഎം പരിശോധിക്കുമെന്ന് ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള ഇ ജയൻ. 66000ൽപ്പരം വോട്ട് നേടാൻ കഴിഞ്ഞത് മികച്ച നേട്ടമാണെന്നും പാർട്ടിയുടെ തിരിച്ചു വരവാണിതെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം: നിലമ്പൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിലെ പരാജയം സംബന്ധിച്ച് എന്താണ് സംഭവിച്ചതെന്ന് പാർട്ടി പരിശോധിക്കുമെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള ഇ ജയൻ. 66000ൽപ്പരം വോട്ട് നേടാൻ കഴിഞ്ഞത് നിസ്സാരമല്ല. പാർലമെന്റ് തെരഞ്ഞെടുപ്പിനെക്കാൾ മികച്ച വിജയം നേടാൻ കഴിഞ്ഞു. നിലമ്പൂരിൽ പാർട്ടിയുടെ തിരിച്ചു വരവാണിതെന്നും ഇ ജയൻ. ഭരണ വിരുദ്ധ വികാരമുണ്ടായാൽ ഇങ്ങനെ അല്ലല്ലോ സംഭവിക്കേണ്ടതെന്നും മൃഗീയ ഭൂരിപക്ഷം യുഡിഎഫ് നേടിയേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൻവർ വോട്ട് പിടിച്ചോ എന്ന് പരിശോധിക്കും. ചിഹ്നം വന്നതുകൊണ്ട് വോട്ട് കുറഞ്ഞു എന്നത് തെറ്റാണ്. അൻവർ പറയുന്ന കാര്യങ്ങളെ കുറിച്ച് അൻവറിന് തന്നെ ബോധ്യമില്ല. അൻവറിന്റേത് നിലനിൽപ്പിനു വേണ്ടിയുള്ള സമരമമാണെന്നും എൽഡിഎഫിൽ തുടരാൻ കഴിയാത്തതു കൊണ്ട് യുഡിഎഫിൽ കയറിപ്പറ്റാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തോറ്റെങ്കിലും ആത്മവിശ്വാസം തരുന്ന തെരഞ്ഞെടുപ്പാണിത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാർട്ടി മണ്ഡലത്തിൽ ശിഥിലമായിരുന്നു. ഭരണവിരുദ്ധ വികാരം ഉണ്ടാകാൻ സർക്കാർ എന്ത് തെറ്റാണ് ചെയ്തതെന്നും ജമാ അത്തെ ഇസ്ലാമി ഉൾപ്പെടെ എല്ലാ വർഗീയ വാദികളുടെയും വോട്ട് പിടിച്ചാണ് ആര്യാടൻ ഷൌക്കത്ത് ജയിച്ചതെന്നും ബിജെപിയിൽ നിന്നുൾപ്പെടെ വോട്ട് ചോർന്നിട്ടുണ്ടെന്നും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള ഇ ജയൻ കൂട്ടിച്ചേർത്തു.
