2016 മുതല്‍ സംഘം തട്ടിപ്പ് തുടങ്ങിയിട്ടുണ്ടെന്നും വിജിലന്‍സിന് വിവരമുണ്ട്. മൂന്നാം പ്രതി മുകേഷ് എറണാകുളത്ത് ഭൂമി വാങ്ങിയത് തട്ടിപ്പ് പണം കൊണ്ടാണെന്നും അന്വേഷണ സംഘം.

കൊച്ചി: ഇഡി ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച തട്ടിപ്പ് സംഘം കേസ് ഒത്തുതീര്‍പ്പാക്കലിന്‍റെ പേരില്‍ മുപ്പത് കോടിയിലേറെ രൂപ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് വിജിലന്‍സ് നിഗമനം. അറസ്റ്റിലായ പ്രതികളില്‍ ചിലരുടെ ഭൂമി ഇടപാട് രേഖകളും വിജിലന്‍സിന് ലഭിച്ചു. എന്നാല്‍ ഒന്നാം പ്രതിയായ ഇഡി അസിസ്റ്റന്‍റ് ഡയറക്ടറെ കേസുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഇനിയും കിട്ടാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളിയായി തുടരുകയാണ്. 

ഇഡി ഓഫീസ് കേന്ദ്രീകരിച്ച് നടന്നത് ചെറിയ തട്ടിപ്പൊന്നുമല്ലെന്ന സൂചനകളാണ് കസ്റ്റഡിയിലുള്ള പ്രതികളില്‍ നിന്ന് വിജിലന്‍സിന് കിട്ടിയത്. 2016 മുതല്‍ സംഘം തട്ടിപ്പ് തുടങ്ങിയിട്ടുണ്ടെന്നും വിജിലന്‍സിന് വിവരമുണ്ട്. അറസ്റ്റിലായ മൂന്നാം പ്രതി മുകേഷ് എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കരയില്‍ ഭൂമി വാങ്ങിയത് തട്ടിപ്പ് പണം കൊണ്ടാണെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. സമീപകാലത്ത് ഇഡി കൈകാര്യം ചെയ്ത പല സാമ്പത്തിക കുറ്റകൃത്യ കേസുകളിലെയും കക്ഷികളില്‍ നിന്ന് വിജിലന്‍സ് വിവര ശേഖരണം തുടരുകയാണ്. തട്ടിപ്പ് സംഘം കൈക്കൂലി ആവശ്യപ്പെട്ട വിവരം പലരില്‍ നിന്നും കിട്ടിയിട്ടുണ്ടെങ്കിലും ആരും ഇതുവരെ രേഖാമൂലം പരാതി നല്‍കാന്‍ തയാറായിട്ടില്ല. അറസ്റ്റിലായ പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാകുന്നതോടെ ഒന്നാം പ്രതിയായ ഇഡി ഉദ്യോഗസ്ഥനെ കേസുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

അതേസമയം, ഒന്നാം പ്രതിയായ ഇഡി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാര്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്. അന്വേഷണം ഒരു വഴിക്ക് നീങ്ങുന്നതിനിടെ ഇഡിക്കെതിരായ രാഷ്ട്രീയ പ്രചരണം ശക്തമാക്കുകയാണ് ഇടതുപക്ഷം. ഇഡി ഓഫിസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനം ജലപീരങ്കി പ്രയോഗത്തില്‍ കലാശിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം