നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാരിവട്ടം പാലവും പ്രചാരണ വിഷയം. കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്നും ഇ ശ്രീധരൻ 

കൊച്ചി: പാലാരിവട്ടം പാലം പുനർനിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചത് അഭിമാന നിമിഷമെന്ന് ഇ. ശ്രീധരൻ. ഉരാളുങ്കൽ സൊസൈറ്റിക്ക് പ്രത്യേകം നന്ദിയറിയിച്ച അദ്ദേഹം പാലം നാളെയോ മറ്റന്നാളോ സർക്കാരിന് കൈമാറുമെന്നും അറിയിച്ചു. ഡിഎംആർസി യൂണിഫോമിലുള്ള തന്റെ ജീവിതത്തിലെ അവസാനദിവസമിതാണെന്നും തെരഞ്ഞെടുപ്പിൽ നോമിനേഷൻ നൽകുന്നതിന് മുമ്പ് ഡിഎംആർസിയിലെ മുഖ്യ ഉപദേഷ്ടാവ് ചുമതലയിൽ നിന്നും രാജി വെക്കുമെന്നും അദ്ദേഹം അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പാലത്തിന്റെ എല്ലാ പണിയും നാളത്തോടെ പൂർത്തിയാകും. ചെറിയ തോതിലുള്ള അറ്റകുറ്റപ്പണികൾ മാത്രമാണ് ഇനി പൂർത്തികരിക്കാനുള്ളത്. ഭാരപരിശോധനാ റിപ്പോർട്ട് ഇന്ന് കൈമാറും. പാലം എപ്പോൾ തുറന്ന് കൊടുക്കണമെന്ന് സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദത്തെത്തുടർന്നാണ് പാലം നിർമാണം ഏറ്റെടുത്തത്. ഡിഎംആർസിക്ക് ലാഭമുണ്ടാക്കാനല്ല പകരം ജനങ്ങൾക്ക് വേണ്ടിയാണ് പാലം പണി വേഗത്തിൽ പൂർത്തിയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാരിവട്ടം പാലവും പ്രചാരണ വിഷയമാകുമെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. എവിടെ മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. താമസിക്കുന്ന പൊന്നാനിക്ക് അടുത്ത് സീറ്റ് ലഭിച്ചാൽ കൂടുതൽ എളുപ്പമാകും. രാഷ്ട്രീയക്കാരനായല്ല ടെക്നോക്രാറ്റെന്ന നിലയിലാക്കും പ്രവർത്തനം നടത്തുക. വീടുകൾ കയറിയുള്ള പ്രചാരണമായിരിക്കില്ല പകരം ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ സന്ദേശങ്ങളായടക്കം ജനങ്ങളെ സമീപിക്കും. ശരീരത്തിന്റെ പ്രായമല്ല മനസിന്റെ പ്രായമാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലാരിവട്ടം പാലത്തിൽ അന്തിമ പരിശോധനക്കായി എത്തിയതായിരുന്നു അദ്ദേഹം