ആദ്യപടിയായി സ്വപ്ന സുരേഷിന്‍റെ ബാങ്ക് ലോക്കറിൽ കണ്ടെത്തിയതും സന്ദീപ് നായരുടെ അക്കൗണ്ടിൽ നിന്നും കണ്ടെത്തിയതുമുൾപ്പെടെ ഒരു കോടി എൺപത് ലക്ഷം രൂപ കണ്ടു കെട്ടി. 

ദില്ലി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എം ശിവശങ്കറിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഇന്ന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. ഇന്നലെ ശിവശങ്കരന്‍റെ സ്വത്തുക്കൾ കണ്ടുക്കെട്ടാൻ ഇഡി ഉത്തരവിട്ടിരുന്നു. ആദ്യപടിയായി സ്വപ്ന സുരേഷിന്‍റെ ബാങ്ക് ലോക്കറിൽ കണ്ടെത്തിയതും സന്ദീപ് നായരുടെ അക്കൗണ്ടിൽ നിന്നും കണ്ടെത്തിയതുമുൾപ്പെടെ ഒരു കോടി എൺപത് ലക്ഷം രൂപ കണ്ടു കെട്ടി.

 ഈ പണം ലൈഫ് മിഷൻ പദ്ധതിക്ക് വേണ്ടി എം ശിവശങ്കറിന് കൈക്കൂലിയായി നൽകിയെന്നാണ് എൻഫോഴ്സ്മെന്‍റിന്‍റെ കണ്ടെത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പണം കണ്ട് കെട്ടിയത്. ശിവശങ്കറിന്‍റെ മറ്റ് സ്വത്തുക്കൾ കണ്ട് കെട്ടാനുള്ള നടപടികൾ ആരംഭിക്കുന്നതായി ഇഡി കോടതിയിൽ അറിയിക്കും. എൻഫോഴ്സ്മെന്‍റ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ശിവശങ്കർ ഇപ്പോഴും റിമാൻഡിലാണ്.