Asianet News MalayalamAsianet News Malayalam

സ്വർണക്കടത്തില്‍ ഇഡിയുടെ നിര്‍ണായക നീക്കം; 'കേരളത്തില്‍ നീതി ഉറപ്പാക്കാനാവില്ല, കേസ് ബംഗളൂരുവിലേക്ക് മാറ്റണം'

സ്വർണക്കടത്തിലെ കളളപ്പണക്കേസ്  എറണാകുളത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ബംഗളൂരു പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റണമെന്നാണ് ഹർജയിലുളളത്. 

ed gave  petition in supreme court seeking transfer of gold smuggling cases to bengaluru
Author
Cochin, First Published Jul 20, 2022, 11:09 AM IST

കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വർണക്കടത്ത് കേസിൽ നിർണായക നീക്കവുമായി ഇഡി. കേസുകൾ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജി നൽകി.കേസ് അട്ടിമറിക്കാൻ സാധ്യത ഉണ്ടെന്നാണ് ഹർജിയിലെ ആരോപണം.

സ്വർണക്കടത്തിലെ കളളപ്പണക്കേസ്  എറണാകുളത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ബംഗളൂരു പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റണമെന്നാണ് ഹർജയിലുളളത്. 

ഹർജി ഇന്ന് നമ്പറിട്ട് കിട്ടിയേക്കുമെന്ന് ഇ ഡി വൃത്തങ്ങൾ പറഞ്ഞു. കേരളത്തിൽ നീതിപൂ‍ർവമായ വിചാരണ ഉറപ്പാക്കാനാകില്ല. കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഇഡി ഹര്‍ജിയില്‍ പറയുന്നു. കേന്ദ്ര സർക്കാർ തലത്തിലെ തീരുമാനമാണ് ഇതെന്ന് ഇ ‍ഡി വൃത്തങ്ങൾ അറിയിച്ചു. സ്വർണക്കളളക്കടത്തിലെ കള്ളപ്പണ ഇടപാടിൽ വിചാരണാ നടപടികൾ  എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങാനിരിക്കെയാണ് ഈ നീക്കം.

അതേസമയം, മുഖ്യമന്ത്രിയ്ക്കും സർക്കാരിനുമെതിരായ  വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സംസ്ഥാന സർക്കാർ തനിക്കെതിരെ രജിസ്റ്റർ ചെയ്ത ഗൂഢാലോചനാക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്നാ സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജി റദ്ദാക്കാനാകില്ലെന്നും സ്വപ്നയുടെ പരാമർശം സംസ്ഥാനത്ത് വലിയ ക്രമസമാധാന പ്രശ്നമുണ്ടാക്കിയെന്നും സർക്കാർ ഇന്ന് അറിയിക്കും. എന്നാൽ തന്നെ മനപൂർവം കളളക്കേസിൽ കുടുക്കിയെന്നാണ് സ്വപ്നയുടെ നിലപാട്.

Read Also: 'ഡ്രൈവറെ കള്ളക്കേസിൽ കുടുക്കുന്നു, എല്ലാം എനിക്കെതിരെ മൊഴികൊടുക്കാത്തതിന്'; പുതിയ ആരോപണവുമായി സ്വപ്ന

അതേസമയം, സ്വർണക്കടത്തുകേസിലെ സിബിഐ അന്വേഷണത്തെക്കുറിച്ചുള്ള  ലോക്സഭയിലെ ചോദ്യത്തിന് ഇന്നലെ കേന്ദ്ര സർക്കാർ വ്യക്തമായ മറുപടി പറഞ്ഞില്ല. എന്‍ഐഎയും ഇഡിയും നടത്തുന്ന അന്വേഷണം തുടരുകയാണെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഭീകര പ്രവർത്തനത്തിനുള്ള സാമ്പത്തിക സഹായത്തിനായിരിക്കാം സ്വർണക്കടത്തെന്നാണ് പ്രാഥമിക അനുമാനം. എംപിമാരായ ആന്റോ ആന്റണി, അടൂർ പ്രകാശ് എന്നിവരുടെ ചോദ്യത്തിനാണ് ഈ മറുപടി പറഞ്ഞത്. 

കേരളത്തിലെ സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ അന്വേഷണം തുടരുകയാണെന്ന് കേന്ദ്രം ലോക്സഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം തുടരുന്നതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ രേഖാമൂലം അറിയിച്ചു. സ്വപ്ന സുരേഷിൻറെ മൊഴിയെക്കുറിച്ചുള്ള വാർത്ത മാധ്യമങ്ങൾ വഴി അറിഞ്ഞെന്നും ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ കിട്ടിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. സ്വപ്ന സുരേഷിന്‍റെ മൊഴിയിലാണോ അന്വേഷണം എന്ന് കേന്ദ്രം വിശദീകരിക്കുന്നില്ല.  കേസിലെ പ്രതിയായ എം ശിവശങ്കറിനെ സർവ്വീസിൽ തിരിച്ചെടുക്കാൻ അന്വേഷണ ഏജൻസികൾ അനുമതി നല്കിയിട്ടില്ലെന്നും അടുർ പ്രകാശ്, എൻകെ പ്രേമചന്ദ്രൻ എന്നിവരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു. 

Read Also: ശബരിയുടെ ജാമ്യം സര്‍ക്കാരിനു തിരിച്ചടി, സര്‍ക്കാരിന്‍റെ ആയുധമായി മാറിയ പൊലീസിന് കനത്ത നാണക്കട്: ഉമ്മൻ ചാണ്ടി

Follow Us:
Download App:
  • android
  • ios