തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ ഇഡി നിർബന്ധിക്കുന്നുവെന്ന സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പ്രചരിക്കുന്ന സാഹചര്യത്തിൽ അന്വേഷണം നടത്താൻ ദക്ഷിണ മേഖല ഡിഐജി അജയകുമാർ അട്ടക്കുളങ്ങര വനിതാ ജയിലിൽ എത്തി. സംഭവത്തിൽ അന്വേഷണത്തിന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് ഉത്തരവിട്ടിരുന്നു. 

സ്വപ്നയ പാർപ്പിച്ചിരിക്കുന്ന അട്ടക്കുളങ്ങര വനിതാ ജയിലിൽ നേരിട്ടെത്തി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഡിഐജിയോട് ജയിൽ ഡിജിപി ആവശ്യപ്പെട്ടിരിക്കുന്നത്. സ്വപ്നയുടെ ശബ്ദ രേഖ തന്നെ ആണോ എന്ന് പരിശോധിക്കും. ഇതിനായി സൈബർ സെൽ സഹായം തേടും. അതോടൊപ്പം ജയിലിൽ നിന്നുള്ള ശബ്ദരേഖയാണോ പുറത്ത് വന്നതെന്നും പരിശോധിക്കും. 

'മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദം', സ്വപ്നയുടേതെന്ന പേരിൽ ശബ്ദരേഖ പുറത്തുവിട്ട് ഓൺലൈൻ മാധ്യമം

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി നിർബന്ധിക്കുന്നതായുള്ള സ്വപ്ന സുരേഷിന്റെ പേരിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശം വിവാദമായിരുന്നു. ഒരു സ്വകാര്യ പോർട്ടലാണ് ശബ്ദ സന്ദേശം പുറത്തുവിട്ടത്. അതേസമയം സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റംസ് അന്വേഷണ സംഘം  അട്ടക്കുളങ്ങര ജയിലിലെത്തി. തുടർച്ചയായ രണ്ടാം ദിവസമാണ് കസ്റ്റംസ് ചോദ്യം ചെയ്യൽ. ഇന്നലെ നടന്ന ചോദ്യ ചോദ്യം ചെയ്യൽ ആറ് മണിക്കൂറോളം നീണ്ടു.