തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിന്റേതെന്ന പേരിൽ പ്രചരിക്കുന്ന ശബ്ദരേഖയെ കുറിച്ച് എന്‍ഫോഴ്സ്മെന്‍റ്
ഡയറ്കടറേറ്റും അന്വേഷണം തുടങ്ങി. ഇന്നലെ വൈകിട്ടോടെ പുറത്തിറങ്ങിയ ശബ്ദ രേഖയിൽ രാത്രി തന്നെ ഇഡി പ്രാഥമിക അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരിലേക്ക് നീങ്ങുന്ന അന്വേഷണം വഴി തെറ്റിക്കാൻ ബോധപൂർവ്വം റെക്കോർഡ് ചെയ്തതെന്നാണ് എൻഫോഴ്സ്മെന്റിന്റെ സംശയം. 

മൊഴിയെടുത്തതെന്ന് സന്ദേശത്തിൽ പറയുന്ന തിയ്യതികളിൽ വ്യത്യാസമുണ്ട്. ആറിന് മൊഴിയെടുത്തെന്നാണ് സ്വപ്നയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ സ്വപ്നയുടെ മൊഴിയെടുത്തതും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ പങ്കിനെകുറിച്ച് സ്വപ്ന വെളിപ്പെടുത്തിയതും പത്താം തീയതിയാണെന്നാണ് ഇഡി വാദം. ആ ദിവസമാണ് ശിവശങ്കറിന്റെ സ്വർണ്ണക്കടത്തിലെ ബന്ധത്തെക്കുറിച്ചും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ പങ്കിനെക്കുറിച്ചും പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരിലേക്ക് അന്വേഷണം നീങ്ങുന്നതിനിടെ അത് വഴിതെറ്റിക്കാനാണ് ഇത്തരത്തിലൊരു സന്ദശം പുറത്തുവിട്ടതെന്നുമാണ് ഇഡി പ്രതികരിക്കുന്നത്. 

'മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദം', സ്വപ്നയുടേതെന്ന പേരിൽ ശബ്ദരേഖ പുറത്തുവിട്ട് ഓൺലൈൻ മാധ്യമം 

ഇന്നലെയാണ്  മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ അന്വേഷണ ഏജൻസികൾ നിർബന്ധിക്കുന്നുവെന്ന സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്ത് വന്നത്. സ്വപ്നയെ പാർപ്പിച്ച അട്ടക്കുളങ്ങര ജയിലിൽ നിന്നാണ് അത് റെക്കോർഡ് ചെയ്തതെന്ന സംശയത്തെ തുടർന്ന് അന്വേഷണം നടത്താൻ  ജയിൽ ഡിജിപി ഋഷിരാജ് സിംഗ് ഉത്തരവിട്ടിരുന്നു. ദക്ഷിണ മേഖല ഡിഐജി അജയകുമാർ അട്ടക്കുളങ്ങര വനിതാ ജയിലിൽ എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

സ്വപ്ന സുരേഷിന്റെ വിവാദ ശബ്ദരേഖയിൽ അന്വേഷണം, ദക്ഷിണ മേഖല ഡിഐജി ജയിലിൽ