തിരുവനന്തപുരം: യുഡിഎഫ് തകർച്ചയുടെ വക്കിലെന്ന് മന്ത്രി  ഇ പി ജയരാജൻ. ഏഷ്യാനെറ്റ് ന്യൂസിന്‍റെ നമസ്‍തേ കേരളത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. കേരളത്തില‍െ ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തി പ്രാപിക്കുകയാണ്. എല്‍ഡിഎഫിന്‍റെ പ്രവര്‍ത്തനം ജനങ്ങളില്‍ മതിപ്പുണ്ടാക്കി. തങ്ങള്‍ ദുര്‍ബലപ്പെടുകയാണെന്ന് മനസിലാക്കി യുഡിഎഫ് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ വിളിച്ച് പറയുകയാണെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. 

ഇത് യുഡിഎഫിന് വിനാശം ചെയ്യും. യുഡിഎഫിലെ ഘടകകക്ഷികള്‍ക്ക്  തങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാണെന്ന് മനസിലാകുന്നുണ്ട്. അവരവരുടെ വളര്‍ച്ച ലക്ഷ്യം വെച്ച് യുഡിഎഫില്‍ നിന്ന് ഘടകപാര്‍ട്ടികള്‍ അകലും. മുസ്ലീംലീഗ് മറ്റ് വഴികൾ നോക്കുന്നത് ഈ തകർച്ച കണ്ടിട്ടാണെന്നും ഇ പി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

പമ്പയിലെ മണല്‍ നീക്കത്തെകുറിച്ചും ഇ പി ജയരാജന്‍ പ്രതികരിച്ചു. നദികളിൽ അടിഞ്ഞ് കൂടുന്ന മണൽ ആവശ്യത്തിന് എടുത്ത് ഉപയോഗിക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്നായിരുന്നു ജയരാജന്‍റെ പ്രതികരണം. വസ്‍തുതകള്‍ നിരീക്ഷിച്ച്, ധാരണയുണ്ടാക്കി വേണം വിമര്‍ശിക്കാനെന്നും ജയരാജന്‍ പറഞ്ഞു.