ഓഹരി നിക്ഷേപത്തിന്‍റെ പേരിൽ 200 കോടിയിലേറെ രൂപയാണ് തട്ടിയതെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. മാസ്റ്റേഴ്സ് ഫിൻസെർവ്, മാസ്റ്റേഴ്സ് കെയർ തുടങ്ങിയ കമ്പനികൾ ഉണ്ടാക്കി വൻ തോതിൽ നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചുവെന്നും ഇഡി അന്വേഷണത്തിൽ കണ്ടെത്തി.
കൊച്ചി: ഓഹരി നിക്ഷേപത്തിന്‍റെ മറവിൽ കോടികളുടെ കള്ളപ്പണ ഇടപാട് നടത്തിയ കേസിൽ ഇഡി അറസ്റ്റ് ചെയ്ത മാസ്റ്റേഴ്സ് ഗ്രൂപ്പ് ഉടമ എബിൻ വർഗീസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊച്ചിയിലെ പിഎംഎൽഎ കോടതിയിലാണ് പ്രതിയെ ഹാജരാക്കുക. ഓഹരി നിക്ഷേപത്തിന്‍റെ പേരിൽ 200 കോടിയിലേറെ രൂപയാണ് തട്ടിയതെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. മാസ്റ്റേഴ്സ് ഫിൻസെർവ്, മാസ്റ്റേഴ്സ് കെയർ തുടങ്ങിയ കമ്പനികൾ ഉണ്ടാക്കി വൻ തോതിൽ നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചുവെന്നും ഇഡി അന്വേഷണത്തിൽ കണ്ടെത്തി.
ഓഹരി വിപണിയിൽ പണം മുടക്കിയാൽ വൻ ലാഭം വാഗ്ദാനം ചെയ്ത് 2018 ജൂൺ 25 മുതൽ 2022 ജൂലൈ ഏഴു വരെയുള്ള സമയത്തായിരുന്നു തട്ടിപ്പ്. കേസിനെ തുടർന്ന് ദുബായിയിലേക്കു കടന്ന എബിൻ വർഗീസ്, ഭാര്യ ശ്രീരഞ്ജിനി എന്നിവരെ ദില്ലിയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേരള പൊലീസ് രജിസ്റ്റർ ചെയ്ത വിവിധ എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം.
