കഴിഞ്ഞ ദിവസം അറസ്റ്റിലായ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് രഞ്ജിത് വാര്യരുടെ വീട്ടില്‍ റെയ്ഡിൽ ഇഡി സമന്‍സ് നല്‍കി വിളിപ്പിച്ചവരുടെ വിവരങ്ങളടങ്ങിയ ഡയറിയാണ് കണ്ടെത്തിയത്. കൈക്കൂലി ആവശ്യപ്പെടാനായി തയാറാക്കി വെച്ച പട്ടികയാണിതെന്ന് വിജിലന്‍സ് നിഗമനം.
കൊച്ചി: ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ നിര്‍ണായക തെളിവായി പ്രതിയായ രഞ്ജിത്തിന്‍റെ"ഹിറ്റ് ലിസ്റ്റ് ''. കഴിഞ്ഞ ദിവസം അറസ്റ്റിലായ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് രഞ്ജിത് വാര്യരുടെ വീട്ടില്‍ റെയ്ഡില്‍ നിര്‍ണായക രേഖകള്‍ വിജിലന്‍സ് കണ്ടെത്തി. ഇഡി സമന്‍സ് നല്‍കി വിളിപ്പിച്ച 30ലേറെ പേരുടെ വിവരങ്ങള്‍ രഞ്ജിത്തിന്‍റെ ഡയറിയിലുണ്ട്. കൈക്കൂലി ആവശ്യപ്പെടാനായി തയാറാക്കി വെച്ച പട്ടികയാണിതെന്ന് വിജിലന്‍സ് നിഗമനം.
ഇഡി ഓഫിസില്‍ സൂക്ഷിക്കേണ്ട നിര്‍ണായക രേഖകളും രഞ്ജിത്തിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തി. അറസ്റ്റിലായ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് രഞ്ജിത്തിന് വമ്പന്‍ രാഷ്ട്രീയ ബിസിനസ് ബന്ധങ്ങളുണ്ടെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ അറിയിക്കുന്നത്. ഉന്നത ബന്ധങ്ങള്‍ വഴി മനസിലാക്കുന്ന വിവരങ്ങളും രഞ്ജിത്ത് തട്ടിപ്പിന് ഉപയോഗിച്ചു. സാമ്പത്തിക ആരോപണം നേരിടുന്നവരെ കുറിച്ചുളള വിവരങ്ങള്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതും രഞ്ജിത്താണ്.
ഈ വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയും പലര്‍ക്കും ഇഡി ഉദ്യോഗസ്ഥര്‍ സമന്‍സ് അയച്ചു. രഞ്ജിത് ഇഡി ഓഫീസിലെ നിത്യസന്ദര്‍ശകനാണെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിലും പുറത്തുമുളള ഉന്നത ഇഡി ഉദ്യോഗസ്ഥരുമായും രഞ്ജിത്തിന് അടുത്ത സൗഹൃദമുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.